സോഷ്യല്‍ മീഡിയ വളരെ സജീവമായ ഇന്നത്തെ കാലത്ത് കാര്‍ വാങ്ങിയാല്‍ മാത്രം പോര അത് നാലാള്‍ അറിയുകയും വേണം എന്ന ചിന്താഗതിയാണ് ഒട്ടുമിക്ക പേര്‍ക്കും.അതിനാല്‍ പുതിയ കാറുകളുടെ ഡെലിവറി പരമാവധി കളറാക്കാന്‍ എല്ലാവരും ശ്രമിക്കാറുണ്ട്. ഏതാനും മാസങ്ങള്‍ക്ക് മുമ്ബ് മലപ്പുറം സ്വദേശിയായ പോളണ്ട് മൂസ തന്റെ ബെന്റ്‌ലി ബെന്റെയ്ഗ ഡെലിവറിയെടുക്കാന്‍ ഹെലികോപ്റ്ററില്‍ വന്നിറങ്ങിയ വീഡിയോ പാന്‍ ഇന്ത്യ ലെവലില്‍ വൈറലായിരുന്നു. വില കൂടിയ വാഹനങ്ങള്‍ വാങ്ങാന്‍ വലിയ വാഹനങ്ങളില്‍ വരുന്നത് പോലെ തന്നെ എളിമ പ്രകടമാക്കാന്‍ ചെറിയ വണ്ടികളില്‍ വരുന്നവരുമുണ്ട്.
മുമ്ബ് ഓട്ടോറിക്ഷയിലും ബൈക്കുകളിലും ട്രാക്ടറുകളിലും വരെ ആളുകള്‍ എത്തിയിരുന്നു.ഇപ്പോള്‍ കോടികള്‍ വിലയുള്ള ടൊയോട്ടയുടെ ആഡംബര എംപിവി വാങ്ങാനായി കാളവണ്ടിയില്‍ ഷോറൂമിലെത്തിയ ഒരു യുവ കര്‍ഷകനാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. കര്‍ഷകന്‍ എന്ന് പറയുമ്ബോള്‍ എസ്‌എസ്‌ആര്‍ സഞ്ജുവെന്ന കര്‍ണാടകക്കാരന്‍ സാധാരണക്കാരനാണെന്ന് തെറ്റിദ്ധരിക്കരുത്. ഏകദേശം 1.19 കോടി രൂപ വില വരുന്ന ടൊയോട്ട വെല്‍ഫെയര്‍ ആഡംബര എംപിവി ഡെലിവറിയെടുക്കാന്‍ എസ്‌എസ്‌ആര്‍ മഞ്ജു കാളവണ്ടി തെളിച്ച് വരുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
എസ്‌എസ്‌ആര്‍ സഞ്ജു സ്വന്തം പേരിലുള്ള യൂട്യൂബ് ചാനലിലാണ് ടൊയോട്ട വെല്‍ഫെയറിന്റെ ഈ വ്യത്യസ്തമായ ഡെലിവറി വീഡിയോ പങ്കുവെച്ചത്. വീഡിയോ കണ്ടാല്‍ ബെംഗളൂരുവില്‍ നിന്നുള്ള കോടീശ്വരനായ കര്‍ഷകന്‍ തന്റെ പുതിയ വാഹനം എടുക്കാന്‍ പോകാനായി കാറുകള്‍ തയാറാക്കാന്‍ ഒരു ജീവനക്കാരനോട് പറയുന്നതാണ് തുടക്കം. മുതലാളി പറഞ്ഞത് അനുസരിച്ച് പോര്‍ഷ പനമേര, ഫോര്‍ഡ് മസ്താംഗ്, മസെരാട്ടി ലെവാന്റെ, ടൊയോട്ട ഇന്നോവ ഹൈക്രോസ്, ടൊയോട്ട ഫോര്‍ച്യൂണര്‍ എന്നിവ ഉള്‍പ്പെടുന്ന വാഹനവ്യൂഹം ഓഫീസിന്റെ മുന്നില്‍ നിരന്നുനിന്നു.
സഞ്ജു കയറിയെന്ന് കരുതിയാകണം സുരക്ഷാ ഉദ്യോഗസ്ഥരും മറ്റുള്ളവരും വാഹനങ്ങളില്‍ കയറി യാത്ര തുടങ്ങി. എന്നാല്‍ സഞ്ജു ഓഫീസില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ കാറുകള്‍ എല്ലാം അപ്രത്യക്ഷമായിരുന്നു. തുടര്‍ന്ന് മറ്റൊരു വാഹനം ഒപ്പിക്കാനായി ഒരു ജീവനക്കാരനെ ഏല്‍പ്പിച്ചെങ്കിലും കാറിന് പകരം ഒരു കാളവണ്ടിയാണ് അദ്ദേഹത്തിന് മുന്നില്‍ എത്തിയത്. കുര്‍ത്തയും ധോത്തിയും ഒപ്പം ശരീരത്തില്‍ നിറയെ സ്വര്‍ണാഭരണങ്ങള്‍ ധരിച്ച ആ മനുഷ്യന്‍ കാളവണ്ടിയില്‍ പോകാന്‍ ഒരു മടിയും കാണിച്ചില്ല.
കാളകളെ തെളിച്ച് തിരക്കേറിയ മെട്രോ നഗരത്തിലൂടെ കാളവണ്ടി തെളിച്ച് പോകുന്ന ദൃശ്യങ്ങള്‍ വീഡിയോയില്‍ ഉണ്ട്. ഇതിനിടെ മുതലാളി കയറാതെയാണ് തങ്ങള്‍ വണ്ടിയെടുത്തതെന്ന് ഡീലര്‍ഷിപ്പിലെത്തിയ സുരക്ഷാ സംഘം ശ്രദ്ധിച്ചു. എന്നാല്‍ ആഡംബര കാറില്‍ വരുന്നതിനേക്കാള്‍ ഗ്രാന്‍ഡ് എന്‍ട്രിയാണ് അദ്ദേഹത്തിന് കാള വണ്ടിയില്‍ വന്നപ്പോള്‍ കിട്ടിയത്. ഈ വ്യത്യസ്തമായ കാഴ്ച കണ്ട് ഞെട്ടിയ ഡീലര്‍ഷിപ്പിലുള്ള വര്‍ അദ്ദേഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും പകര്‍ത്താന്‍ മത്സരിച്ചു.
ശേഷം പേപ്പര്‍ വര്‍ക്കുകളും മതാചാരപ്രകാരമുള്ള ചടങ്ങുകളുമെല്ലാം കഴിഞ്ഞ ശേഷം സഞ്ജു വെള്ള നിറത്തിലുള്ള പുതിയ ടൊയോട്ട വെല്‍ഫെയറിന്റെ താക്കോല്‍ സ്വീകരിച്ചു. മുകളില്‍ സൂചിപ്പിച്ച ആഡംബര കാറുകള്‍ക്ക് പുറമെ എസ്‌എസ്‌ആര്‍ സഞ്ജുവിന് ഒരു ലംബോര്‍ഗിനി അവന്റഡോര്‍ കൂടിയുണ്ട്. സൂപ്പര്‍കാറിന് അടുത്തിടെ ഓടിക്കൊണ്ടിരിക്കുമ്ബോള്‍ തീ പിടിച്ചിരുന്നു. ഭാഗ്യത്തിന് ആര്‍ക്കും പരിക്കേറ്റില്ല. ടൊയോട്ട വെല്‍ഫെയറിനെ കുറിച്ച് പറയുമ്ബോള്‍ നിലവില്‍ ഇന്ത്യയില്‍ വില്‍പ്പനക്കെത്തുന്ന ഏറ്റവും വില കൂടിയ ആഡംബര എംപിവികളില്‍ ഒന്നാണ് ഇത്.