ഇന്ത്യയില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതമായി യാത്ര ചെയ്യാൻ കഴിയുന്നുണ്ടോയെന്ന ചോദ്യം പലപ്പോഴും പ്രശ്നകരമായി തുടരുന്നു.പല വിദേശ സ്ത്രീ യാത്രക്കാരും തങ്ങള്‍ക്ക് ഇന്ത്യയില്‍ നിന്നും മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് വെളിപ്പെടുത്തുന്നു. അതേസമയം ഇന്ത്യക്കാരായ സ്ത്രീകളും ഇന്ത്യയില്‍ സുരക്ഷിതരാണോയെന്ന ചോദ്യത്തിന് മുന്നില്‍ രണ്ട് വട്ടം ആലോചിക്കുന്നു. പോലീസ് സ്റ്റേഷനില്‍ രേഖപ്പെടുത്തുന്ന സ്ത്രീ പീഡന കേസുകള്‍ ഓരോ വർഷം കഴിയുന്തോറും വർദ്ധിക്കുകയാണെന്ന് കണക്കുകളും വ്യക്തമാക്കുന്നു. ഇതിനിടെയാണ് കൊല്‍ക്കത്തയില്‍ നിന്നും ഒരു കാബ് ഡ്രൈവർ മദ്യപിച്ച് അവശയായ ഒരു യുവതിയെ സുരക്ഷിതമായി വീട്ടിലെത്തിയ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെടുന്നതും പിന്നാലെ വൈറലാകുന്നതും.നക്ഷത്ര എന്ന എക്സ് ഹാൻറിലില്‍ നിന്നും ‘ഇതാണ് കൊല്‍ക്കത്ത’ എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചത്.
മനുഷ്യത്വം വിജയിച്ചുവെന്ന വാചകവം ഇതാണ് ഞങ്ങളുടെ കൊല്‍ക്കത്ത എന്ന വാചകവും എഴുതിയ ഒരു വീഡിയോയില്‍ കാറിന്റെ ഡാഷ്കാമില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പങ്കുവച്ചത്. കാബ് ഡ്രൈവർ കാർ ഓടിക്കുമ്ബോള്‍ പിന്നിലിരിക്കുന്ന യുവതി, ‘അങ്കിള്‍, ഞാൻ ഒരുപാട് മദ്യപിച്ചു, എന്നെ വീട്ടിലെത്തിക്കാമോ?’ എന്ന് ചോദിക്കുന്നത് കേള്‍ക്കാം. പിന്നാലെ നിങ്ങള്‍ മദ്യപിച്ചിട്ടുണ്ടെന്ന് എനിക്ക് അറിയാമെന്നും ഞാന്‍ നിങ്ങളെ സുരക്ഷിതമായി വീട്ടിലെത്തിക്കാമെന്നും കാബ് ഡ്രൈവർ യുവതിക്ക് ഉറപ്പ് നല്കുന്നു. എന്നാല്‍ മദ്യ ലഹരിയില്‍ യുവതി പറഞ്ഞത് തന്നെ വീണ്ടും വീണ്ടും ആവർത്തിക്കുന്നു.