Home Featured ബെംഗളൂരു വിമാനത്താവളത്തിൽ കീശ കീറാതെ കഴിക്കാം; പ്രഭാതഭക്ഷണത്തിന് അഞ്ച് രൂപ, ഉച്ചഭക്ഷണത്തിന് 10

ബെംഗളൂരു വിമാനത്താവളത്തിൽ കീശ കീറാതെ കഴിക്കാം; പ്രഭാതഭക്ഷണത്തിന് അഞ്ച് രൂപ, ഉച്ചഭക്ഷണത്തിന് 10

by admin

ബെംഗളൂരു: ബെംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തെ ആശ്രയിക്കുന്നവർക്കൊരു സന്തോഷ വാർത്ത. സംസ്ഥാന സർക്കാരിൻ്റെ ഇന്ദിരാ കാൻ്റീനിൻ്റെ രണ്ട് ഔട്ട്ലെറ്റുകൾ വിമാനത്താവള പരിസരത്ത് ആരംഭിക്കും. കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ ആണ് ഇക്കാര്യം അറിയിച്ചത്. പാവപ്പെട്ടവരുടെ വിശപ്പകറ്റുന്ന ഇന്ദിരാ കാൻ്റീൻ പദ്ധതി പ്രശംസ നേടിയെന്ന് മന്ത്രി പറഞ്ഞു.

വർഷങ്ങളായുള്ള ആവശ്യത്തിനൊടുവിലാണ് ബെംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലും ഇന്ദിരാ കാൻ്റീൻ തുറക്കുന്നത്. ക്യാബ് ഡ്രൈവേഴ്സ് അസോസിയേഷൻ അടക്കം ആവശ്യവുമായി രംഗത്തെത്തിയിരുന്നു. സർക്കാരിൻ്റെ പുതിയ തീരുമാനം ഡ്രൈവർമാർക്ക് ഏറെ ആശ്വാസകരമാകും.

പദ്ധതിക്കായി രണ്ടു ടെർമിനലുകൾക്ക് സമീപമായി ബിബിഎംപി സ്ഥലം കണ്ടെത്തിയിട്ടുണ്ട്. ടെർമിനൽ ഒന്നിലെ പാർക്കിങ് ഏരിയയിലാണ് കാൻ്റീനും അടുക്കളയും ഉൾപ്പെടുന്ന ഒരു ഔട്ട്ലെറ്റ്. ഇതിനായി 87 ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ടെർമിനൽ രണ്ടിലെ കാൻ്റീനിനായി 48 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. കാൻ്റീനിൽ അഞ്ചു രൂപയ്ക്കാണ് പ്രഭാതഭക്ഷണം വിതരണം ചെയ്യുന്നത്. ഉച്ചഭക്ഷണത്തിനും അത്താഴത്തിനും 10ന് രൂപയാണ് നിരക്ക്.

ഇന്ദിര കാൻ്റീൻ

തമിഴ്നാട് സർക്കാരിൻ്റെ ‘അമ്മ ഉണവഗം’ പദ്ധതിയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് കർണാടകത്തിൽ കോൺഗ്രസ് സർക്കാർ മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ പേരിൽ ഇന്ദിര കാൻ്റീൻ പദ്ധതിക്ക് തുടക്കമിട്ടത്. സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടായപ്പോൾ പദ്ധതി മന്ദഗതിയിലായിരുന്നെങ്കിലും കോൺഗ്രസ് സർക്കാർ തിരിച്ചു വന്നതോടെ പദ്ധതിക്ക് ജീവൻ ലഭിച്ചു.

സംസ്ഥാന സർക്കാരും തദ്ദേശ സ്ഥാപനങ്ങളും 50 ശതമാനം വീതമാണ് പദ്ധതിക്കുള്ള പണം നൽകുന്നത്. ഇഡ്ഡലിയും ചമ്മന്തിയുമാണ് പ്രഭാതഭക്ഷണം. സാമ്പാർ, കേഡ് റൈസ്, ടൊമാറ്റോ ബാത്ത് എന്നിവയാണ് ഉച്ചഭക്ഷണമായും അത്താഴമായും നൽകുന്നത്. ബെംഗളൂരുവിൽ മാത്രം 200 ഓളം കാൻ്റീനുകൾ പ്രവർത്തിക്കുന്നുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group