ബെംഗളൂരു: നഗരത്തിരക്കിലൂടെ ഓടുന്ന ഓട്ടോയുടെ മുന്നില്‍, പിതാവിന്റെ നെഞ്ചോട് ചേർന്ന് സുഖമായി ഉറങ്ങുന്ന ഒരു കൊച്ചുകുഞ്ഞിന്റെ ഹൃദയസ്പർശിയായി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു.വരുമാനം നേടാനുള്ള നെട്ടോട്ടത്തിനിടയിലും തന്റെ ജീവനും ലോകവുമായ കുഞ്ഞിനെ സംരക്ഷിക്കുന്ന പിതാവിന്റെ സ്നേഹമാണ് ഈ വീഡിയോ ലോകത്തിന് നല്‍കുന്നത്.റിതു എന്ന സോഷ്യല്‍ മീഡിയ ഉപയോക്താവാണ് ഈ ഹൃദയസ്പർശിയായ വീഡിയോ പങ്കുവെച്ചത്.
തിരക്കേറിയ നഗരത്തിലൂടെ ഓടുന്ന ഓട്ടോയുടെ ഡ്രൈവറുടെ തോളില്‍ ചേർന്ന് ഒരു കുഞ്ഞ് കിടന്നുറങ്ങുന്നതാണ് ദൃശ്യങ്ങളില്‍ കാണുന്നത്. ഈ വീഡിയോ അതിവേഗം വൈറലാവുകയും നിരവധിപേർക്ക് കാഴ്ചപ്പാടുകള്‍ നല്‍കുകയും ചെയ്തു.
‘കണ്ണുകള്‍ നിറഞ്ഞുപോയി’, ‘ഇതാണ് അച്ഛന്റെ സ്നേഹം’ എന്നിങ്ങനെയാണ് പലരും വീഡിയോക്ക് താഴെ അഭിപ്രായപ്പെട്ടത്.എന്നാല്‍, ഇത്തരം കാഴ്ചകള്‍ കുഞ്ഞിന്റെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകളും ഉയർത്തുന്നുണ്ട്. ‘ഇതൊരു അത്യാവശ്യ ഘട്ടത്തിലായിരിക്കാം കുഞ്ഞുമായി വന്നത്’, ‘ഇങ്ങനെയൊരു സാഹചര്യം ഉണ്ടാകാതിരിക്കട്ടെ’ എന്നിങ്ങനെയാണ് പലരും പ്രതികരിച്ചത്. നേരത്തെയും ബെംഗളൂരുവില്‍ നിന്നുള്ള ഓട്ടോ ഡ്രൈവർമാരുടെ ഹൃദ്യമായ വീഡിയോകള്‍ ശ്രദ്ധ നേടിയിട്ടുണ്ട്. നായയെ ഓട്ടോയില്‍ ഒപ്പംകൂട്ടി യാത്ര ചെയ്യുന്ന ഒരു ഡ്രൈവറുടെ വീഡിയോയും ഇതിനുമുമ്ബ് പ്രചരിച്ചിരുന്നു.