ആലപ്പുഴ: ഓടുന്ന ട്രെയിനില്‍ യാത്രക്കാര്‍ക്ക് നേരെ പെട്രോളൊഴിച്ച് തീ കൊളുത്തി. ആലപ്പുഴ കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനിലാണ് സംഭവം. തീകൊളുത്തിയത് കോഴിക്കോട് എലത്തൂര്‍ പാലത്തില്‍ വെച്ചാണ്. D1 കമ്പാർട്ട്മെന്റിലാണ് തീ പടർന്നത്. സംഭവത്തില്‍ എട്ട് പേര്‍ക്ക് പൊള്ളലേറ്റു. 5 പേരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നുപേർ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
പൊള്ളലേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. പെട്രോളൊഴിച്ചാണ് തീ കൊളുത്തിയത്. സ്ത്രീകൾക്കാണ് ഗുരുതരമായ പരിക്ക്. അക്രമിയെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടില്ലെന്ന് പ്രാഥമിക വിവരം. അക്രമി ആരെന്ന് വ്യക്തമല്ല എന്ന് സിറ്റി പോലീസ് കമ്മീഷണർ. ഇയാൾക്കായി തെരച്ചിൽ തുടങ്ങി. ട്രെയിൻ കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ പിടിച്ചിട്ടിരിക്കുകയാണ്.
അക്രമി ചുവന്ന ഷര്‍ട്ട് ധരിച്ച ആളാണെന്നാണ് മറ്റ് യാത്രക്കാര്‍ പറയുന്നത്. 5 പേര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. റൂബി, അനിൽകുമാർ, അദ്വൈത്, സജിഷ, അശ്വതി എന്നിവരാണ് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ളവർ. ട്രെയിനിന് തീ പിടിച്ചു എന്നാണ് യാത്രക്കാര്‍ ആദ്യം കരുതിയത്. പിന്നീട് ചങ്ങല വലിച്ച് നിര്‍ത്തുകയായിരുന്നു. കോഴിക്കോട് നിന്ന് 10 കിലോമീറ്റര്‍ ദൂരം ട്രെയിന്‍ പുറപ്പെട്ട് എത്തിയതിന് ശേഷമാണ് അക്രമം നടന്നത്.
അജ്ഞാതന്‍റെ അക്രമം ഉണ്ടായ ട്രെയിനില്‍ നിന്ന് യുവതിയേയും കുഞ്ഞിനേയും കാണാതായതായി പരാതി
കണ്ണൂര്‍: ഓടുന്ന ട്രെയിനില്‍ അജ്ഞാതനായ അക്രമി യാത്രക്കാര്‍ക്ക് നേരെ ഇന്ധനമൊഴിച്ച് തീ കൊളുത്തിയ സംഭവത്തിനിടെ യുവതിയേയും ബന്ധുവായ കുഞ്ഞിനേയും കാണാതായെന്ന് പരാതി. ബോഗിക്ക് അകത്ത് തീ പടര്‍ന്നുവെന്ന വിവരമാണ് ആദ്യം വന്നത്. കോരപ്പുര പാലത്തിന് മുകളില്‍ ട്രെയിന്‍ നിന്നതോടെ പരിഭ്രാന്തരായ യാത്രക്കാര്‍ ട്രെയിനില്‍ നിന്ന് ഇറങ്ങാനും ശ്രമിച്ചിരുന്നു. ആദ്യ ഘട്ടത്തില്‍ പരിഭ്രാന്തരായ യുവതിയും കുഞ്ഞും പുഴയിലേക്ക് ചാടിയെന്നായിരുന്നു സഹയാത്രികര്‍ പ്രതികരിച്ചത്.
എന്നാല്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്ന കണ്ണൂര്‍ സ്വദേശിയായ റാസിക്കെന്ന പൊള്ളലേറ്റ യുവാവ് ഇവര്‍ ട്രെയിനിന് പുറത്തിറങ്ങിയെന്ന് വ്യക്തമാക്കുകയായിരുന്നു. റാസിക്കിന്‍റെ അയല്‍വാസിയായ റഹ്മത്ത്, സഹോദരിയുടെ രണ്ട് വയസുള്ള മകളെ കോഴിക്കോട് നിന്ന് കൂട്ടിക്കൊണ്ട് പോവാനെത്തിയതായിരുന്നു. ഇവര്‍ എലത്തൂര്‍ സ്റ്റേഷനിലിറങ്ങിയതായി റാസിക് പറയുന്നുണ്ട്. പൊള്ളലേറ്റ് ചികിത്സ തേടുന്നതിനിടയില്‍ ഇവരുമായി ബന്ധപ്പെടാനായിട്ടില്ലെന്നാണ് യുവാവ് വിശദമാക്കുന്നത്. ഇവര്‍ക്കായുള്ള തെരച്ചിലും പുരോഗമിക്കുന്നുണ്ട്. ഇന്നലെ രാത്രി 9:07 മണിക്ക് കണ്ണൂർ ഭാഗത്തേക്ക് പോയ കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനിലാണ് അതിക്രമമുണ്ടായത്. ചുവന്ന ഷര്‍ട്ട് ധരിച്ച തൊപ്പി വച്ച മധ്യ വയസ്കനായ സാധാരണ ശാരീരിക പ്രകൃതിയുള്ള അജ്ഞാതന്‍ റിസര്‍വ്വ്ഡ് കംപാര്‍ട്ട്മെന്‍റിലുള്ള യാത്രക്കാര്‍ക്ക് നേരെ കുപ്പിയില്‍ കരുതിയ ഇന്ധനമൊഴിച്ച് തീ കൊളുത്തുകയായിരുന്നു. അക്രമം ഉണ്ടായ എലത്തൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തെ കെട്ടിടങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ അടക്കം പൊലീസ് പരിശോധിക്കുകയാണ്.
സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായി ആര്‍പിഎഫ് ഡിവിഷണൽ സെക്യൂരിറ്റി കമ്മീഷണർ അനിൽകുമാർ വിശദമാക്കിയിട്ടുണ്ട്. നാളെ പുലർച്ചെ 5 മണിക്ക് ആണ് കണ്ണൂരിൽ നിന്ന് പുറപ്പെടേണ്ട എക്സിക്യൂട്ടീവ് എക്സ്പ്രസ്സിന്‍റെ ഡി 1, ഡി2 കംപാര്‍ട്ട്മെന്‍റുകള്‍ സീല്‍ ചെയ്തു. ഫൊറന്‍സിക് പരിശോധനകള്‍ അടക്കമുള്ളവ നടക്കേണ്ടതിനേ തുടര്‍ന്നാണ് ഇത്. അക്രമി റിസര്‍വ്വ്ഡ് കംപാര്‍ട്ട്മെന്‍റിലെ യാത്രക്കാരനല്ലെന്നാണ് ട്രെയിനിലെ ടിടിആര്‍ പ്രതികരിക്കുന്നത്. റിസര്‍വ്വ്ഡ് യാത്രക്കാരനായിരുന്നെങ്കില്‍ ദൃക് സാക്ഷി വിവരണത്തിലെ ലക്ഷണങ്ങളോട് കൂടി ആളെ കണ്ടേനെയെന്നും ടിടിആര്‍ വിശദമാക്കുന്നു.