Home Featured മംഗളുരു- തിരുവനന്തപുരം മാവേലി എക്സ്പ്രസിന് നേരെ 2 കുട്ടികൾ പടക്കമെറിഞ്ഞു , സംഭവം ഇങ്ങനെ…

മംഗളുരു- തിരുവനന്തപുരം മാവേലി എക്സ്പ്രസിന് നേരെ 2 കുട്ടികൾ പടക്കമെറിഞ്ഞു , സംഭവം ഇങ്ങനെ…

കോഴിക്കോട് : മംഗളുരു – തിരുവനന്തപുരം മാവേലി എക്സ്പ്രസിന് നേരെ കഴിഞ്ഞ ദിവസമുണ്ടായ സ്ഫോടക വസ്തുവേറിന്റെ യാഥാര്‍ത്ഥ്യം പുറത്ത്. കേന്ദ്രമന്ത്രി വി മുരളീധരനും മന്ത്രി പി എ മുഹമ്മദ് റിയാസും കോഴിക്കോട് റെയിൽ സ്റ്റേഷനിൽ നിന്ന് ട്രെയിനിൽ കയറാനിരിക്കെയായിരുന്നു അപകടം. സംഭവത്തിന് പിന്നിൽ ആരെന്ന അന്വേഷണത്തിനൊടുവിൽ പൊലീസ് കാരണക്കാരെ കണ്ടെത്തി, പിടികൂടുകയും ചെയ്തു. എന്നാൽ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളാണ് പടക്കമേറിന് പിന്നിൽ

വെള്ളയിൽ റെയിൽവെ സ്റ്റേഷൻ കടന്നുപോകവെയാണ് പടക്കമേറുണ്ടായത്. തങ്ങള്‍ റോഡ് സ്വദേശികളായ പ്രായപൂര്‍ത്തിയാവാത്ത കുട്ടികളാണ് പിടിയിലായത്. പിടിയിലായ രണ്ട് പേരെ റയില്‍വെ സംരക്ഷണ സേന പിന്നീട് രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചു. വെള്ളയില്‍ സ്റ്റേഷനു സമീപം വീണ്ടും പടക്കവുമായി എത്തിയപ്പോഴാണ് ഇവരെ പിടികൂടിയത്. ശനിയാഴ്ച രാത്രി 10.32 ഓടെയായിരുന്നു പടക്കമേറുണ്ടായത്. 

ജനറൽ കോച്ചിന് നേരെ വന്ന പടക്കം ട്രെയിനിന്റെ വാതിലിനരികിലിരുന്ന യാത്രക്കാരന്റെ കാലിൽ തട്ടി പുറത്തേക്ക് തെറിച്ചുവീണ് പൊട്ടുകയായിരുന്നു. ട്രെയിൻ കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെത്തിയപ്പോൾ യാത്രക്കാരൻ റെയിൽവെ ഉദ്യോഗസ്ഥരെ അറിയിച്ചു. ആര്‍പിഎഫ് ഉടനെ വെള്ളയിൽ സ്റ്റേഷനിലെത്തി ട്രാക്കുകളും പരിസരവും പരിശോധിച്ചു. ഡോഗ് സ്ക്വാഡ് എത്തി പരിശോധിച്ചെങ്കിലും സ്ഫോടക വസ്തുക്കളൊന്നും കണ്ടെത്തിയില്ല. പിടിയിലായ കുട്ടികളിൽ നിന്ന് പടക്കം കണ്ടെടുത്തിട്ടുണ്ട്. ഇവര്‍ വീണ്ടും പടക്കമെറിയാനുള്ള തയ്യാറെടുപ്പിലാണ് എത്തിയതെന്നാണ് പൊലീസ് പറയുന്നത്. 

ഓഗസ്റ്റ് 13 ന് രാത്രിയാണ് സംഭവം. മാവേലി എക്സ്പ്രസിന് നേരെ എറിഞ്ഞ പടക്കം യാത്രക്കാരന്റെ കാലിൽ തട്ടി പുറത്തേക്ക് വീണ് പൊട്ടി. യാത്രക്കാരൻ വാതിലിന് സമീപത്താണ് ഇരുന്നിരുന്നത്. കോഴിക്കോട് സ്റ്റേഷനിൽ ട്രെയിനിൽ എത്തിയപ്പോൾ യാത്രക്കാരൻ ആർ പി എഫിനെ കണ്ട് വിവരം പറഞ്ഞു. ഇതിന് പിന്നാലെ ആർ പി എഫ് ഈ മേഖലയിൽ വിശദമായ അന്വേഷണം നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല.

കേന്ദ്ര സഹമന്ത്രി വി മുരളീധരനും സംസ്ഥാന പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസും ഈ ട്രെയിനിൽ യാത്ര ചെയ്യാനുണ്ടായിരുന്നു. ഇതോടെയാണ് സംഭവം വിശദമായി അന്വേഷിക്കാൻ സുരക്ഷാ ഏജൻസികൾ തീരുമാനിച്ചത്. വെള്ളയിൽ പൊലീസ് റെയിൽവേ സ്റ്റേഷന് സമീപം തിരച്ചിൽ നടത്തി. വിഷയം ഗൗരവത്തോടെയാണ് പൊലീസ് കൈകാര്യം ചെയ്തത്.

പ്രതികളെ കുറിച്ച് വിവരം ലഭിക്കുന്നതിനായി സ്ഥലത്ത് ഇന്നലെ വീണ്ടും പൊലീസ് തിരച്ചിൽ നടത്തി. സിസിടിവി ദൃശ്യങ്ങളടക്കം ശേഖരിച്ച് പ്രതികളിലേക്ക് എത്താനാകുമോയെന്നായിരുന്നു പൊലീസിന്റെ ശ്രമം. ഈ ഘട്ടത്തിലാണ് സംശയാസ്പദമായി മൂന്ന് കുട്ടികളെ കണ്ടത്. സന്ധ്യാ സമയത്ത് റെയിൽവെ ട്രാക്കിന് സമീപത്തായിരുന്നു ഇവരുണ്ടായിരുന്നത്.

പൊലീസിനെ കണ്ട കുട്ടികൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. മൂന്നംഗ സംഘത്തിലെ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് റെയിൽവെ സംരക്ഷണ സേനയ്ക്ക് കൈമാറി. കുട്ടികളുടെ കൈയ്യിൽ പടക്കം ഉണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ട്രെയിനിന് നേരെ പടക്കം എറിയാനാണ് ഇന്നലെയും കുട്ടികൾ ഇവിടെയെത്തിയത് എന്നാണ് പൊലീസ് വ്യക്തമാക്കിയത്. ഒരു കൗതുകത്തിന് വേണ്ടിയാണ് തങ്ങളിത് ചെയ്തതെന്നാണ് കുട്ടികൾ പൊലീസിനോട് പറഞ്ഞത്. ഇതിന് പിന്നാലെ കുട്ടികളെ ആർ പി എഫ് ചൈൽഡ് ലൈൻ കെയർ സെന്ററിലെത്തിച്ചു. ഇവിടെ വെച്ച് കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയ ശേഷം താക്കീത് നൽകി രണ്ട് പേരെയും രക്ഷിതാക്കൾക്കൊപ്പം വിട്ടയച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group