നമ്മള്‍ എവിടേക്കെങ്കിലും പോകുന്നതിനായി ഒരു ടാക്സി വിളിച്ചു. എന്നാല്‍, ഡ്രൈവർ ഉറങ്ങിപ്പോയാലോ? അങ്ങനെ ഒരു അപൂർവമായ അനുഭവം പങ്കുവയ്ക്കുകയാണ് ബെംഗളൂരുവില്‍ നിന്നുള്ള ഒരു യുവാവ്.ഐഐഎം ബിരുദധാരിയും ക്യാമ്ബ് ഡയറീസ് ബെംഗളൂരുവിൻ്റെ സ്ഥാപകനുമായ മിലിന്ദ് ചന്ദ്വാനിയാണ് തന്റെ അനുഭവം ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ചത്.മിലിന്ദ് പറയുന്നത്, താൻ പുലർച്ചെ എയർപോർട്ടില്‍ നിന്നും ഒരു ടാക്സി വിളിച്ചു എന്നാണ്. എന്നാല്‍, മിലിന്ദിന്റെ ടാക്സി ഡ്രൈവർക്ക് നല്ല ഉറക്കം വരുന്നുണ്ടായിരുന്നു. ഉറക്കത്തെ തടയുന്നതിനായി വഴിയില്‍ നിർത്തി ചായ കുടിക്കുകയും സിഗരറ്റ് വലിക്കുകയും ഒക്കെ ചെയ്തു. എന്നാല്‍, ഒരു രക്ഷയുമില്ലായിരുന്നത്രെ.
ഒടുവില്‍ മിലിന്ദ് ഡ്രൈവറോട് ഒരു ചോദ്യം ചോദിച്ചു. ഇനി വാഹനം താൻ ഓടിച്ചാലോ? ഡ്രൈവർ അപ്പോള്‍ തന്നെ അത് സമ്മതിച്ചു. അങ്ങനെ ഡ്രൈവർ പാസഞ്ചർ സീറ്റിലിരുന്ന് ഉറങ്ങുകയും മിലിന്ദ് വാഹനമോടിക്കുകയും ആയിരുന്നത്രെ. ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെയാണ് താൻ യാത്ര ചെയ്തത്. എത്താറായപ്പോള്‍ ഡ്രൈവറുടെ ബോസ് വിളിക്കുകയും ഡ്രൈവർ അയാളോട് തനിക്ക് ഇനി രാത്രി ഷിഫ്റ്റ് കയറാൻ വയ്യെന്നും പകലുള്ള ഷിഫ്റ്റ് തരുമോ എന്ന് ചോദിച്ചതും താൻ കേട്ടു എന്നും മിലിന്ദ് പറയുന്നു. ’ജീവിതം അപ്രതീക്ഷിതമായ വഴിത്തിരിവുകള്‍ നിറഞ്ഞതാണ്. അതില്‍, ദയയുള്ളവരായിരിക്കുക, സഹാനുഭൂതി കാണിക്കുന്നവരാകുക, ഡ്രൈവിംഗിലുള്ള നിങ്ങളുടെ കഴിവ് വർധിപ്പിക്കുക, അവ എപ്പോഴാണ് ഉപകാരപ്പെടുക എന്ന് പറയാൻ സാധിക്കില്ല’ എന്നും മിലിന്ദ് കുറിച്ചിട്ടുണ്ട്.
വളരെ പെട്ടെന്ന് തന്നെ മിലിന്ദിന്റെ പോസ്റ്റ് ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റി. ഒരുപാടുപേരാണ് പോസ്റ്റിന് കമന്റുകളുമായി എത്തിയത്. ചിലരൊക്കെ തങ്ങള്‍ക്കുണ്ടായ സമാനമായ അനുഭവം പങ്കുവച്ചു. അതില്‍ രസകരമായ അനുഭവങ്ങളും ഉണ്ട്. ഒരു യുവതി കുറിച്ചത്, തന്‍റെ ടാക്സി ഡ്രൈവർക്ക് ഉറക്കം വരുന്നുണ്ടായിരുന്നു. എന്നാല്‍, വാഹനം താനോടിക്കട്ടെ എന്ന് ചോദിച്ചപ്പോള്‍ അയാള്‍ സമ്മതിച്ചില്ല എന്നും പിന്നീടങ്ങോട്ട് അയാള്‍ക്ക് ഉറക്കവും വന്നില്ല എന്നുമാണ്.മറ്റൊരാള്‍ കുറിച്ചത്, ഇതുപോലെ ഡ്രൈവറോട് താൻ കാറോടിക്കട്ടെ എന്ന് ചോദിച്ചു. താൻ കാറോടിക്കുന്ന സമയത്തെല്ലാം ഡ്രൈവർ ഫോണില്‍ അയാളുടെ കാമുകിയെ വിളിച്ചു സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു എന്നാണ്.