ബെംഗളൂരു : അന്താരാഷ്ട്ര ഫോൺകോളുകൾ ലോക്കൽ കോളുകളാക്കി മാറ്റി ഉപഭോക്താക്കൾക്ക് കൈമാറുന്ന നിയമവിരുദ്ധ ടെലിഫോൺ എക്സ്ചേഞ്ച് പ്രവർത്തിപ്പിച്ച രണ്ട് മലയാളി യുവാക്കൾ ബെംഗളൂരുവിൽ അറസ്റ്റിൽ. മലപ്പുറം സ്വദേശികളായ എം.എ. ഫയസ് (31), മുഹമ്മദ് സഫാഫ് (30) എന്നിവരെയാണ് ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് പോലീസ് അറസ്റ്റ് ചെയ്തത്.സിം ബോക്സും മൊബൈൽ ആപ്പും ഉപയോഗിച്ചാണ് ഫോൺകോളുകൾ കൈമാറിവന്നതെന്ന് പോലീസ് പറഞ്ഞു.
ഗൾഫ് രാജ്യങ്ങളിലുള്ളവർ കുറഞ്ഞ നിരക്കിൽ അവരുടെ വീട്ടിലേക്ക് ഫോൺ ചെയ്യാനാണ് ഈ സൗകര്യം ഉപയോഗിച്ചുവന്നത്. ആറ് മാസമായി ഈ അനധികൃത ടെലിഫോൺ എക്സ്ചേഞ്ച് പ്രവർത്തിപ്പിച്ചുവരികയായിരുന്നെന്നും കണ്ടെത്തി. കോടിക്കണക്കിന് രൂപ ഇവർ ഇതുവഴി സമ്പാദിച്ചിട്ടുണ്ടെന്ന് പോലീസ് പറയുന്നു.ലഭിച്ച തുകയുടെ വിഹിതം ഗൾഫിലെ കൂട്ടാളികൾക്ക് ഹവാല ഇടപാടുവഴി മാസംതോറും കൈമാറിയിരുന്നതായും കണ്ടെത്തി.
സിം കാർഡുകൾ വിദേശരാജ്യങ്ങളിൽനിന്ന് കൂറിയർ വഴിയെത്തിക്കുകയായിരുന്നെന്നും പോലീസ് പറഞ്ഞു. സംഘത്തിൽ കൂടുതൽ പേരുണ്ടോയെന്ന് പോലീസ് അന്വേഷിച്ചുവരുന്നു. ബെംഗളൂരുവിൽ സമാനരീതിയിൽ അനധികൃത ടെലിഫോൺ എക്സ്ചേഞ്ചുകൾ പ്രവർത്തിപ്പിച്ചവരെ നേരത്തേയും പോലീസ് പിടികൂടിയിട്ടുണ്ട്
ലഗേജ് ബാഗില്‍ രണ്ടു വയസുള്ള പെണ്‍കുഞ്ഞ്; യുവതി അറസ്റ്റില്‍
ബസിലെ ലഗേജ് ബാഗില്‍ രണ്ടുവയസുള്ള പെണ്‍കുഞ്ഞിനെ കണ്ടെത്തിയതിനെത്തുടർന്ന് ഇരുപത്തേഴുകാരി അറസ്റ്റില്‍.ഞായറാഴ്ച വടക്കൻ ന്യൂസിലൻഡിലെ കെയ്‌വാക്ക എന്ന ചെറു പട്ടണത്തിലായിരുന്നു സംഭവം.യുവതി ബസില്‍ ലഗേജ് സൂക്ഷിക്കുന്ന സ്ഥലം തുറക്കാൻ ആവശ്യപ്പെട്ടപ്പോള്‍ ബാഗ് അനങ്ങുന്നതു കണ്ട ഡ്രൈവറാണു പോലീസിനെ വിവരമറിയിച്ചത്.ബാഗ് തുറന്നപ്പോള്‍ കുഞ്ഞിനെ കണ്ടെത്തി. ചൂടു മൂലമുള്ള വിഷമം ഒഴിച്ചാല്‍ കുട്ടിക്കു മറ്റു പരിക്കുകളില്ല. ഉടൻതന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയും കുഞ്ഞും തമ്മിലുള്ള ബന്ധം വെളിപ്പെടുത്തിയിട്ടില്ല.