കർണാടക ബല്ലാരിയിലെ സർക്കാർ ആശുപത്രിയില്‍ റോഡപകടത്തില്‍ പരിക്കേറ്റയാളുടെ മുറിവുകള്‍ മൊബൈല്‍ ഫോണ്‍ വെളിച്ചത്തില്‍ തുന്നിച്ചേർക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി.ഫെബ്രുവരി പതിമൂന്നിനാണ് സംഭവം. അപകടത്തില്‍ പരിക്കേറ്റയാളെ ആശുപത്രിയുടെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഡോക്ടർമാർ ചികിത്സ നല്‍കിക്കൊണ്ടിരിക്കേ വൈദ്യുതി നിലച്ച് വാർഡ് മൊത്തം ഇരുട്ടിലായി. വാർഡില്‍ വൈദ്യുതി ലഭിക്കാൻ മതിയായ ഇൻവെർട്ടർ സംവിധാനങ്ങള്‍ ഇല്ലാതിരുന്ന ആശുപത്രിയില്‍ മൊബൈല്‍ ഫോണിന്റെ ലൈറ്റ് ഓണാക്കി ഡോക്ടർമാർ മുറിവ് തുന്നിക്കൂട്ടി ചികിത്സ തുടരുകയായിരുന്നു.
പതിനഞ്ചുമിനിറ്റോളം ഇരുട്ടിലായതോടെ ആശുപത്രി പ്രവർത്തനങ്ങള്‍ അവതാളത്തിലാവുകയായിരുന്നു. വൈകുന്നേരം മുതല്‍ ആശുപത്രിയിലേക്കുള്ള വൈദ്യുതി വിതരണം സാധാരണ ഗതിയിലായിരുന്നില്ല എന്ന് മെഡിക്കല്‍ സൂപ്രണ്ട് ശിവ നായക് പിന്നീട് അറിയിച്ചു. ആശുപത്രിയിലെ പവർ റീസ്റ്റോറിങ് സിസ്റ്റം കാര്യക്ഷമമായിരുന്നില്ലെന്നും അഞ്ചുമിനിറ്റിനുള്ളില്‍ പ്രശ്നം പരിഹരിച്ചുവെന്നും ആ സമയത്തിനിടയില്‍ പകർത്തിയ വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നതെന്നും ശിവ നായക് പ്രതികരിച്ചു.