ബംഗളൂരു: ചോരക്കുഞ്ഞുങ്ങളെ തട്ടിയെടുത്ത് മക്കളില്ലാത്ത ദമ്ബതികള്‍ക്ക് വില്‍പന നടത്തുന്ന ആരോഗ്യ പ്രവർത്തകർ ഉള്‍പ്പെട്ട സംഘത്തെ ബുധനാഴ്ച തുമകൂരുവില്‍ പൊലീസ് അറസ്റ്റ് ചെയ്തു.
കുനിഗല്‍ ഗവ.ആശുപത്രി മുൻ നഴ്സ് ഡി.മഹേഷ് (39), കെ.രാമകൃഷ്ണ(53), ഹനുമന്ത രാജു (45), എം. മുബാറക്(44), സി. മഹബൂബ് ഷാഫി (52), പ്രാഥമികാരോഗ്യ കേന്ദ്രം കരാർ ജീവനക്കാരി പി.പൂർണിമ (39), സ്റ്റാഫ് നഴ്സ് എ.സൗജന്യ (48) എന്നിവരാണ് അറസ്റ്റിലായത്. വീട്ടില്‍ ഉറക്കിക്കിടത്തിയ 11 മാസം പ്രായമുള്ള കുഞ്ഞിനെ രാത്രി കാണാതായെന്ന് ഗുബ്ബി താലൂക്കിലെ ദമ്ബതികള്‍ ഈ മാസം ഒമ്ബതിന് നല്‍കിയ പരാതിയുടെ അന്വേഷണത്തിലാണ് റാക്കറ്റിന്റെ ചുരുളഴിഞ്ഞത്.
ദമ്ബതികളുടെ പരാതിയില്‍ രജിസ്റ്റർ ചെയ്ത കേസില്‍ രാമകൃഷ്ണനെയും രാജുവിനെയും അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തതോടെ കൂടുതല്‍ പേരുടെ ബന്ധം വെളിപ്പെടുകയായിരുന്നു. തുടർന്നാണ് മഹേഷിനെ അറസ്റ്റ് ചെയ്തത്. കുഞ്ഞിനെ 1.75 ലക്ഷം രൂപക്ക് മുബാറക് മുഖേന വില്‍പന നടത്തിയതായി അവർ പൊലീസിനോട് പറഞ്ഞു. കുഞ്ഞിനെ വീണ്ടെടുത്തിട്ടുണ്ട്.
മഹേഷിന് ഗവ.വെന്റ് ലോക് ആശുപത്രിയില്‍, അവിഹിത ഗർഭിണികളെ സമീപിച്ച് അവർ പ്രസവിക്കുന്ന കുഞ്ഞുങ്ങളെ സ്വീകരിച്ച് രണ്ടും മൂന്നും ലക്ഷം രൂപക്ക് വില്‍പന നടത്തുന്ന ഏർപ്പാടുണ്ടെന്ന് പൊലീസ് കണ്ടെത്തി. ഭാര്യയുടെ പേരില്‍ ഹുളിയാറില്‍ നടത്തുന്ന മെഡിക്കല്‍ ഷോപ്പിന്റെ മറവിലാണ് മെഹബൂബ് ശരീഫ് സംഘത്തില്‍ കണ്ണിയായത്.
സംഘത്തിന് ഒത്താശ ചെയ്തതായി കണ്ടെത്തിയാണ് പൂർണിമയെയും സൗജന്യയെയും അറസ്റ്റ് ചെയ്തത്. തട്ടിയെടുത്ത കുട്ടികളില്‍ അഞ്ചു പേരെ കുറിച്ച് വിവരങ്ങള്‍ ലഭിച്ചതായി തുമകൂരു ജില്ല പൊലീസ് സൂപ്രണ്ട് കെ.വി.അശോക് പറഞ്ഞു. ഒരു കുട്ടി മരിച്ചു. ഒരു കുട്ടിയെ രക്ഷിതാക്കളെ ഏല്‍പിച്ചു. ശേഷിക്കുന്നവർ ശിശുമന്ദിരങ്ങളില്‍ കഴിയുകയാണ്. സംഘം കുട്ടികളുടെ വ്യാജ ജനന സർട്ടിഫിക്കറ്റുകളും തയാറാക്കിയിരുന്നു.