ബെംഗ്‌ളൂറു: വിചിത്ര സര്‍കുലറുമായി ആന്ധ്രയിലെ സര്‍വകലാശാല. ജീവനക്കാരുടെ മരണത്തെത്തുടര്‍ന്ന് ‘മഹാമൃത്യുഞ്ജയ ശാന്തി ഹോമം’ നടത്തുമെന്നും ഇതിനായി ജീവനക്കാര്‍ സംഭാവന നല്‍കണമെന്നുമാണ് സര്‍കുലര്‍ ഇറക്കിയിരിക്കുന്നത്. ആന്ധ്രയിലെ അനന്തപൂരിലുള്ള ശ്രീ കൃഷ്ണദേവരായ സര്‍വകലാശാലയുടേതാണ് അമ്ബരപ്പിക്കുന്ന സര്‍കുലര്‍.
കഴിഞ്ഞ മാസം സര്‍വകലാശാലയിലെ വിവിധ വിഭാഗങ്ങളിലുള്ള അഞ്ച് ജീവനക്കാര്‍ മരിച്ചിരുന്നു. തുടര്‍ന്നാണ് ഹോമം നടത്താന്‍ തീരുമാനിച്ചത്. ഫെബ്രുവരി 24 ന് രാവിലെ 8.30 മണിക്കാണ് ഹോമം നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്.
എന്നാല്‍ അന്ധവിശ്വാസത്തിന്റെ ഭാഗമായുള്ള ഇത്തരത്തിലൊരു ഹോമം നടത്താന്‍ അനുവദിക്കില്ലെന്ന് അറിയിച്ച് പ്രതിഷേധവുമായി എസ്‌എഫ്‌ഐ അടക്കമുള്ള ഇടത് വിദ്യാര്‍ഥി സംഘടനകള്‍ രംഗത്തെത്തി.
ജീവനക്കാരുടെ മരണത്തില്‍ അസ്വഭാവികത ഒന്നുമില്ലെങ്കിലും സര്‍വകലാശാലക്ക് മേല്‍ ശാപം ഉണ്ടെന്നും അത് ഒഴിവാക്കാന്‍ ‘മൃത്യുഞ്ജയഹോമം’ നടത്തുന്നതെന്നാണ് സര്‍വകലാശാലയുടെ വാദം. ഹോമത്തില്‍ പങ്കെടുക്കണം എന്ന് നിര്‍ബന്ധമില്ല.
എന്നാല്‍ ഹോമത്തില്‍ പങ്കെടുക്കുന്നവര്‍ സംഭാവന നല്‍കണമെന്നും സര്‍കുലറില്‍ പറയുന്നു. ഇതിനായി ടീചിംഗ് സ്റ്റാഫ് 500 രൂപയും നോണ്‍ ടീചിംഗ് സ്റ്റാഫ് 100 രൂപയുമാണ് മൃത്യുഞ്ജയഹോമത്തിനായി സംഭാവന നല്‍കേണ്ടതെന്നും അറിയിപ്പില്‍ പറയുന്നു.
കുളത്തില്‍ മുങ്ങിത്താഴ്ന്ന അമ്മായിയുടെ ജീവന്‍ 11 കാരി സാഹസികമായി രക്ഷിച്ചു; അമ്മയും സഹോദരനും കണ്‍മുന്നില്‍ മുങ്ങി മരിച്ചു
ബെംഗ്‌ളൂറു: കുളത്തില്‍ മുങ്ങിത്താഴ്ന്ന അമ്മായിയുടെ ജീവന്‍ 11 കാരിയായ ദോഡ്ഢബെല്ലാപൂരിലെ കീര്‍ത്തന സാഹസികമായി രക്ഷിച്ചു.
എന്നാല്‍ കീര്‍ത്തനയ്ക്ക് കണ്‍മുന്നില്‍ അമ്മയും സഹോദരനും മുങ്ങി മരിക്കുന്നതിന് സാക്ഷിയാകേണ്ടി വന്നു. ഹേമന്ത്, രൂപ എന്നിവരാണ് മരിച്ചത്.
കഴിഞ്ഞ ഞായറാഴ്ചയായിരുന്നു പ്രദേശവാസികളെ സങ്കടത്തിലാഴ്ത്തിയ സംഭവം. ഉച്ചയോടെ കൃഷിസ്ഥലത്തെത്തിയ സഹോദരന്‍ ഹേമന്ത് കുളത്തില്‍ കുളിക്കാനിറങ്ങിയതായിരുന്നു. അതിനിടെ കാല്‍വഴുതി വെള്ളത്തില്‍ വീണു. ഹേമന്തിനെ രക്ഷിക്കാനിറങ്ങിയ അമ്മ രൂപയും വെള്ളത്തില്‍ മുങ്ങുകയായിരുന്നു. ഇതിനിടെ, ഇരുവരേയും രക്ഷിക്കാന്‍ അമ്മായി പ്രേമയും കുളത്തിലേക്ക് ചാടി.
എന്നാല്‍ മൂവര്‍ക്കും കരകയറാന്‍ സാധിച്ചില്ല. ഇവര്‍ വെള്ളത്തില്‍ മുങ്ങിത്താഴുന്നത് കണ്ട കീര്‍ത്തന സമീപത്ത് കിടന്നിരുന്ന പൈപ് ഉപയോഗിച്ചാണ് അമ്മായിയെ രക്ഷിച്ചത്. കരയില്‍ കിടന്നിരുന്ന പൈപ് കുളത്തിലേക്കിട്ടുകൊടുത്ത് പ്രേമയെ കരയ്‌ക്കെത്തിക്കുകയായിരുന്നു. കീര്‍ത്തനയുടെ കരച്ചില്‍ കേട്ടാണ് പ്രദേശവാസികള്‍ കുളത്തിനടുത്തേക്കെത്തുന്നത്.
അമ്മായിയുടെ ജീവന്‍ രക്ഷിച്ചെങ്കിലും അമ്മയേയും സഹോദരനേയും രക്ഷിക്കാന്‍ കീര്‍ത്തനക്കായില്ല. ദൊഡ്ഡബെല്ലാപൂര്‍ പൊലീസ് സ്ഥലത്തെത്തി തിരച്ചില്‍ നടത്തിയതിനെ തുടര്‍ന്ന് വൈകുന്നേരം അഞ്ചു മണിയോടെ മൃതദേഹങ്ങള്‍ പുറത്തെടുത്തു. മരിച്ച ഇരുവരുടേയും കണ്ണുകള്‍ ബെംഗ്‌ളൂറു ആശുപത്രിയിലേക്ക് ദാനം ചെയ്തതായി മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു.
രൂപയുടെ ഭര്‍ത്താവിന്റെ പരാതിയെ തുടര്‍ന്ന് സംഭവത്തില്‍ പൊലീസ് കേസെടുത്തു. കീര്‍ത്തനയുടെ അവസരോചിതമായ ഇടപെടലാണ് ഒരാളുടെ ജീവനെങ്കിലും രക്ഷപ്പെട്ടതിന് പിന്നിലെന്ന് പ്രദേശവാസിയായ മോഹനന്‍ മൂര്‍ത്തി മാധ്യമങ്ങളോട് പറഞ്ഞു. കൊല്ലൂറു സര്‍കാര്‍ വിദ്യാലയത്തിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയാണ് കീര്‍ത്തന.