ഉത്തരകാശി: ഉത്തരാഖണ്ഡില്‍ നിര്‍മാണത്തിലിരുന്ന ടണലിന്റെ ഒരുഭാഗം തകര്‍ന്നുണ്ടായ അപകടത്തില്‍ മൂന്നാം ദിവസവും രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. ടണലിനുള്ളില്‍ തകര്‍ന്ന അവശിഷ്ടങ്ങള്‍ക്കിടയിലൂടെ ഡ്രില്‍ ഉപയോഗിച്ച് ദ്വാരം ഉണ്ടാക്കി സ്റ്റീല്‍ പൈപ്പ് കടത്തിവിടാനും ഇതുവഴി കുടുങ്ങിക്കിടക്കുന്ന 40 തൊഴിലാളികളെ രക്ഷപ്പെടുത്താനുമാണ് ശ്രമിക്കുന്നത്.
‘രക്ഷാപ്രവര്‍ത്തനത്തിനായി ഇന്ന് രാവിലെ ഹരിദ്വാറില്‍ നിന്നും മൂന്ന് അടി വ്യാസമുള്ള എട്ടു പൈപ്പുകള്‍ കൊണ്ടുവന്നിട്ടുണ്ട്. ബാക്കി അല്പ സമയത്തിനുള്ളില്‍ കൊണ്ടുവരും. എന്നാല്‍ ഈ ദൗത്യം പൂര്‍ത്തിയാകാൻ എത്ര സമയമെടുക്കുമെന്ന് പറയാനാകില്ല.’- നാഷണല്‍ ഹൈവേ ആന്റ് ഇൻഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷൻ ലിമിറ്റഡ് ഉദ്യോഗസ്ഥൻ പറഞ്ഞു.
അതിനിടെ അപകടത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണവും പ്രഖ്യാപിച്ചു. അപകടത്തിന്റെ കാരണമുള്‍പ്പെടെ അന്വേഷിക്കാനായി വിദഗ്ധരടങ്ങുന്ന ആറംഗ സംഘത്തെയാണ് സര്‍ക്കാര്‍ നിയോഗിച്ചിട്ടുള്ളത്.
ബഹ്മഖല്‍-യമുനോത്രി ദേശീയപാതയില്‍ സില്‍ക്യാരയ്ക്കും ദണ്ഡല്‍ഗാവിനും ഇടയിലുള്ള തുരങ്കം ഞായറാഴ്ച രാവിലെയാണ് തകര്‍ന്നത്. പ്രവേശന കവാടത്തില്‍നിന്ന് 200 മീറ്റര്‍ ഉള്ളിലായിരുന്നു അപകടം. 60 മീറ്ററോളമുളള അവശിഷ്ടങ്ങള്‍ നീക്കം ചെയ്ത് തൊഴിലാളികളെ രക്ഷിക്കാനായിരുന്നു ആദ്യശ്രമം. ദേശീയ- സംസ്ഥാന ദുരന്തനിവാരണ സേനയും പോലീസും അടക്കമുള്ള സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.