ബംഗളൂരു: ബൊമ്മസാന്ദ്ര കിതഗനഹള്ളിയില്‍ പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കെട്ടിടം തകർന്നു. അപകടത്തില്‍ മലയാളിയടക്കം രണ്ടുപേർക്ക് പരിക്കേറ്റു.നാരായണ ഹൃദയാലയയില്‍ ജോലി ചെയ്യുന്ന മലയാളിയായ വിശ്വം, തമിഴ്നാട് സ്വദേശി സുനില്‍ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരുടെയും ആരോഗ്യനില ഗുരുതരമാണ്. ജയനഗർ സ്വദേശി സുനില്‍ കുമാറിന്റേതാണ് കെട്ടിടം.
തിങ്കളാഴ്ച രാവിലെ 8.30ഓടെയാണ് അപകടം. കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് പൊട്ടിത്തെറിയുണ്ടായത്. ഒരു നില പൂർണമായും തകർന്നു. സമീപത്തെ നാലുകെട്ടിടങ്ങളിലെ തൂണുകള്‍ക്കും കെട്ടിടത്തിന് മുന്നില്‍ നിർത്തിയിട്ട മൂന്നു കാറുകള്‍, ആറ് ഇരുചക്ര വാഹനങ്ങള്‍ എന്നിവക്കും കേടുപാട് പറ്റി. അഗ്നിരക്ഷാ സേനയും പൊലീസും സംഭവസ്ഥലത്തെത്തി.
ഗര്‍ഭിണിയാണെന്നു നടിച്ച് പ്രസവവാര്‍ഡില്‍ കടന്ന് കുഞ്ഞിനെ മോഷ്ടിച്ച എം.ബി.എ ബിരുദധാരിണി അറസ്റ്റില്‍
മഹാരാഷ്ട്ര നാസികിലെ ആശുപത്രിയിലെ പ്രസവവാർഡില്‍ കടന്ന് കുഞ്ഞിനെ മോഷ്ടിച്ച യുവതി അറസ്റ്റില്‍. എം.ബി.എ ബിരുദധാരിയായ സപ്ന മറാത്തെയാണ് (35) താൻ ഗർഭിണിയാണെന്ന് വീട്ടുകാരെ വിശ്വസിപ്പിച്ച് അഞ്ചുദിവസം പ്രായമായ കുഞ്ഞിനെ മോഷ്ടിക്കാൻ ശ്രമിച്ചത്.പ്രസവ തീയതി അടുത്തതായി പറഞ്ഞ് ഇവർ നാസികിലേക്ക് തിരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. നാസികിലെത്തിയ യുവതി സിവില്‍ ആശുപത്രിയിലെ പ്രസവ വാർഡിലെ രണ്ട് സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ചു. അവരില്‍ ഒരാളായ സുമൻ അബ്ദുല്‍ ഖാൻ എന്ന യുവതി 2024 ഡിസംബർ 29ന് കുഞ്ഞിന് ജന്മം നല്‍കി.
ശനിയാഴ്ച ഡിസ്ചാർജ് നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനിടെ പ്രതി കുഞ്ഞിനെ എടുത്ത് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. ഉടൻ തന്നെ കുഞ്ഞിന്റെ മാതാപിതാക്കൾ ആശുപത്രി അധികൃതരെയും സർക്കാർവാഡ പൊലീസിനെയും വിവരം അറിയിച്ചു. കൈക്കുഞ്ഞുമായി സപ്ന മറാത്തെ ആശുപത്രി വിടുന്നത് സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായ പൊലീസ് പ്രത്യേക സംഘം രൂപീകരിച്ച് യുവതിക്കായി തിരച്ചിൽ ആരംഭിച്ചു.
തുടർന്ന് പഞ്ചവടി ക്രൈംബ്രാഞ്ച് യൂണിറ്റിന് യുവതിയെകുറിച്ച് വിവരം ലഭിച്ചതായി ഡെപ്യൂട്ടി പൊലീസ് കമീഷണർ (ക്രൈം) പ്രശാന്ത് ബച്ചാവ് പറഞ്ഞു. യുവതിയുടെ ഭർത്താവിന് പദ്ധതികളെ കുറിച്ച് അറിയുമായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. കൂടുതൽ അന്വേഷണം നടക്കുകയാണ്. സപ്ന മറാത്തേ, ഭർത്താവ്, അച്ഛൻ, സഹോദരൻ എന്നിവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തുമെന്ന് ഉദ്യോഗസ്ഥൻ അറിയിച്ചു.