തന്റെ കാറില്‍ വന്നിടിച്ച ബസിന് മുന്നില്‍ നിന്ന് പ്രതിഷേധിച്ച യുവതിക്ക് ഇടിച്ചിട്ട് ബസുമായി പോകാന്‍ ശ്രമിക്കുന്ന ഡ്രൈവറുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍.മെയ് 23 -ാം തിയതി ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയം സിഗ്നലിലായിരുന്നു സംഭവം നടന്നത്. ബിഎംടിസി ബസ് ഡ്രൈവറുടെ അപകടകരമായ ഡ്രൈവിംഗിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്.സംഭവ സമയത്ത് അവിടെ ഉണ്ടായിരുന്ന ഒരു കാറിന്‍റെ ഡാഷ്കാം വീഡിയോയാണ് വൈറലായത്.
സംഭവം നടന്ന് ഒരാഴ്ച കഴിഞ്ഞ ശേഷമാണ് വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടത്. വീഡിയോയില്‍ സിഗ്നലില്‍ സീബ്രാ ലൈനിന് മുകളില്‍ നില്‍ക്കുന്ന ഒരു ബസിന് മുന്നില്‍ നില്‍ക്കുന്ന വെള്ള ഷർട്ടും നീല ജീന്‍സ് പാന്‍റും ധരിച്ച ഒരു യുവതിയെ കാണാം. പെട്ടെന്ന് ബസ് അപകടകരമായ രീതിയില്‍ മുന്നോട്ട് എടുക്കുന്നു. യുവതി ഒന്ന് രണ്ട് ചുവട് പിന്നോട്ട് വച്ചെങ്കിലും ബസ് പെട്ടെന്ന് വേഗത കൂട്ടുന്നതും യുവതിയുടെ കൈയിലിരുന്ന വാട്ടര്‍ ബോട്ടില്‍ താഴെ പോകുന്നതും കാണാം.
സെക്കന്‍റുകള്‍ക്കുള്ളില്‍ ബസ് യുവതിയെ കടന്ന് മുന്നോട്ട് നീങ്ങുന്നു. യുവതി കാല് തെറ്റി ബസിന് മുന്നിലേക്ക് വീഴുകയായിരുന്നെങ്കില്‍ വലിയൊരു അത്യാഹിതം തന്നെ സംഭവിക്കുമായിരുന്നു. മ്യൂസിയം റോഡില്‍ നിന്നും എം ജി റോഡിലേക്ക് പോവുകയായിരുന്ന ബസിന് മുന്നിലാണ് സംഭവം നടന്നത്. സംഭവത്തില്‍ യുവതിക്ക് സാരമല്ലാത്ത പരിക്കേറ്റതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. വിഡിയോ വൈറലായതിന് പിന്നാലെ ബസ് ഡ്രൈവറെ ബിഎംടിസി സസ്പെന്‍റ് ചെയ്തു.
വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ ബിഎംടിസി ബസ് ഡ്രൈവർക്കെതിരെ നടപടിയെടുക്കണമെന്ന് നിരവധി പേര്‍ ആവശ്യപ്പെട്ടു. മറ്റ് ചിലര്‍ ഭാഷാ പ്രശ്നങ്ങളാണോ വിഷയം വഷളാക്കിയതെന്ന സംശയം ഉന്നയിച്ചു. ബിഎംടിസി ബസ് ഡ്രൈവര്‍മാര്‍ വളരെ മോശമായ രീതിയിലാണ് ബസ് ഡ്രൈവ് ചെയ്യുന്നതെന്നും അവരെ നിയമം തോടില്ലെന്ന് അവര്‍ക്ക് അറിയാമെന്നും എഴുതി. ലോകത്തോട് ഒരു കരുതലുമില്ലാതെയാണ് ബിഎംടിസി ബസ് ഡ്രൈവര്‍മാരുടെ ഡ്രൈവിംഗ് എന്ന് മറ്റൊരു കാഴ്ചക്കാരനെഴുതി.