ബെംഗളൂരു: അപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ബെംഗളൂരു-മൈസൂരു അതിവേഗപാതയിൽ ഇരുചക്ര വാഹനങ്ങളും ഓട്ടോറിക്ഷകളും നിരോധിക്കാൻ ദേശീയ പാതാ അതോറിറ്റി. ജൂലായ് രണ്ടാംആഴ്ചമുതൽ ഇത്തരം വാഹനങ്ങളെ അതിവേഗപാതയിൽ പ്രവേശിപ്പിക്കുന്നത് വിലക്കാനാണ് ആലോചിക്കുന്നത്.
ഇതുസംബന്ധിച്ച ഒദ്യോഗിക ഉത്തരവ് ഏതാനും ദിവസങ്ങൾക്കുള്ളിൽ പുറത്തിറക്കുമെന്നാണ് സൂചന. അതിവേഗപാതയ്ക്കുപകരം ഓട്ടോകൾക്കും ഇരുചക്രവാഹനങ്ങൾക്കും സർവീസ് റോഡ് ഉപയോഗിക്കാം. ട്രാക്ടർ ഉൾപ്പെടെയുള്ള പതിയെ പോകുന്ന വാഹനങ്ങൾക്കും നിരോധനമുണ്ടാകും.
നേരത്തേ ഇരുചക്രവാഹനങ്ങളുടെയും ഓട്ടോറിക്ഷകളുടെയും നിരോധനം ദേശീയപാത അതോറിറ്റി പരിഗണിച്ചിരുന്നെങ്കിലും തിരഞ്ഞെടുപ്പായതിനാൽ തുടർ നടപടികളുണ്ടായില്ല.
അതിവേഗ പാതയിൽ അപകടങ്ങൾ വർധിച്ചുവരുന്നത് സജീവ ചർച്ചയായതോടെയാണ് ദേശീയപാത അതോറിറ്റി വീണ്ടും നിരോധനം പരിഗണിക്കുന്നത്.പാതയിലൂടെയുള്ള ഗതാഗതം തുടങ്ങിയശേഷം 150-ഓളം പേർ അപകടത്തിൽ മരിച്ചെന്നാണ് കണക്ക്. അപകടത്തിൽപ്പെടുന്നവയിൽ ഭൂരിപക്ഷവും ഇരുചക്രവാഹനങ്ങളാണ്.
അനുമതിയുള്ള വേഗപരിധിയെക്കാൾ ഉയർന്ന വേഗത്തിലാണ് ബൈക്കുകൾ സഞ്ചരിക്കുന്നതെന്നാണ് കണ്ടെത്തൽ. ടയറുകൾ പൊട്ടിയും നിയന്ത്രണം നഷ്ടപ്പെട്ടുമാണ് പല അപകടങ്ങളുമുണ്ടാകുന്നത്. അതേസമയം, ഓട്ടോറിക്ഷകളും ട്രാക്ടറുകളും വേഗതകുറച്ച് പോകുന്നത് മറ്റ് വാഹനങ്ങൾ അപകടത്തിൽപ്പെടാനുള്ള സാധ്യത വർധിപ്പിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
കഴിഞ്ഞദിവസം ഗതാഗതത്തിന്റെയും റോഡ് സുരക്ഷയുടെയും ചുമതലയുള്ള എ.ഡി.ജി.പി. അലോക് കുമാർ അതിവേഗപാത സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു.
കൂടുതൽ ക്യാമറകൾ സ്ഥാപിക്കണമെന്നും ഹൈവേ പോലീസിന്റെ നിരീക്ഷണംശക്തമാക്കണമെന്നതുൾപ്പെടെയുള്ള നിർദേശങ്ങളാണ് അദ്ദേഹം മുന്നോട്ടുവെച്ചത്.