യു.പി.ഐ ഇനി സൗജന്യമല്ലെന്നും ഓണ്‍ലൈന്‍ ഇടപാടുകള്‍ക്ക് ഫീസ് നല്‍കേണ്ടിവരുമെന്നും പറഞ്ഞുകൊണ്ടുള്ള വാര്‍ത്തയോ വാട്ട്‌സ്‌ആപ്പ് ഫോര്‍വേഡോ നിങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടോ..?
വിഷമിക്കേണ്ട, അതെല്ലാം തന്നെ വ്യാജമാണ്. നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍.പി.സി.ഐ) അവരുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ യു.പി.ഐക്ക് ചാര്‍ജ് ഈടാക്കില്ലെന്ന് വ്യക്തമാക്കിയുള്ള ഒരു പ്രസ്താവന പങ്കുവെച്ചിട്ടുണ്ട്.
2000 രൂപയ്ക്ക് മുകളിലുള്ള യു.പി.ഐ ട്രാന്‍സാക്ഷന്‍ നടത്തുന്നവര്‍ക്ക് ചാര്‍ജ് ഈടാക്കപ്പെടുമെന്ന തരത്തിലായിരുന്നു സന്ദേശങ്ങള്‍ പ്രചരിച്ചത്. എന്നാല്‍, പിപിഐ മര്‍ച്ചന്റ് ഇടപാടുകള്‍ക്ക് മാത്രമാണ് ചാര്‍ജ് ബാധകമാകുന്നത്. പ്രീപെയ്ഡ് ഇന്‍സ്ട്രമെന്റ്‌സായ കാര്‍ഡ്, വോളറ്റ് തുടങ്ങിയവ ഉപയോഗിച്ച് കടക്കാര്‍ നടത്തുന്ന പണമിടപാടുകള്‍ക്കാണ് ഇന്റര്‍ചേഞ്ച് ഫീസ് ഏര്‍പ്പെടുത്തുന്നത്.
പ്രീപെയ്ഡ് പേയ്മെന്റ് ഇന്‍സ്ട്രുമെന്റ്സ് (PPI) വഴിയുള്ള യു.പി.ഐ ഇടപാടുകള്‍ക്കാണ് 2023 ഏപ്രില്‍ ഒന്ന് മുതല്‍ 1.1 ശതമാനം ഇന്റര്‍ചേഞ്ച് ഫീസ് ഈടാക്കുന്നത്. 2,000 രൂപയ്ക്ക് മുകളിലുള്ള എല്ലാ വ്യാപാരി ഇടപാടുകള്‍ക്കും ഫീസ് ഈടാക്കും. എന്നാല്‍ ഇത് സാധാരണ ഉപഭോക്താക്കള്‍ക്ക് ബാധകമല്ല. അതായത്, വ്യക്തികള്‍ തമ്മിലോ, വ്യക്തികളും കടക്കാരും തമ്മിലുമുള്ള ബിസിനസിനോ ചാര്‍ജ് നല്‍കേണ്ടി വരില്ല.
ട്രാന്‍സാക്ഷന് പണം ഈടാക്കും എന്ന വാര്‍ത്ത പരന്നതോടെ പേടിഎമ്മും വിശദീകരണവുമായി എത്തിയിരുന്നു.ബാങ്ക് അക്കൗണ്ടില്‍ നിന്നോ വാലറ്റില്‍ നിന്നോ യു.പി.ഐ പേയ്‌മെന്റുകള്‍ നടത്തുന്നത് തികച്ചും സൗജന്യമാണെന്ന് അവര്‍ അറിയിച്ചു