Home Featured ലഹരിമരുന്നിന്റെ മൊത്തക്കച്ചവടം നടത്തിവന്ന രണ്ടു മലയാളികൾ ബെംഗളൂരുവിൽ പിടിയിൽ.

ലഹരിമരുന്നിന്റെ മൊത്തക്കച്ചവടം നടത്തിവന്ന രണ്ടു മലയാളികൾ ബെംഗളൂരുവിൽ പിടിയിൽ.

by admin

വിവിധസംസ്ഥാനങ്ങളിലേക്കു ലഹരിമരുന്നിന്റെ മൊത്തക്കച്ചവടം നടത്തിവന്ന രണ്ടു മലയാളികൾ ബെംഗളൂരുവിൽ പിടിയിൽ. കൊടുവള്ളി സ്വദേശി തെക്കേപ്പൊയിൽ വീട്ടിൽ അബ്ദു‌ൾ കബീർ (36), പരപ്പൻപൊയിൽ സ്വദേശി നങ്ങിച്ചിതൊടുകയിൽ വീട്ടിൽ നിഷാദ് (38) എന്നിവരെയാണ് കുന്ദമംഗലം പൊലീസ് ബെംഗളൂരുവിൽ നിന്നും പിടികൂടിയത്.ഇക്കഴഞ്ഞ ഏപ്രിൽ 24 ന് കുന്ദമംഗലം പൊലീസ് പടനിലം സ്വദേശി കീക്കാൽ ഹൗസിൽ റിൻഷാദിൻ്റെ (24) പക്കൽ നിന്ന് ആരാമ്പ്രം പുള്ളിക്കോത്ത് ഭാഗത്ത് സ്കൂട്ടറിൽ വിൽപനയ്ക്കെത്തിച്ച 59.7 ഗ്രാം മാരകലഹരിമരുന്നായ എംഡിഎംഎ പിടികൂടിയിരുന്നു.

ഈ പ്രതിയെ കസ്‌റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിൽ നിന്നും പ്രതിയുടെ ബാങ്ക് അക്കൗണ്ട് ഇടപാടുകൾ പരിശോധിച്ച് സൈബർ സെല്ലുമായി ചേർന്ന് നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് ലഹരിമരുന്നു മൊത്തക്കച്ചവടം നടത്തുന്നവരെക്കുറിച്ച് മനസ്സിലാക്കിയത്.തുടർന്ന് കുന്ദമംഗലം പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികൾ ബെംഗളൂരുവിൽ ഉണ്ടെന്നു കണ്ടെത്തുകയും കുന്ദമംഗലം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്‌ടർ കിരണിന്റെ നിർദേശപ്രകാരം സബ് ഇൻസ്പെക്ടർ നിധിൻ, എസ്‌സിപിഒമാരായ ബിജു മുക്കം, അജീഷ് താമരശ്ശേരി, വിജേഷ് പുല്ലാളൂർ എന്നിവർ ചേർന്ന് ബെംഗളൂരുവിലെ എം.എസ് പാളയം എന്ന സ്‌ഥലത്തു വച്ച് സാഹസികമായി പ്രതികളെ കസ്‌റ്റഡിയിലെടുക്കുകയായിരുന്നു.

അറസ്‌റ്റിലായ അബ്‌ദുൾ കബീറും നിഷാദും ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നൈജീരിയ സ്വദേശികളിൽ നിന്നും ലഹരിമരുന്നു മൊത്തമായി വാങ്ങി സൂക്ഷിക്കുകയും ആവശ്യപ്രകാരം വിതരണക്കാർക്ക് മൊത്തമായി നൽകി വരികയായിരുന്നു. കേരളത്തിലെ വിവിധ ജില്ലകളിലേക്ക് എംഡിഎംഎ എത്തിക്കുന്നതിലെ മുഖ്യകണ്ണികളാണ് ഇവരെന്നും പൊലീസ് പറഞ്ഞു.

പിടിയിലായ അബ്‌ദുൾ കബീർ കൊടുവള്ളി പൊലീസ് സ്‌റ്റേഷനിലെ അറിയപ്പെടുന്ന റൗഡിയാണ്. കൊടുവള്ളി, കുന്ദമംഗലം സ്റ്റേഷനുകളിലായി അടിപിടി കേസിലും ലഹരിമരുന്നു വിൽപനയ്ക്കായി സൂക്ഷിച്ചതിനും ഉപയോഗിച്ചതിനും ജനുവരിയിൽ ആരാമ്പ്രത്ത് വച്ച് 13.9 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായതിനും ഇയാൾക്കെതിരെ കേസുണ്ട്.

നിഷാദിന് സുൽത്താൻ ബത്തേരി പൊലീസ് സ്‌റ്റേഷൻ പരിധിയിലെ പൊൻകുഴിയിൽ കാറിലെത്തിച്ച എംഡിഎംഎ പിടികൂടിയത് ഉൾപ്പെടെ നിരവധി കേസുകളുണ്ട്. ലഹരിമരുന്നു വിൽപനയിലൂടെ സമ്പാദിച്ച പണം ഉപയോഗിച്ച് പ്രതികൾ ആർഭാട ജീവിതം നയിച്ചുവരികയായിരുന്നു. ആരൊക്കെയാണ് ഇവരുടെ ലഹരി മാഫിയ സംഘത്തിലെ കൂട്ടാളികളെന്നത് വിശദമായി പരിശോധിച്ച് അന്വേഷണം ഊർജിതമാക്കുമെന്ന് നർകോട്ടിക് സെൽ അസി. കമ്മിഷണർ കെ.എ. ബോസ് പറഞ്ഞു. അറസ്‌റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി.

സ്‌കൂളില്‍ നിന്നും ഒരു മാസത്തേക്ക് നല്‍കിയ അയണ്‍ ഗുളിക ഒന്നിച്ചു കഴിച്ചു; മൂന്ന് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

സ്‌കൂളില്‍ നിന്നും നല്‍കിയ അയണ്‍ ഗുളിക അധികമായി കഴിച്ച മൂന്ന് വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സിബി ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികളായ മൂന്ന് ആണ്‍കുട്ടികളെയാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിദ്യാര്‍ഥികള്‍ക്ക് മറ്റ് അസുഖ ലക്ഷണങ്ങള്‍ കണ്ടെത്തിയില്ലെന്ന് പ്രധാനാധ്യാപകന്‍ പറഞ്ഞു.അനീമിയ മുക്ത് ഭാരത് പദ്ധതിയുടെ കീഴില്‍ കഴിഞ്ഞ ദിവസമാണ് ഇരുമ്ബ് സത്ത് അടങ്ങിയ ഗുളിക കുട്ടികള്‍ക്ക് നല്‍കിയത്. വീട്ടിലേക്ക് കൊണ്ടു പോകാനായി ഒരു മാസത്തെ ഗുളികയാണ് നല്‍കിയത്.

ആഴ്ചയില്‍ ഒന്ന് വീതമാണ് കഴിക്കേണ്ടത്. ഒരു മാസത്തേക്കുള്ള ആറ് ഗുളികയാണ് ആദ്യഘട്ടമായി നല്‍കിയത്. വീട്ടിലെത്തി രക്ഷിതാക്കളോട് പറഞ്ഞു കഴിക്കാനായിരുന്നു ഓരോ ക്ലാസിലും നിര്‍ദ്ദേശം നല്‍കിയത്. എന്നാല്‍ ചില കുട്ടികള്‍ ഇത് അനുസരിക്കാതെ മുഴുവന്‍ ഗുളികകളും ക്ലാസില്‍വച്ച്‌ കഴിക്കുകയായിരുന്നു. വിവരം അറിഞ്ഞ അധ്യാപകര്‍ കുട്ടികളെ ഉടന്‍ ആശുപത്രിയിലെത്തിച്ചു്.സംഭവം കണ്ട ചില വിദ്യാര്‍ഥികള്‍ അധ്യാപകരോട് വിവരം പറഞ്ഞപ്പോഴാണ് സംശയം തോന്നിയത്. ഉടന്‍ പ്രത്യേകമായി പരിശോധന നടത്തി മുഴുവന്‍ ഗുളിക ഒന്നിച്ചു വിഴുങ്ങിയ ഇവരെ കണ്ടെത്തി.

സ്വകാര്യ ആശുപത്രിയിലും ഫറോക് ഗവ.താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. നിരീക്ഷണത്തിനാണ് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്. വിദ്യാര്‍ഥികള്‍ക്ക് മറ്റ് അസുഖ ലക്ഷണങ്ങള്‍ കണ്ടെത്തിയില്ലെന്ന് പ്രധാനാധ്യാപകന്‍ പറഞ്ഞു. 12 മണിക്കൂര്‍ നിരീക്ഷണമാണ് നിര്‍ദ്ദേശിച്ചത്. സ്‌കൂള്‍ അധ്യാപകരും രക്ഷിതാക്കളും ആശുപത്രിയിലുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group