തെലങ്കാനയില്‍ നിര്‍മാണത്തിലിരുന്ന തുരങ്കം തകര്‍ന്ന് വീണ് വന്‍ അപകടം. എട്ട് തൊഴിലാളികള്‍ കുടുങ്ങികിടക്കുന്നതായി സൂചന. തുരങ്കത്തിന്റെ ഒരു ഭാഗമാണ് തകര്‍ന്നത്. ഇവിടെ കുടുങ്ങിയ തൊഴിലാളികളുടെ കൃത്യമായ എണ്ണം സംബന്ധിച്ച് നിര്‍മാണക്കമ്പനി കണക്കെടുക്കുകയാണ്. എട്ട് പേരെങ്കിലും തുരങ്കത്തില്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍. രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി പുരോഗമിക്കുകയാണ്.അമ്രാബാദിലാണ് തുരങ്കത്തിന്റെ നിര്‍മാണം നടക്കുന്നത്. ശ്രീശൈലം അണക്കെട്ടിന് പിന്നിലുള്ള തുരങ്കത്തിന്റെ ഒരു ഭാഗത്ത് ചോര്‍ച്ച നന്നാക്കാന്‍ തൊഴിലാളികള്‍ ഉള്ളിലേക്ക് പോയപ്പോഴാണ് തകര്‍ച്ച സംഭവിച്ചത്. തുരങ്കത്തിന്റെ ഇടതുഭാഗം തകര്‍ന്നു വീഴുകയായിരുന്നുവെന്നാണ് ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നത്.
തുരങ്കത്തിന്റെ മുകള്‍ഭാഗം മൂന്ന് മീറ്ററോളം തകര്‍ന്നിട്ടുണ്ട്. തൊഴിലാളികള്‍ജോലിയില്‍ ഏര്‍പ്പെട്ടിരുന്നപ്പോഴാണ് തുരങ്കം തകര്‍ന്നത്. തുരങ്കത്തിനുള്ളില്‍200 മീറ്ററിലധികം ചെളി ഇരച്ചുകയറിയതാണ് ആശങ്കയ്ക്കിടയാക്കുന്നത്. നിരവധി തൊഴിലാളികള്‍ക്ക് രക്ഷപ്പെടാന്‍ കഴിഞ്ഞെങ്കിലും എട്ട് പേരോളം കുടങ്ങിപ്പോകുകയായിരുന്നു.അപകടത്തില്‍ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടുക്കം രേഖപ്പെടുത്തി. നിരവധി പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റതായി അദ്ദേഹം പറഞ്ഞു. ജില്ലാ കലക്ടര്‍, പൊലീസ് സൂപ്രണ്ട്, ഫയര്‍ഫോഴ്‌സ്, ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് എന്നിവരോട് ഉടന്‍ സംഭവസ്ഥലത്തെത്താനും അദ്ദേഹം നിര്‍ദേശിച്ചു.
ജലസേചന വകുപ്പ് മന്ത്രി എന്‍.ഉത്തം കുമാറും മറ്റ് ഉദ്യോഗസ്ഥരും സംഭവസ്ഥലത്തുണ്ട്. കേന്ദ്ര കല്‍ക്കരി മന്ത്രി കിഷന്‍ റെഡ്ഡി സംസ്ഥാന സര്‍ക്കാറില്‍ നിന്നും അപകടം സംബന്ധിച്ച് വിവരങ്ങള്‍ തേടിയിട്ടുണ്ട്.