ചില ജോലികൾക്ക് ശമ്പളം കുറവാണെങ്കിലും ജോലി ചെയ്യുമ്പോൾ മനസ്സിനൊരു സന്തോഷം ലഭിക്കാറുണ്ട്. പലപ്പോഴും ശമ്പളം കൂടുന്നതിന് അനുസരിച്ച് ജോലിഭാരം കൂടുകയും സമ്മർദ്ദം വർധിക്കുകയുമെല്ലാം ചെയ്യുന്നു. അത്തരമൊരു അനുഭവം പങ്കുവെച്ച ബെംഗളൂരു സ്വദേശിയായ യുവതിയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.ഉയർന്ന ശമ്പളമുള്ള ദുബായിലെ ജോലിയെക്കാൾ കുറഞ്ഞ ശമ്പളത്തോടെയുള്ള തന്റെ ആദ്യ ജോലി തനിക്ക് കൂടുതൽ സന്തോഷം നൽകിയിരുന്നു എന്നാണ് സീമ പുരോഹിത് എന്ന യുവതി പറയുന്നത്.
ബെംഗളൂരുവിൽ ആദ്യമായി ജോലിയിൽ പ്രവേശിച്ച സമയത്ത് തന്റെ ശമ്പളം പ്രതിമാസം 18,000 രൂപയായിരുന്നു എന്ന് യുവതി പറയുന്നു. അന്ന് ലോകത്തിലെ ഏറ്റവും ധനികയായ സ്ത്രീയാണ് താനെന്നാണ് തനിക്ക് തോന്നിയിരുന്നത് എന്നും യുവതി കൂട്ടിച്ചേർത്തു.വീടുവാടക, ഷോപ്പിംഗ്, ഭക്ഷണം, വാരാന്ത്യമുള്ള ക്ലബ്ബിൽ പോകൽ തുടങ്ങിയവയെല്ലാം ഈ പരിമിതമായ ശമ്പളത്തിൽ കൃത്യമായി നടന്നിരുന്നു. അന്ന് താൻ ഒരുപാട് സന്തോഷവതിയായിരുന്നു. എന്നാൽ, ബെംഗളൂരുവിലെ ജീവിതവുമായി താരതമ്യം ചെയ്യുമ്പോൾ ദുബായിൽ തനിക്ക് ഇപ്പോൾ ഉയർന്ന ശമ്പളം ലഭിക്കുന്നുണ്ടെന്ന് യുവതി പറയുന്നു. എന്നാൽ, സംതൃപ്തി കുറവാണെന്നും, ഉയർന്ന ശമ്പളത്തിനായി ആദ്യത്തെ ജോലി വിട്ട് ദുബായിലേക്ക് വന്നതെന്തിനെന്ന് സ്വയം ചിന്തിക്കാറുണ്ടെന്നും യുവതി കൂട്ടിച്ചേർത്തു.
പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കകം തന്നെ വീഡിയോ ശ്രദ്ധ നേടി. യുവതിയുടെ അഭിപ്രായത്തോട് യോജിച്ചും വിയോജിച്ചും നിരവധി പേർ രംഗത്തെത്തിയിരുന്നു. എന്നാൽ, നിലവിൽ വീഡിയോയുടെ കമന്റുകൾ ഓഫ് ചെയ്ത നിലയിലാണ് ഉള്ളത്. എങ്കിലും വീഡിയോയുടെ കാഴ്ചക്കാരുടെ എണ്ണം ദിനംപ്രതി വർധിക്കുന്നുണ്ട്.