ഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം കപില്‍ ദേവിനെ തട്ടിക്കൊണ്ടുപോകുന്ന വിഡിയോ പുറത്തുവന്നതിന് പിന്നാലെ ആരാധകരുടെ ആശങ്കക്കും ചോദ്യങ്ങള്‍ക്കും ഉത്തരവുമായി പുതിയ വിഡിയോ പുറത്ത്.
കഴിഞ്ഞ ദിവസമാണ് കപില്‍ ദേവിന്‍റെ കൈകള്‍ പിന്നില്‍ കെട്ടിയും വായ തുണികൊണ്ട് കെട്ടിയും രണ്ടുപേര്‍ ചേര്‍ന്ന് മുൻ ഇന്ത്യൻ നായകനെ നടത്തിക്കൊണ്ടുപോകുന്ന വിഡിയോ പുറത്തുവന്നത്. മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീര്‍ അടക്കം ഈ വിഡിയോ പങ്കുവെച്ചിരുന്നു. ഇതിന് പിന്നിലെ യാഥാര്‍ഥ്യം എന്താണെന്ന് ചോദിച്ചായിരുന്നു ഗംഭീര്‍ വിഡിയോ സമൂഹ മാധ്യമമായ എക്സില്‍ പങ്കുവെച്ചത്. ഇത് യഥാര്‍ഥ കപില്‍ദേവ് അല്ലെന്ന് പ്രതീക്ഷിക്കുന്നെന്നും അദ്ദേഹം സുഖമായി ഇരിക്കുന്നെന്നാണ് കരുതുന്നതെന്നും ഗംഭീര്‍ വിഡിയോ പങ്കുവെച്ചുകൊണ്ട് കുറിച്ചു.
കപിലിനെ ഒരു ഗോഡൗണ്‍ പോലെയുള്ള സ്ഥലത്തേക്കാണ് നടത്തിക്കൊണ്ടുപോകുന്നത്. 10 സെക്കന്‍ഡുള്ള വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. നടക്കുന്നതിനിടെ കപില്‍ നിസ്സഹായനായി തിരിഞ്ഞുനോക്കുന്നുമുണ്ട്. വിഡിയോ പുറത്തുവന്നതോടെ ആരാധകര്‍ യാഥാര്‍ഥ്യമറിയാനുള്ള ചോദ്യങ്ങളുമായെത്തി. പരസ്യ ചിത്രീകരണത്തിന്‍റെ ഭാഗമാണോ യഥാര്‍ഥമാണോ എന്ന് പലരും കമന്‍റിലൂടെ ചോദിച്ചു.
യാഥാര്‍ഥ്യം വ്യക്തമാക്കുന്ന മറ്റൊരു വിഡിയോ പുറത്തുവന്നിരിക്കുകയാണിപ്പോള്‍. കപിലിനെ ഒരു പഴയ വീട്ടില്‍ കെട്ടിയിടുകയും ചുറ്റും ഒരു സംഘം ആളുകള്‍ നിലയുറപ്പിക്കുകയും ചെയ്ത വിഡിയോയില്‍ പൊലീസ് വന്ന് മുന്നറിയിപ്പ് നല്‍കുന്നുമുണ്ട്. ലോകകപ്പ് ക്രിക്കറ്റ് സംപ്രേഷണത്തിന്റെ പ്രചാരണാര്‍ഥം ഡിസ്നി ഹോട്ട് സ്റ്റാറിന് വേണ്ടിയുള്ള പരസ്യ ചിത്രീകരണമായിരുന്നു ഇത്. പുതിയ വിഡിയോയും പങ്കുവെച്ച ഗൗതം ഗംഭീര്‍ സമൂഹ മാധ്യമത്തില്‍ ഇങ്ങനെ കുറിച്ചു, ‘പാജി നന്നായി കളിച്ചു! അഭിനയത്തിന്റെ ലോകകപ്പും നിങ്ങള്‍ നേടും! ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ മൊബൈല്‍ ആപ്പ് വഴി ഐ.സി.സി പുരുഷ ക്രിക്കറ്റ് ലോകകപ്പ് സൗജന്യമായി കാണാമെന്ന് എപ്പോഴും ഓര്‍ക്കുക’ എന്ന കുറിപ്പോടെ കപിലിനെ ടാഗ് ചെയ്താണ് ഗംഭീര്‍ പുതിയ വിഡിയോ പങ്കുവെച്ചത്.