ഓഫീസില്‍ നിന്ന് വീട്ടിലേക്ക് പോകവെ വാഹനാപകടത്തില്‍ രണ്ട് പഞ്ചായത്ത് സെക്രട്ടറിമാർക്ക് ദാരുണാന്ത്യം.ആന്ധ്രാപ്രദേശിലെ കൊനസീമ ജില്ലയിലെ ചിന്തുരു മണ്ഡലിലെ രണ്ട് പഞ്ചായത്തുകളിലെ ഉദ്യോഗസ്ഥരാണ് മരിച്ചത്. ഗണവാരം മണ്ഡലിലെ ചകലാപാലം സ്വദേശിയായ ഗെദ്ദാം സന്ദീപ് (30), കാട്രെനികോണ മണ്ഡലിലെ പല്ലങ്കുരു സ്വദേശിയായ പെയ്യില്‍ വിദ്യാസാഗർ (28) എന്നിവരാണ് മരിച്ചത്.ഗെദ്ദാം സന്ദീപ് എടുഗരലപള്ളി പഞ്ചായത്തിലെയും പെയ്യില്‍ വിദ്യാസാഗർ പേട സീതനപള്ളി പഞ്ചായത്തിലേയും സെക്രട്ടറിയാണ്. ക്രിസ്മസ് അവധിക്ക് നാട്ടിലേക്ക് പോകുന്നതിനിടെ റമ്ബച്ചോദവാരം മണ്ഡലിലെ പൊലവാരത്തായിരുന്നു അപകടം.ഇവർ സഞ്ചരിച്ച കാർ എതിരെ വന്ന മറ്റൊരു വാഹനത്തില്‍ ഇടിക്കുകയായിരുന്നു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി റമ്ബച്ചോദവാരം പൊലീസ് പറഞ്ഞു.
അതേസമയം, വ്യാഴാഴ്ച രാവിലെ കർണാടകയിലെ ചിത്രദുർഗ ജില്ലയില്‍ സ്വകാര്യ ബസിന് തീപിടിച്ച് 17 യാത്രക്കാർ മരിച്ചു. 20ലധികം പേർക്ക് ഗുരുതരമായി പൊള്ളലേറ്റു. ബെംഗളൂരുവില്‍ നിന്ന് ശിവമോഗയിലേക്ക് പോവുകയായിരുന്ന ബസ് ദേശീയപാത 48ലാണ് അപകടത്തില്‍പ്പെട്ടത്.ഗുരുതരമായി പൊള്ളലേറ്റ നിരവധി യാത്രക്കാരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. അപകടകാരണം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഹിരിയൂരില്‍ നിന്ന് ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന ലോറി സെൻട്രല്‍ ഡിവൈഡർ മുറിച്ചുകടന്ന് എതിർദിശയില്‍ നിന്ന് ബെംഗളൂരുവില്‍ നിന്ന് ശിവമോഗയിലേക്ക് പോവുകയായിരുന്ന ബസില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്.ഇടിയുടെ ആഘാതത്തില്‍ സ്ലീപ്പർ കോച്ചിന് തീപിടിക്കുകയും നിരവധി യാത്രക്കാർ അതിനുള്ളില്‍ കുടുങ്ങുകയും ചെയ്തു. ലോറി ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം. തീപിടിത്തത്തില്‍ ബസ് പൂർണമായും കത്തിനശിച്ചു.തമിഴ്നാട് കടലൂർ ജില്ലയ്ക്ക് സമീപം സർക്കാർ ബസ് മറിഞ്ഞ് രണ്ട് വാഹനങ്ങളില്‍ ഇടിച്ച് ഒമ്ബത് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.