ബെംഗളൂരു : വോട്ട് കവർച്ചയ്ക്കെതിരായി കോൺഗ്രസ് നടത്തുന്ന പ്രചാരണത്തിന്റെ ഭാഗമായി കർണാടകത്തിൽനിന്ന് 1,12,41,000 പേരുടെ ഒപ്പുകൾ സമാഹരിച്ചു. ബൂത്തുതലത്തിൽ ശേഖരിച്ച ഒപ്പുകൾ ബെംഗളൂരുവിലെ കെപിസിസി ആസ്ഥാനത്തെത്തിച്ചു. ഇത്രയും ഒപ്പുകളും പരാതികളും തിങ്കളാഴ്ച ഡൽഹിയിൽ എഐസിസി ഓഫീസിലെത്തിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രിയും കെപിസിസി അധ്യക്ഷനുമായ ഡി.കെ. ശിവകുമാർ എന്നിവർ സംയുക്തമായി നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞു.

ഒപ്പുശേഖരണത്തിനു നേതൃത്വംനൽകിയ ഡിസിസി പ്രസിഡന്റുമാരും ഡൽഹിയിലെത്തും. വോട്ടുതട്ടിപ്പിനെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുകയാണ് പരിപാടിയുടെ ലക്ഷ്യമെന്നും അവർ പറഞ്ഞു.സംസ്ഥാനത്തെ 40 സംഘടനാജില്ലകളിലും ഒപ്പുശേഖരണം നടന്നു. പ്രചാരണവുംഒപ്പുശേഖരണവും ഇനിയും തുടരും. ശേഖരിച്ച ഒപ്പുകൾ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷനു സമർപ്പിക്കും. കർണാടകത്തിലെ മഹാദേവപുര മണ്ഡലത്തിലും അലന്ദ് മണ്ഡലത്തിലും വ്യാപകമായ വോട്ടുകവർച്ച നടന്നതായി ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി ആരോപിച്ചതിനു പിന്നാലെ തുടങ്ങിയ പ്രചാരണത്തിന്റെ ഭാഗമായാണ് കോൺഗ്രസ് രാജ്യവ്യാപകമായി ഒപ്പുശേഖരണം തുടങ്ങിയത്.