Home Featured ബെംഗളൂരു:ജിഎസ്ടി നോട്ടീസ് ; വ്യാപാരികളുടെ കടയടപ്പുസമരം ഒത്തുതീർപ്പാക്കി

ബെംഗളൂരു:ജിഎസ്ടി നോട്ടീസ് ; വ്യാപാരികളുടെ കടയടപ്പുസമരം ഒത്തുതീർപ്പാക്കി

by admin

ബെംഗളൂരു:ജിഎസ്ടി നോട്ടീസിനെതിരേ അടുത്തദിവസം സംസ്ഥാന വ്യാപകമായി ചെറുകിടവ്യാപാരികൾ നടത്താനിരുന്ന കടയടപ്പുസമരം ഒത്തുതീർപ്പാക്കിയെന്ന് സർക്കാർ. ബുധനാഴ്ച മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യാപാരിസംഘടനകളുടെ പ്രതിനിധികളുടെ ചർച്ചയിലാണ് ധാരണയിലെത്തിയത്. വെള്ളിയാഴ്ച സംസ്ഥാനവ്യാപകമായി കടയടപ്പ് സമരം നടത്താനായിരുന്നു വ്യാപാരികളുടെ തീരുമാനം.ഇതിനുമുന്നോടിയായി അവശ്യസാധനങ്ങളുടെ വിൽപ്പന നിർത്തിവെക്കാനും തീരുമാനിച്ചിരുന്നു. ഇതുപ്രകാരം ബുധനാഴ്ച ബെംഗളൂരു അടക്കം ചിലയിടങ്ങളിൽ പാൽ അടക്കമുള്ള സാധനങ്ങൾ വിറ്റില്ല.

എന്നാൽ, വരുംദിവസങ്ങളിൽ സമരമുണ്ടാകില്ലെന്ന്‌ മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു.സമരം നടത്തില്ലെന്ന് പ്രധാന വ്യാപാരിസംഘടനകളുടെ നേതാക്കൾ ഉറപ്പുനൽകിയെന്നും സിദ്ധരാമയ്യ പറഞ്ഞു. ഇതിനിടെ യുപിഐ പ്ലാറ്റ്‌ഫോമുകൾ മുഖേനെയുള്ള പണമിടപാടുകൾ ഓട്ടോറിക്ഷക്കാരും ബഹിഷ്‌കരിച്ചുതുടങ്ങി. യുപിഐ മുഖേന ബാങ്കിലേക്ക് പണമിടുന്നതിന് പകരം പണം നേരിട്ട് നൽകിയാൽ മതിയെന്നാണ് ഒരുവിഭാഗം ഓട്ടോക്കാർ പറയുന്നത്. ബെംഗളൂരുവിൽ ഒട്ടുമിക്ക ഓട്ടോറിക്ഷകളിലും യുപിഐ മുഖേന പണം സ്വീകരിക്കാറുണ്ട്. പെട്ടെന്ന് ഇത് നിർത്തലാക്കിയത് യാത്രക്കാരുമായി തർക്കത്തിനു കാരണമായി.

കഴിഞ്ഞദിവസങ്ങളിൽ പച്ചക്കറി, പലചരക്ക് വ്യാപാരികൾക്ക് ജിഎസ്ടി അടയ്ക്കുന്നതിന് നോട്ടീസ് ലഭിച്ചതാണ് പ്രതിഷേധത്തിന് കാരണം. യുപിഐ മുഖേന പണം സ്വീകരിക്കുന്നതാണ് നോട്ടീസിന് കാരണമെന്ന് പ്രചരിക്കുകയും ചെയ്തു. ഇതോടെയാണ് വ്യാപാരികൾ പ്രതിഷേധവുമായി എത്തിയത്. കേന്ദ്രത്തിന്റെ മാനദണ്ഡം അനുസരിച്ചാണ് വാണിജ്യനികുതി വകുപ്പ് നോട്ടീസ് നൽകിയതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. കഴിഞ്ഞ രണ്ടരവർഷത്തിനിടെ 18,000 നോട്ടീസ് മാത്രമാണ് പുറപ്പെടുവിച്ചത്.

തെറ്റായ കണക്കുകളുടെ അടിസ്ഥാനത്തിൽ നികുതികുടിശ്ശിക അടയ്ക്കാൻ നോട്ടീസ് നൽകിയിട്ടുണ്ടെങ്കിൽ തിരുത്തും. വാർഷിക വിറ്റുവരവ് 40 ലക്ഷം രൂപയിൽ കൂടുതലുള്ള കടകൾ മാത്രം ജിഎസ്ടി രജിസ്‌ട്രേഷൻ നടത്തിയാൽമതി. പാൽ, പച്ചക്കറി, മത്സ്യം തുടങ്ങിയവ വിൽക്കുന്നവർക്ക് നോട്ടീസ് നൽകിയിട്ടുണ്ടെങ്കിൽ പിൻവലിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നികുതിയുമായി ബന്ധപ്പെട്ട് വ്യാപാരികൾക്ക് നിയമസഹായം ലഭ്യമാക്കും. നികുതി പിരിക്കുന്നതിന് ഇടനിലക്കാരെ ഏർപ്പെടുത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group