Home Featured കേരളത്തിനുള്ള വന്ദേഭാരത് എക്‌സ്‌പ്രസ് ഇന്ന് തിരുവനന്തപുരത്തേക്ക്

കേരളത്തിനുള്ള വന്ദേഭാരത് എക്‌സ്‌പ്രസ് ഇന്ന് തിരുവനന്തപുരത്തേക്ക്

by admin

ചെന്നൈ: കേരളത്തില്‍ തിരുവനന്തപുരം-കണ്ണൂര്‍ റൂട്ടില്‍ ഓടുന്നതിനുള്ള വന്ദേഭാരത് എക്‌സ്‌പ്രസ് റാക്കുകള്‍ ദക്ഷിണ റെയില്‍വെ അധികൃതര്‍ ഏറ്റെടുത്ത് ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും.

16 കാറുകളുള്ള രണ്ട് റേക്കുകളാണ് ചെന്നൈ വില്ലിവാക്കത്ത് വച്ച്‌ ദക്ഷിണ റെയില്‍വെ അധികൃതര്‍ക്ക് കൈമാറിയത്.ദക്ഷിണ റെയില്‍വെ ജനറല്‍ മാനേജന്‍ ആര്‍.എന്‍ സിംഗ് പ്രത്യേക ട്രെയിനില്‍ വ്യാഴം രാത്രി 9.30ഓടെ തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു.

പാലക്കാട് വഴിയാകും ട്രെയിന്‍ കേരളത്തിലേക്ക് എത്തുക.ഈ മാസം 22ന് ട്രയല്‍ റണ്‍ നടത്താനാണ് തീരുമാനം. തിരുവനന്തപുരത്ത് നിന്നാകുമിത്. തിരുവനന്തപുരത്ത് നിന്നും കോട്ടയം വഴിയാണ് ട്രെയിന്‍ കണ്ണൂരേക്ക് സര്‍വീസ് നടത്തുക. തിരുവനന്തപുരം, വര്‍ക്കല, കൊല്ലം, ചെങ്ങന്നൂര്‍,എറണാകുളം സൗത്ത്, എറണാകുളം നോര്‍ത്ത് എന്നിവിടങ്ങളില്‍ അല്‍പനേരം നിര്‍ത്തിയിടും. ഏപ്രില്‍ 25ന് പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്യുന്നതോടെ ദക്ഷിണ റെയില്‍വെയുടെ മൂന്നാമത്തേതും ഇന്ത്യയിലെ 14ാമത്തേതുമായ വന്ദേഭാരത് എക്‌സ്‌പ്രസ് കേരളത്തില്‍ ഓടിത്തുടങ്ങും.

പ്രത്യേകതകള്‍

ഒരു ട്രെയിനിന് ചെലവ് 97 കോടി

പൂര്‍ണ്ണമായും ശീതീകരിച്ച കോച്ചുകള്‍

ഓട്ടോമാറ്റിക് ഡോറുകള്‍,സ്‌റ്റെപ്പുകള്‍

കോച്ചുകളില്‍ വൈഫൈ, ജി.പി.എസ്

ബയോ വാക്വം ടോയ്‌ലെറ്റ്

200 കൊടുംവളവുകള്‍

റെയില്‍പ്പാതയിലെ കൊടും വളവുകളാണ് അതിവേഗ ട്രെയിനുകള്‍ക്ക് കേരളത്തില്‍ തടസ്സം. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള 560 കിലോമീറ്ററില്‍ 620 വളവുകളുണ്ട്. ഇതില്‍ ഇരുന്നൂറോളം കൊടുംവളവുകള്‍ നിവര്‍ത്താനുള്ള സാദ്ധ്യതാപഠനം എങ്ങുമെത്തിയില്ല. നിലവിലെ പാളങ്ങളില്‍ 60 മുതല്‍ 80 കിലോമീറ്റര്‍ വരെയാണ് വേഗത.

വളവുകള്‍ 0.85 ഡിഗ്രിയില്‍ കൂടാന്‍ പാടില്ല. വളവുകള്‍ നിവര്‍ത്തുന്നതിനു പകരം നിലവിലെ ഇരട്ട റെയില്‍പ്പാതകള്‍ക്ക് സമാന്തരമായി വളവുകളില്ലാത്ത പുതിയ പാതയിലൂടെ 180 കിലോമീറ്റര്‍ വരെ വേഗതയില്‍ സര്‍വീസ് നടത്താന്‍ കഴിയുമെന്നാണ് റെയില്‍വേയുടെ വിലയിരുത്തല്‍.

ടിക്കറ്റ് നിരക്ക് ഉയരും

തിരുവനന്തപുരത്തുനിന്ന് കണ്ണൂര്‍ വരെ ഏകദേശം 1345 രൂപ ചെയര്‍ കാറിനും ,2238 രൂപ എക്സിക്യൂട്ടീവ് കോച്ചിനും ടിക്കറ്റ് ചാര്‍ജ് വന്നേക്കും. 320 രൂപ കാറ്ററിംഗ് ചാര്‍ജ് ഉള്‍പ്പെടെയാണിത്. എറണാകുളം വരെ 605,1144 രൂപ, കോഴിക്കോട് വരെ 1130, 2138 രൂപ നിരക്ക് വന്നേക്കും.

You may also like

error: Content is protected !!
Join Our WhatsApp Group