Home Featured അമ്മയുടെ കാൻസർ ചികിത്സയ്ക്ക് പണമില്ല; എടിഎം കുത്തിത്തുറക്കാൻ ശ്രമിച്ച് മകൻ പിടിയിൽ; യൂട്യൂബ് നോക്കി പഠിച്ചതെന്ന് യുവാവ്

അമ്മയുടെ കാൻസർ ചികിത്സയ്ക്ക് പണമില്ല; എടിഎം കുത്തിത്തുറക്കാൻ ശ്രമിച്ച് മകൻ പിടിയിൽ; യൂട്യൂബ് നോക്കി പഠിച്ചതെന്ന് യുവാവ്

by admin

ന്യൂഡൽഹി: കാൻസർ രോഗിയായ അമ്മയുടെ ചികിത്സക്ക് പണം കണ്ടെത്താനായി മോഷണത്തിനിറങ്ങിയ യുവാവിനെ പോലീസ് പിടികൂടി. ഉത്തർപ്രദേശിലെ നവാബ്ഗഞ്ചിലാണ് സംഭവം. പ്രദേശത്തെ കനറാ ബാങ്കിന്റെ എടിഎം കുത്തിത്തുറക്കാൻ ശ്രമിക്കുന്നതിനിടെയാണ് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തത്.

തന്റെ അമ്മ കാൻസർ രോഗിയാണെന്നും അമ്മയുടെ ചികിൽസയ്ക്കായി പണം ഇല്ലാത്തതിനാലാണ് എടിഎം കുത്തിത്തുറക്കാൻ ശ്രമിച്ചതെന്നും യുവാവ് പോലീസിന് മൊഴി നൽകി. അതേസമയം, തന്റെ പ്രവർത്തിയിലും അറസ്റ്റിലായതിലും പശ്ചാത്താപമില്ലെന്നും പിടിയിലായ യുവാവ് പറഞ്ഞു.

സംഭവത്തിൽ ശുഭം എന്ന യുവാവാണ് പിടിയിലായത്. ഇയാൾ ശനിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് എടിഎം തകർത്തത്. സെൻസർ ഘടിപ്പിച്ചിട്ടുള്ളതിനാൽ തന്നെ ബംഗളൂരുവിലെ കാനറ ബാങ്കിന്റെ കൺട്രോൾ റൂമിലേക്ക് സന്ദേശമെത്തുകയും കാൺപൂർ പോലീസിൽ വിവരമറിയിക്കുകയുമായിരുന്നു.ഉടൻ തന്നെ നവാബ്ഗഞ്ച് പോലീസ് സ്ഥലത്തെത്തി ശുഭമിനെ പിടികൂടി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ അമ്മയുടെ ചികിത്സക്ക് വേണ്ടിയാണ് മോഷണം നടത്തിയതെന്ന് യുവാവ് സമ്മതിക്കുകയായിരുന്നു.

അമ്മയെ ചികിത്സിക്കാനായി കണ്ടെത്തിയ പണമെല്ലാം തീർന്നതോടെയാണ് മോഷണമെന്ന അറ്റകൈ പ്രയോഗിച്ചതെന്നാണ് യുവാവ് പറയുന്നത്. തുടർന്ന് യൂട്യൂബിൽ നോക്കിയാണ് എടിഎം തകർക്കാനുള്ള രീതി പഠിച്ചത്.

തനിക്ക് അറസ്റ്റിലായതിൽ ഖേദമില്ലെന്നും അമ്മയുടെ ചികിത്സക്ക് പണം കണ്ടെത്താൻ കഴിയാത്തതിന്റെ വിഷമം മാത്രമാണ് ഉള്ളതെന്നും യുവാവ് പറഞ്ഞു. അതേസമയം, ഇയാൾക്ക് ക്രിമിനൽ പശ്ചാത്തലമില്ലെന്ന് പോലീസ് അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group