Home Featured വാത്തി’ ഒടിടിയില്‍ സ്ട്രീമിങ് ആരംഭിച്ചു

വാത്തി’ ഒടിടിയില്‍ സ്ട്രീമിങ് ആരംഭിച്ചു

by admin

ധനുഷ് ചിത്രം ‘വാത്തി’ ഒടിടിയില്‍ സ്ട്രീമിങ് ആരംഭിച്ചു. നെറ്റ്ഫ്ലിക്സിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. ഫെബ്രുവരി പതിനേഴിന് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം ടോളിവുഡിലും കോളിവുഡിലും വലിയ ഹിറ്റ് ആയിരുന്നു. തെലുങ്കില്‍ ‘സര്‍’ എന്നായിരുന്നു ചിത്രത്തിന്റെ പേര്. ‘വാത്തി’ 100 കോടി കളക്ഷന്‍ നേടിയിരുന്നു. ഒടിടിയില്‍ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്.

വെങ്കി അട്ടലൂരിയാണ് ‘വാത്തി’ സംവിധാനം ചെയ്തത്. സിത്താര എന്റര്‍ടൈന്‍മെന്റ്സിന്റെയും ശ്രീകര സ്റ്റുഡിയോസിന്റെയും ബാനറില്‍ നാഗ വാംസിസും സായി സൗജന്യയും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. മാര്‍ച്ച്‌ ആറ് വരെയുള്ള കണക്ക് പ്രകാരം ഇന്ത്യയില്‍ നിന്ന് മാത്രം ‘വാത്തി’ 67.47 കോടി രൂപ കളക്ഷന്‍ നേടി.

37.16 കോടി കളക്ഷന്‍ തമിഴിലും 30.31 കോടി തെലുങ്കിലുമാണ് നേടിയിരിക്കുന്നത്. റിലീസ് ചെയ്ത് പതിനേഴാമത്തെ ദിവസം ചിത്രം ആഗോളതലത്തില്‍ 100 കോടി കളക്ഷന്‍ പിന്നിട്ടിരുന്നു. സംയുക്ത, പി. സായ്കുമാര്‍, തനിക്കെല്ല ഭരണി, ആടുകളം നരേന്‍, ഇളവരസ്, ഹരീഷ് പേരടി, സമുദ്രക്കനി, സുമന്ത് തുടങ്ങി തമിഴിലും തെലുങ്കിലുമുള്ള വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.

റിലീസിന് മുന്നേ തന്നെ ‘വാത്തി’യിലെ പാട്ടുകളും പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. ജി.വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത്. രാജ്യത്തെ അഴിമതി നിറഞ്ഞ വിദ്യാഭ്യാസ സമ്ബ്രദായത്തിനെതിരെ പോരാടുന്ന ഒരു സാധാരണക്കാരന്റെ കഥയാണ് ‘വാത്തി’ പറയുന്നത്. ചിത്രത്തില്‍ കോളേജ് അധ്യാപകന്റെ വേഷത്തിലാണ് ധനുഷ് എത്തുന്നത്. സംയുക്ത മേനോനാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.

തെലുങ്കിലെ ധനുഷിന്റെ ആദ്യ ചിത്രമെന്ന പ്രത്യേകതയും ‘വാത്തി’ക്ക് ഉണ്ട്. നവീന്‍ നൂളി ആണ് ചിത്രസംയോജനം. വെങ്കി അറ്റ്‍ലൂരി തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആക്ഷന്‍ കൊറിയോഗ്രാഫി നിര്‍വഹിച്ചത് വെങ്കടാണ്. ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍ അവിനാശ് കൊള്ളയാണ്. ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം സണ്‍ ടിവി നെറ്റ്‌വര്‍ക്കാണ് സ്വന്തമാക്കിയത്.

You may also like

error: Content is protected !!
Join Our WhatsApp Group