ബെംഗളൂറു: ( 24.07.2021) ട്വിറ്റര്‍ ഇന്‍ഡ്യ എംഡിക്കെതിരായ നോടീസ് കര്‍ണാടക ഹൈകോടതി റദ്ദാക്കി. ഗാസിയാബാദ് വിഡിയോ കേസില്‍ എം ഡി മനീഷ് മഹേശ്വരി ചോദ്യം ചെയ്യലിന് നേരിട്ട് ഹാജരാവണമെന്ന യുപി പൊലീസിന്റെ നോടീസാണ് ഹൈകോടതി റദ്ദാക്കിയത്. പിന്നാലെ നോടീസ് അയച്ച് ഹര്‍ജിക്കാരനെ സമ്മര്‍ദത്തിലാക്കാന്‍ ശ്രമിച്ച യുപി പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ചു.വിഡിയോ കോണ്‍ഫറന്‍സിങ് വഴി ഹാജരാവാമെന്ന് മനീഷ് മഹേശ്വരി നേരത്തെ അറിയിച്ചിരുന്നെങ്കിലും യുപി പൊലീസ് അനുവാദം നല്‍കിയിരുന്നില്ല. ബെംഗളൂറുവില്‍ കഴിയുന്ന മനീഷ് മഹേശ്വരി ഇതോടെ ജൂണ്‍ 21ന് ഹര്‍ജിയുമായി കര്‍ണാടക ഹൈകോടതിയെ സമീപിക്കുകയായിരുന്നു. അറസ്റ്റ് നടപടി തടഞ്ഞ് ജൂണ്‍ 24ന് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
ലോണി ബോര്‍ഡര്‍ പൊലീസിന്റെ അധികാര പരിധിക്ക് പുറത്തുള്ളയാളോട് ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ആവശ്യപ്പെട്ടത് നിയമപരമായി നിലനില്‍ക്കില്ലെന്ന മനീഷ് മഹേശ്വരിയുടെ വാദം അംഗീകരിച്ച കോടതി, ക്രിമിനല്‍ നടപടി ക്രമത്തിലെ സെക്ഷന്‍ 41 എ പ്രകാരമുള്ള നോടീസ് അയച്ചത് ഹര്‍ജിക്കാരനെ സമ്മര്‍ദത്തിലാക്കാനും പീഡനോപകരണവുമായാണെന്നും വിമര്‍ശിച്ചു. അറസ്റ്റ് ഭീഷണിയുള്ളതാണ് സെക്ഷന്‍ 41 എ പ്രകാരമുള്ള നോടീസ്.ഉത്തര്‍പ്രദേശ് ഗാസിയാബാദിലെ ലോണിയില്‍ മുസ്ലിം വയോധികനെ മര്‍ദിക്കുന്ന വിഡിയോ ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. ട്വിറ്റര്‍ ഇന്‍ഡ്യ എം ഡിയില്‍ നിന്ന് പൊലീസ് തേടിയ വിവരങ്ങള്‍ പബ്ലിക് ഡൊമൈനുകളിലടക്കം ലഭ്യമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
രേഖകള്‍ പ്രകാരം, ട്വിറ്റര്‍ കമ്യൂണികേഷന്‍സ് ഇന്‍ഡ്യ പ്രൈവറ്റ് ലിമിറ്റഡ് സ്വതന്ത്ര കമ്ബനിയാണ്. യുഎസ് ആസ്ഥാനമായ ട്വിറ്ററിലെ ഉള്ളടക്കം നിയന്ത്രിക്കുന്നതില്‍ ഇതിന് പങ്കില്ല. കേസില്‍ ട്വിറ്റര്‍ ഇന്‍ഡ്യ എംഡി പ്രതിയല്ല. അദ്ദേഹത്തിന് പ്രഥമദൃഷ്ട്യാ പങ്കുണ്ടോ എന്ന് ലവലേശം പോലും വസ്തുതാ പരിശോധന നടത്താതെയാണ് യുപി പൊലീസ് നോടീസ് അയച്ചത്.സെക്ഷന്‍ 160 പ്രകാരം നേരത്തെ അയച്ച നോടീസില് ആവശ്യമെങ്കില്‍ ഓണ്‍ലൈനായി ചോദ്യം ചെയ്യാമെന്ന് ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് നരേന്ദറിന്റെ ഏകാംഗ ബെഞ്ച് വ്യക്തമാക്കി.