Home Featured രക്തം സ്വീകരിച്ച 14 കുട്ടികള്‍ക്ക് എച്ച്‌.ഐ.വി, ഹെപ്പറ്റൈറ്റിസ് ബാധ; സംഭവം യു.പി.യില്‍

രക്തം സ്വീകരിച്ച 14 കുട്ടികള്‍ക്ക് എച്ച്‌.ഐ.വി, ഹെപ്പറ്റൈറ്റിസ് ബാധ; സംഭവം യു.പി.യില്‍

by admin

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ കാണ്‍പുരില്‍ രക്തം സ്വീകരിച്ച 14 കുട്ടികള്‍ക്ക് എച്ച്‌.ഐ.വി. പോസിറ്റീവ്, ഹെപ്പറ്റൈറ്റിസ് ബി, സി എന്നീ രോഗങ്ങള്‍ സ്ഥിരീകരിച്ചു. ആറിനും 16-നുമിടയ്ക്ക് പ്രായമുള്ള കുട്ടികളിലാണ് അണുബാധയുണ്ടായത്. ഏഴുപേര്‍ക്ക് ഹെപ്പറ്റൈറ്റിസ് ബി-യും അഞ്ചുപേര്‍ക്ക് ഹെപ്പറ്റൈറ്റിസ് സി-യും രണ്ടുപേര്‍ക്ക് എച്ച്‌.ഐ.വി.യുമാണ് സ്ഥിരീകരിച്ചത്.

തലാസീമിയ (രക്തത്തില്‍ ഹിമോഗ്ലോബിന്റെ അളവ് കുറയുന്നത്) ബാധിതരായ കുട്ടികളാണ് രക്തം സ്വീകരിച്ചത്. തലാസീമിയക്ക് പുറമേ അണുബാധകൂടിയായതോടെ കുട്ടികള്‍ അത്യാസന്നനിലയിലായതായാണ് റിപ്പോര്‍ട്ട്. കാണ്‍പുരിലെ സര്‍ക്കാരാശുപത്രിയായ ലാലാ ലജ്പത്റായ് ആശുപത്രിയിലാണ് സംഭവം.

രക്തം സ്വീകരിക്കേണ്ട അടിയന്തരസാഹചര്യം വന്നതുകാരണം അണുബാധയേറ്റ 14 കുട്ടികളും അവരവരുടെ പ്രദേശത്തെ സ്വകാര്യ, ജില്ലാ ആശുപത്രികളില്‍നിന്നാണ് രക്തം സ്വീകരിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി. അതുകൊണ്ടുതന്നെ ആരില്‍നിന്നാണ് അണുബാധയേറ്റതെന്ന് സ്ഥിരീകരിക്കാനായിട്ടില്ല.

ഇവരടക്കം 180 തലാസീമിയ രോഗികള്‍ സ്ഥിരമായി ലാലാ ലജ്പത്റായ് ആശുപത്രിയില്‍ രക്തം സ്വീകരിച്ചുവരുന്നുണ്ട്. ഓരോ ആറുമാസത്തിലൊരിക്കലും ഇവരെ ആശുപത്രിയില്‍ വൈറസ് പരിശോധനയ്ക്ക് വിധേയമാക്കാറുമുണ്ട്. അത്തരമൊരു പരിശോധനയിലാണ് 14 കുട്ടികളില്‍ അണുബാധ കണ്ടെത്തിയത്. കാണ്‍പുര്‍ സിറ്റി, ദേഹാത്, ഫറുഖബാദ്, ഔറയ്യ, എറ്റാവ, കനൗജ് എന്നിവിടങ്ങളില്‍നിന്നുള്ളവരാണ് കുട്ടികള്‍. രക്തദാനസമയത്ത് വൈറസ് പരിശോധനയില്‍ ബന്ധപ്പെട്ട ആശുപത്രി അധികൃതര്‍ക്ക് സംഭവിച്ച പിഴവാണ് അപകടകാരണമെന്ന് ആശുപത്രി വൃത്തങ്ങള്‍ സൂചിപ്പിച്ചു.

സ്ഥിതിഗതി ആശങ്കാജനകമാണെന്ന് ലാലാ ലജ്പത്റായ് ആശുപത്രിയിലെ ശിശുരോഗവിഭാഗം മേധാവിയും നോഡല്‍ ഓഫീസറുമായ ഡോ. അരുണ്‍ ആര്യ പ്രതികരിച്ചു. ഹെപ്പറ്റൈറ്റിസ് ബാധിതരെ ആശുപത്രിയിലെ ഗ്യാസ്ട്രോ എന്റോളജി വിഭാഗത്തിലേക്കും എച്ച്‌.ഐ.വി. ബാധിതരെ റഫറല്‍ കേന്ദ്രത്തിലേക്കും മാറ്റിയിട്ടുണ്ട്. എച്ച്‌.ഐ.വി.പോലുള്ള വൈറസ് ബാധയേറ്റാല്‍ നാലുമുതല്‍ 12 മണിക്കൂര്‍വരെ അത് പരിശോധനയില്‍ വ്യക്തമാകണമെന്നില്ല. ഇതും പ്രശ്നമായി.

വൈറസ് ബാധയുടെ ഉറവിടം ആരോഗ്യവകുപ്പിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ പരിശോധിച്ചുവരുകയാണെന്ന് യു.പി. ദേശീയാരോഗ്യമിഷൻ അധികൃതര്‍ അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group