Home Featured മലയാളികൾക്ക് തൊഴിലവസരം? 8,000 പേർക്ക് തൊഴിൽ സാധ്യത.. ചിക്കമഗളൂരുവിൽ രണ്ട് കൂറ്റൻ ടെക്സ്റ്റൈൽ പാർക്കുകൾ വരുന്നു ,

മലയാളികൾക്ക് തൊഴിലവസരം? 8,000 പേർക്ക് തൊഴിൽ സാധ്യത.. ചിക്കമഗളൂരുവിൽ രണ്ട് കൂറ്റൻ ടെക്സ്റ്റൈൽ പാർക്കുകൾ വരുന്നു ,

by admin

ബെംഗളൂരു: കർണാടകയിലെ ചിക്കമഗളൂരുവിൽ മൂന്ന് വർഷത്തിനുള്ളിൽ കൂറ്റൻ ടെക്സ്റ്റൈൽ പാർക്കുകൾ ഉയരും. ചിക്കമഗളൂരു ജില്ലയിലാണ് രണ്ട് ടെക്സ്റ്റൈൽ പാർക്കുകൾ സ്ഥാപിക്കുക. ജില്ലയിലെ ഹിരേഗൗജ, ചീലനഹള്ളി ഗ്രാമങ്ങളിലാണ് മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് തൊഴിൽ സാധ്യതകൾ ശക്തമാക്കിക്കൊണ്ട് പാർക്കുകൾ ഉയരുക.

പൊതു – സ്വകാര്യ പങ്കാളിത്ത (പിപിപി) മാതൃകയിൽ രണ്ട് ടെക്സ്റ്റൈൽ പാർക്കുകൾ സ്ഥാപിക്കാൻ കർണാടക വാണിജ്യ – വ്യവസായ വകുപ്പ് (ടെക്സ്റ്റൈൽസ്) അംഗീകാരം നൽകി. ഹിരേഗൗജയിൽ (ചിക്കമഗളൂരു താലൂക്ക്) 15 ഏക്കർ സർക്കാർ ഭൂമിയും ചീലനഹള്ളിയിൽ (കടൂർ താലൂക്ക്) 25 ഏക്കർ സർക്കാർ ഭൂമിയും പദ്ധതിക്കായി അനുവദിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട് നടപടികൾ ആരംഭിക്കാൻ വ്യവസായ വകുപ്പ് സെക്രട്ടറി അധികൃതർക്ക് നിർദേശം നൽകി.

വൈകാതെ ടെക്സ്റ്റൈൽ വകുപ്പ് പിപിപി മോഡിൽ പാർക്കുകൾ സ്ഥാപിക്കുന്നതിനുള്ള ടെൻഡർ നടപടികൾ ആരംഭിക്കും. വെള്ളം, വൈദ്യുതി സൗകര്യങ്ങൾ ഉൾപ്പെടെയുള്ളവ സർക്കാർ നൽകും. ഹിരേഗൗജ ദേശീയ പാതയോട് ചേർന്നുള്ള പ്രദേശമായതിനാൽ റെഡിമെയ്ഡ് ടെക്സ്റ്റൈൽ നിർമാണ സൗകര്യങ്ങളും വസ്ത്ര ഫാക്ടറികളും സ്ഥാപിക്കുന്നതിന് അനുയോജ്യമാണ്.

മൂന്ന് വർഷത്തിനുള്ളിൽ പദ്ധതി ആരംഭിക്കണമെന്നാണ് നിർദേശം. അനുവദിച്ചിരിക്കുന്ന ഭൂമി മറ്റൊരു ആവശ്യത്തിനായും ഉപയോഗിക്കാൻ പാടില്ല. മറ്റ് ആവശ്യങ്ങൾക്കായി ഭൂമി കൈമാറ്റം ചെയ്യുന്നതോ വിൽക്കാനോ അനുവാദമില്ല. പദ്ധതി നടപ്പാകാനായില്ലെങ്കിൽ ഭൂമി റവന്യൂ വകുപ്പിന് തിരികെ നൽകണമെന്നാണ് കർശന നിർദേശം.

ടെക്സ്റ്റൈൽ പാർക്കുകൾ വരുന്നതോടെ പ്രദേശത്ത് ഏകദേശം 3,000 നേരിട്ടുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫാക്ടറികൾ പ്രവർത്തനം ആരംഭിക്കുന്നതോടെ പരോക്ഷ തൊഴിലവസരങ്ങളും ശക്തമാകും. ഏകദേശം 8,000 പേർക്ക് എങ്കിലും തൊഴിൽ ലഭിച്ചേക്കും. ഇതിനൊപ്പം പദ്ധതി പ്രദേശത്തിന് സമീപമുള്ള ഭൂമിയുടെ മൂല്യം വർധിച്ചേക്കും. ചിക്കമഗളൂരുവിൽ നിന്ന് വികസനം കിഴക്കോട്ട് വ്യാപിക്കാനും അവസരമൊരുങ്ങും. ചീലനഹള്ളിയിൽ 25 ഏക്കർ ഭൂമി പദ്ധതിക്കായി അനുവദിച്ചതോടെ 5,000ത്തിലധികം നേരിട്ടുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഒരു ഉദ്യോഗസ്ഥൻ അവകാശപ്പെട്ടു.

മലയാളികൾ തൊഴിൽ തേടിയും ജോലിക്കായും കൂടുതലായി എത്തിച്ചേരുന്ന സ്ഥലമാണ് ചിക്കമഗളൂരു. അതിനാൽ തന്നെ ചിക്കമഗളൂരു ജില്ലയിൽ രണ്ട് ടെക്സ്റ്റൈൽ പാർക്കുകൾ പ്രവർത്തനം ആരംഭിക്കുന്നതോടെ മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് തൊഴിൽ സാധ്യത ശക്തമാകും. ടെക്സ്റ്റൈൽ പാർക്കുകളായതിനാൽ സ്ത്രീകൾക്കാകും കൂടുതൽ മുൻഗണന.

You may also like

error: Content is protected !!
Join Our WhatsApp Group