ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് വാദ്ധാനങ്ങള്‍ നടപ്പിലാക്കുന്നല്ലെന്ന ബി.ആര്‍.എസ് നേതാവും തെലങ്കാന മുഖ്യമന്ത്രിയുമായ കെ.സി.ആറിന്‍റെ ആരോപണങ്ങള്‍ നിഷേധിച്ച് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ.
വാഗ്ദാനങ്ങള്‍ നടപ്പാക്കുന്നത് പരിശോധിക്കാൻ കര്‍ണാടക സന്ദര്‍ശിക്കാൻ സിദ്ധരാമയ്യ കെ.സി.ആറിനോട് ആവശ്യപ്പെട്ടു. വാര്‍ത്ത സമേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“മുഖ്യമന്ത്രി കെ.സി.ആറും അദ്ദേഹത്തിന്‍റെ മകൻ കെ.ടി.ആറും ചില ബി.ജെ.പി നേതാക്കളും കര്‍ണാടകയില്‍ കോണ്‍ഗ്രസ് നല്‍കിയ അഞ്ച് ഉറപ്പുകള്‍ നടപ്പാക്കുന്നില്ലെന്ന് പറയുന്നതായി കണ്ടു. അത് ശരിയല്ല. ഞങ്ങള്‍ കര്‍ണാടകയില്‍ അധികാരത്തില്‍ വരുന്നത് മേയിലാണ്. അന്ന് തന്നെ അഞ്ച് ഉറപ്പുകളും നടപ്പാക്കാനുള്ള തീരുമാനം എടുത്തു. എല്ലാ ഉറപ്പുകളും നടപ്പാക്കി”- സിദ്ധരാമയ്യ പറഞ്ഞു.
38,000 കോടി രൂപ ബജറ്റില്‍ കര്‍ണാടകയില്‍ അഞ്ച് വാഗ്ദാനങ്ങളില്‍ നാലെണ്ണം നടപ്പാക്കിയെന്നും അഞ്ചാമത്തെ ഗ്യാരണ്ടി നടപ്പാക്കുമെന്നും തെളിവുകള്‍ നല്‍കാൻ തയാറാണെന്നും അദ്ദേഹം പറഞ്ഞു. അന്ന ഭാഗ്യ പദ്ധതിയുമായി ബന്ധപ്പെട്ട് ഫുഡ് കോര്‍പ്പറേഷൻ ഓഫ് ഇന്ത്യയുടെ നിസഹകരണത്തെത്തുടര്‍ന്ന് സര്‍ക്കാര്‍ അഞ്ച് കിലോ അരിക്ക് തുല്യമായ തുക കൈമാറുന്നുണ്ടെന്നും സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ജൂണില്‍ തന്നെ നടപ്പാക്കിയെന്നും അദ്ദേഹം വ്യക്തമാക്കി.
ഹൈദരാബാദില്‍ കര്‍ണാടക കര്‍ഷകര്‍ പ്രതിഷേധിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് അവര്‍ കര്‍ണാടക കര്‍ഷകരല്ലെന്നായിരുന്നു സിദ്ധരാമയ്യയുടെ മറുപടി. കര്‍ണാടക കര്‍ഷകരാണെങ്കില്‍ ഹൈദരാബാദിലല്ല കര്‍ണാടകയിലാണ് പ്രതിഷേധിക്കേണ്ടിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ ഉറപ്പുകളും നടപ്പാക്കുന്നത് സംസ്ഥാനങ്ങളെ പാപ്പരാക്കുമെന്ന് മോദി അവകാശപ്പെട്ടിരുന്നുവെന്നും എന്നാല്‍ കര്‍ണാടക സാമ്ബത്തികമായി ഭദ്രമാണെന്നും സിദ്ധരാമയ്യ പറഞ്ഞു. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ തെലങ്കാനയിലും നല്‍കിയ ആറ് ഉറപ്പുകളും ഒരു സംശയവുമില്ലാതെ നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.