ബംഗളൂരു: ദേശീയപാതയില്‍ സ്വകാര്യ ആംബുലൻസിനെ പിന്തുടർന്ന് ഡ്രൈവറെ മർദിച്ച സംഭവത്തില്‍ മൂന്നുപേർ അറസ്റ്റില്‍.
യെലച്ചനഹള്ളി സ്വദേശികളായ യുവരാജ് സിങ്, മഞ്ജുനാഥ്, ലതീഷ് എന്നിവരാണ് അറസ്റ്റിലായത്. ഞായറാഴ്ച നെലമംഗല ടോള്‍ പ്ലാസയിലാണ് സംഭവം. അടിയന്തര ചികിത്സക്കായി കുഞ്ഞുമായി ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലൻസിന് നേരെയാണ് യുവാക്കളുടെ പരാക്രമം. പ്രതികള്‍ മദ്യപിച്ചിരുന്നതായും കാറില്‍ അഞ്ചു കിലോമീറ്ററോളം ആംബുലൻസിനെ പിന്തുടർന്നാണ് സംഘം ടോള്‍ പ്ലാസയില്‍വെച്ച് വാഹനം തടഞ്ഞ് തന്നെ കൈയേറ്റം ചെയ്തതെന്നും ആംബുലൻസ് ഡ്രൈവർ ജോണ്‍ പറഞ്ഞു. വേഗത്തില്‍ ആംബുലൻസ് ഓടിച്ചെന്ന് പറഞ്ഞായിരുന്നു മർദനം.
തുമകൂരുവിലെ സ്വകാര്യ ആശുപത്രിയില്‍നിന്ന് അഞ്ചു മാസം പ്രായമായ കുഞ്ഞിനെ വിദഗ്ധ ചികിത്സക്കായി ഓക്സിജൻ സപ്പോർട്ടോടെ ബംഗളൂരുവിലെ വാണിവിലാസ് ആശുപത്രിയിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് സംഭവം. കുഞ്ഞിന്റെ നില ഗുരുതരമാണെന്നും തങ്ങളെ വിടണമെന്നും ആംബുലൻസിലുണ്ടായിരുന്ന കുഞ്ഞിന്റെ മാതാപിതാക്കള്‍ അഭ്യർഥിച്ചെങ്കിലും അക്രമികള്‍ ചെവിക്കൊണ്ടില്ല. വാഹനത്തിന്റെ താക്കോല്‍ ഊരിയെടുക്കാനും ശ്രമം നടന്നു. ഒടുവില്‍ പൊലീസ് എത്തിയാണ് ആംബുലൻസിനെ കടത്തിവിട്ടത്. ആംബുലൻസിനുനേരെയുണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ച് ആംബുലൻസ് ഡ്രൈവർമാർ നെലമംഗല റൂറല്‍ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. അക്രമികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.