മംഗളൂരു: ഉഡുപ്പിക്കും ഹൈദരാബാദിനുമിടയിൽ 25 വർഷമായി സർവിസ് നടത്തിയിരുന്ന കെ.എസ്.ആർ.ടി.സി നോൺ എ.സി സ്ലീപ്പർ ബസ് കനത്ത നഷ്ടം മൂലം നിർത്തി. തീരദേശ കർണാടകയെ ഹൈദരാബാദുമായി ബന്ധിപ്പിച്ചിരുന്ന അന്തർ സംസ്ഥാന സർവിസാണ് നിലച്ചത്. മാസങ്ങളായി നഷ്ടം തുടരുന്ന സാഹചര്യത്തിലാണിതെന്ന് കെ.എസ്.ആർ.ടി.സി അറിയിച്ചു.ഉഡുപ്പിയിൽനിന്ന് ഉച്ചകഴിഞ്ഞ് 3.30ന് പുറപ്പെടുന്ന ബസ് നാലിന് കുന്താപുരത്തും 4.30ന് സിദ്ധാപൂരിലും എത്തിച്ചേരുമായിരുന്നു. തുടർന്ന് മാസ്റ്റിക്കാട്ടെ, തീർഥഹള്ളി, ശിവമോഗ (രാത്രി 8.30), ഹരിഹർ, ഹൊസപേട്ട്, റായ്ച്ചൂർ വഴി സഞ്ചരിച്ച് പിറ്റേന്ന് രാവിലെ 9.30ന് ഹൈദരാബാദിൽ എത്തിച്ചേരുന്ന നിലയിലായിരുന്നു സർവിസ്.
പെട്ടെന്നുള്ള സർവിസ് നിർത്തിവെച്ചത് ഹോട്ടൽ ജീവനക്കാരും ദീർഘദൂര യാത്രകൾക്കായി ഈ സർവിസിനെ ആശ്രയിച്ചിരുന്ന തീരദേശ ജില്ലകളിലെ താമസക്കാരും ഉൾപ്പെടെ നിരവധി സ്ഥിരം യാത്രക്കാരെ ബാധിച്ചതായി പറയുന്നു. മഴക്കാലത്തും ബസ് സർവിസ് തുടർന്നിരുന്നെങ്കിലും സീസണിന്റെ തുടക്കത്തിൽ നിർത്തിവെച്ചിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി സിദ്ധാപൂരിൽനിന്നും ഹൊസങ്കടിയിൽനിന്നുമുള്ള യാത്രക്കാർ ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡിക്ക് കത്തെഴുതി.ഗുരുതരമായ വരുമാന നഷ്ടമാണ് താൽക്കാലികമായ നിർത്തിവെക്കലിന് കാരണമെന്ന് അധികൃതർ പറയുന്നു. അന്തർ സംസ്ഥാന ബസ് സർവിസിന് കിലോമീറ്ററിന് 45-49 രൂപ ചെലവാകും. എന്നാൽ, ഈ സർവിസിന് കിലോമീറ്ററിന് 30 രൂപയിൽ താഴെ വരുമാനം മാത്രമേ ലഭിച്ചുള്ളൂ, ഇത് കിലോമീറ്ററിന് 20-25 രൂപ നഷ്ടമുണ്ടാക്കി. ഇത്തരം സർവിസുകൾ ലാഭകരമായി തുടരണമെങ്കിൽ കിലോമീറ്ററിന് കുറഞ്ഞത് 55 രൂപയെങ്കിലും ആവശ്യമാണെന്ന് ഉദ്യോഗസ്ഥർ പറയുന്നു.