ചെന്നൈ: വീരപ്പന്റെ മകള്‍ വിദ്യാറാണി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നാം തമിഴർ കക്ഷിക്കായി കൃഷ്ണഗിരി മണ്ഡലത്തില്‍നിന്ന് മത്സരിക്കും. മൈക്ക് ചിഹ്നത്തിലാണ് മത്സരിക്കുക. ശനിയാഴ്ച രാത്രിയാണ് നാം തമിഴർ കക്ഷി നേതാവ് സീമാൻ 40 മണ്ഡലത്തിലേക്കും സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. ഇതില്‍ പകുതി പേരും വനിതകളാണ്. നാലുവർഷംമുമ്ബ് ബി.ജെ.പി.യില്‍ ചേർന്ന വിദ്യക്ക് അർഹിക്കുന്ന പരിഗണന ലഭിക്കാത്തതില്‍ നിരാശയുണ്ടായിരുന്നു.
ഇതേത്തുടർന്ന് കഴിഞ്ഞമാസം സീമാനുമായി കൂടിക്കാഴ്ച നടത്തി പാർട്ടിയില്‍ സജീവമായി പ്രവർത്തിക്കാൻ താത്പര്യം പ്രകടിപ്പിച്ചു. അദ്ദേഹവും ഇത് അംഗീകരിച്ചു. തുടർന്നാണ് സ്ഥാനാർഥിത്വം ലഭിച്ചത്.
നിയമബിരുദധാരിയായ വിദ്യാറാണി നിലവില്‍ കൃഷ്ണഗിരിയില്‍ സ്കൂള്‍ നടത്തുകയാണ്. വീരപ്പന്റെ ഭാര്യ മുത്തുലക്ഷ്മി പി.എം.കെ.യുടെ അനുബന്ധസംഘടനയായ ടി.വി.കെ.യുടെ പ്രവർത്തകയാണ്. 2004 ഒക്ടോബർ 24-നാണ് വീരപ്പൻ പ്രത്യേക ദൗത്യസേനയുടെ വെടിയേറ്റുമരിച്ചത്.