ബംഗളൂരു: ഹാസൻ എം.പി പ്രജ്വല്‍ രേവണ്ണ ഉള്‍പ്പെട്ട ലൈംഗികാതിക്രമ കേസില്‍ രണ്ട് ബി.ജെ.പി പ്രവർത്തകർ അറസ്റ്റില്‍. പ്രജ്വലിന്റെ അശ്ലീല വിഡിയോകള്‍ പ്രചരിപ്പിച്ചതില്‍ പങ്കുണ്ടെന്നു കണ്ടെത്തിയതിനെ തുടർന്ന് ചേതൻ, ലിഖിത് ഗൗഡ എന്നിവരെ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) ഞായറാഴ്ച അറസ്റ്റു ചെയ്യുകയായിരുന്നു. ഇരുവരെയും വൈദ്യപരിശോധനക്കു ശേഷം കോടതിയില്‍ ഹാജരാക്കി.
വോട്ടെടുപ്പ് നടക്കാൻ ദിവസങ്ങള്‍ ശേഷിക്കെയാണ് ഹാസൻ മണ്ഡലത്തില്‍ വിവിധയിടങ്ങളിലായി പ്രജ്വല്‍ ഉള്‍പ്പെട്ട മൂവായിരത്തോളം ലൈംഗിക വിഡിയോകള്‍ അടങ്ങിയ ഫ്ലാഷ് ഡ്രൈവുകള്‍ വിതറിയത്. രണ്ടാംഘട്ട വോട്ടെടുപ്പ് നടന്ന ഏപ്രില്‍ 26നായിരുന്നു ഹാസനിലും തെരഞ്ഞെടുപ്പ് നടന്നത്. വിഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വൻ വിവാദമുയർന്നു. ദൃശ്യങ്ങള്‍ പ്രജ്വല്‍ തന്നെ ചിത്രീകരിച്ചതാണെന്നും പ്രചാരണമുണ്ടായി. പിന്നാലെ സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയായിരുന്നു.
കേസുമായി ബന്ധപ്പെട്ട് പ്രജ്വലിന്റെ പിതാവ് എച്ച്.ഡി. രേവണ്ണയെ എസ്.ഐ.ടി കസ്റ്റഡില്‍ എടുത്തിട്ടുണ്ട്. അതിക്രമത്തിന് ഇരയായ സ്ത്രീയെ തട്ടിക്കൊണ്ടുപോയെന്ന കേസിലാണ് രേവണ്ണ പിടിയിലായത്. ജെ.ഡി.എസും സഖ്യകക്ഷിയായ ബി.ജെ.പിയും അന്വേഷണം സി.ബി.ഐക്ക് വിടണമെന്ന ആവശ്യവുമായി രംഗത്തു വന്നിട്ടുണ്ട്. കോണ്‍ഗ്രസ് സർക്കാർ നിയമിച്ച എസ്.ഐ.ടി, കേസ് ഏകപക്ഷീയമായാണ് അന്വേഷിക്കുന്നതെന്ന് ജെ.ഡി.എസ് നേതാവും രേവണ്ണയുടെ സഹോദരനുമായ എച്ച്.ഡി. കുമാരസ്വാമി ആരോപിച്ചു. ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത് പൊലീസാണെന്നും കുമാരസ്വാമി പറഞ്ഞു.
അതേസമയം, പ്രജ്വലും പിതാവ് രേവണ്ണയും പീഡിപ്പിച്ചെന്ന വെളിപ്പെടുത്തലുമായി കൂടുതല്‍ സ്ത്രീകള്‍ രംഗത്തുവന്നു. പരാതികള്‍ ലഭിച്ചില്ലെന്ന് ദേശീയ വനിതാ കമീഷൻ അവകാശപ്പെട്ടതിനു പിന്നാലെയാണ്, തന്നെയും അമ്മയെയും പ്രജ്വല്‍ ബംഗളൂരുവിലെ വസതിയില്‍ പീഡനത്തിന് ഇരയാക്കിയെന്ന വെളിപ്പെടുത്തലുമായി യുവതി രംഗത്തു വന്നത്. വീട്ടുജോലിക്കാരായ നിരവധി സ്ത്രീകളെ പ്രജ്വലും രേവണ്ണയും അതിക്രമത്തിന് ഇരയാക്കിയെന്നും യുവതി അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിട്ടുണ്ട്. ഏപ്രില്‍ 27ന് ജർമനിയിലേക്കു കടന്ന പ്രജ്വലിനെതിരെ ഇന്റർപോള്‍ ബ്ലൂകോർണർ നോട്ടിസ് പുറപ്പെടുവിച്ചിട്ടുണ്ട്.