ചെന്നൈ: ഓരോ പബ്ലിസിറ്റി മെറ്റീരിയല്‍ എത്തുമ്പോഴും പ്രേക്ഷക പ്രതീക്ഷകള്‍ ഉയര്‍ത്തിവരുന്ന ചിത്രമാണ് ലിയോ. വിജയ്യുടെ കരിയറിലെ 67-ാം ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപനം ഇന്നലെ ആയിരുന്നു. ഇന്നലെ വരെ ദളപതി 67 എന്ന് വിളിക്കപ്പെട്ട ചിത്രത്തിന്റെ പേര് ലിയോ എന്നാണ്. ബ്ലഡി സ്വീറ്റ് എന്നാണ് ടാഗ്ലൈന്. ചിത്രം എല്‍സിയു (ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സ്) വിന്റെ ഭാഗമാണെന്ന് ഔദ്യോഗികമായി ഇനിയും പ്രഖ്യാപിക്കപ്പെട്ടിട്ടില്ലെങ്കിലും ലോകേഷ് ആരാധകര്‍ പുതിയ ചിത്രത്തിലും അതിനുള്ള സാധ്യതകള്‍ പരമാവധി ആരായുന്നുമുണ്ട്. പബ്ലിസിറ്റി മെറ്റീരിയലുകളിലെ സൂക്ഷ്മാംശങ്ങളില്‍ അതിനായുള്ള തെരച്ചില്‍ നടത്തുന്നുമുണ്ട്.
ഇപ്പോള്‍ ഇതാ ചിത്രത്തിനെക്കുറിച്ച് പരക്കുന്ന ഒരു അഭ്യൂഹം വലിയ വാര്‍ത്തയാകുകയാണ്. ചിത്രത്തിലെ നായികയായ തൃഷയെ ചിത്രത്തില്‍ നിന്നും ഒഴിവാക്കി എന്നതായിരുന്നു വാര്‍ത്ത. കശ്മീരില്‍ ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂള്‍ പുരോഗമിക്കവേ, നടി തൃഷ ചെന്നൈ വിമാനതാവളത്തില്‍ മടങ്ങിയെത്തി എന്ന് പറയുന്ന ചിത്രങ്ങള്‍ വൈറലായതോടെയാണ് ഈ വാര്‍ത്ത പരന്നത്.
എന്നാല്‍ ഇതില്‍ വിശദീകരണവുമായി തൃഷയുടെ അമ്മ തന്നെ രംഗത്ത് എത്തി. തൃഷയുടെ അമ്മ ഉമാ കൃഷ്ണൻ തമിഴ് ടെലിവിഷൻ ചാനലിനോട് സംസാരിക്കുകയും കിംവദന്തികൾ തള്ളിക്കളയുകയും ചെയ്തു. തൃഷ ഇപ്പോഴും കാശ്മീരിൽ ലിയോയുടെ ചിത്രീകരണത്തിലാണെന്ന് അവർ വെളിപ്പെടുത്തി.
കശ്മീരിലെ കാലാവസ്ഥ കാരണം ലിയോയുടെ സെറ്റിൽ വെച്ചാണ് തൃഷയ്ക്ക് അസുഖം ബാധിച്ചെന്നാണ് പല റിപ്പോർട്ടുകളും നേരത്തെ വന്നത്. എന്നാൽ ആ അഭ്യൂഹങ്ങൾക്ക് വിരാമമിട്ടിരിക്കുകയാണ് ഉമാ കൃഷ്ണൻ വാർത്താ ചാനലിന് നൽകിയ സ്ഥിരീകരണം.
അതേ സമയം ലിയോയില്‍ വിജയ്ക്കൊപ്പം എത്തുന്ന ഒന്‍പത് താരങ്ങളുടെ പേരുവിവരങ്ങള്‍ അണിയറക്കാര്‍ ഇതിനകം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്. സഞ്ജയ് ദത്ത്, പ്രിയ ആനന്ദ്, സാന്‍ഡി, സംവിധായകന് മിഷ്കിന്, മന്‍സൂര്‍ അലി ഖാന്, ഗൌതം വസുദേവ് മേനോന്, അര്ജുന് എന്നിവര്‍ക്കൊപ്പം മലയാളത്തില്‍ നിന്ന് മാത്യു തോമസും ചിത്രത്തിന്റെ ഭാഗമാവുന്നുണ്ട്. തൃഷ 14 കൊല്ലത്തിന് ശേഷമാണ് വിജയ്ക്കൊപ്പം ഒരു ചിത്രം ചെയ്യുന്നത്.
തമിഴിലെ പ്രമുഖ ബാനര്‍ ആയ സെവന് സ്ക്രീന്‍ സ്റ്റുഡിയോ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം അനിരുദ്ധ് രവിചന്ദര്‍ ആണ്. ഛായാഗ്രഹണം മനോജ് പരമഹംസ, സംഘട്ടന സംവിധാനം അന്‍പറിവ്, എഡിറ്റിംഗ് ഫിലോമിന്‍ രാജ്, കലാസംവിധാനം എന്‍ സതീഷ് കുമാര്‍, നൃത്തസംവിധാനം ദിനേശ്, ലോകേഷിനൊപ്പം രത്മകുമാറും ധീരജ് വൈദിയും ചേര്‍ന്നാണ് സംഭാഷണ രചന നിര്‍വ്വഹിക്കുന്നത്. ഒക്ടോബര്‍ 19 ന് ചിത്രം തിയറ്ററുകളില്‍ എത്തും.
ഇനി വിദേശത്തും യുപിഐ ഇടപാട് നടത്താം; ഇന്ത്യയിലെ ആദ്യ പ്ലാറ്റ്ഫോമായി ഫോണ്‍ പേ
ന്യൂഡല്‍ഹി: വിദേശത്തും യുപിഐ ഇടപാടുകള്‍ നടത്താന്‍ സഹായിക്കുന്ന ആദ്യ ഡിജിറ്റല്‍ പണമിടപാട് പ്ലാറ്റ്ഫോമായി മാറി ഫോണ്‍ പേ.വിദേശത്ത് യാത്ര പോകുന്ന ഇന്ത്യക്കാര്‍ക്ക് ഇത് ഏറെ പ്രയോജനം ചെയ്യും. യുപിഐ ഉപയോഗിച്ച് ഇടപാട് നടത്താന്‍ ഇതുവഴി സാധിക്കും.
രാജ്യാന്തര ഡെബിറ്റ് കാര്‍ഡ് ഇടപാട് പോലെ തന്നെയാണ് യുപിഐ വഴിയുള്ള ഇടപാടും. ബാങ്ക് അക്കൗണ്ടില്‍ നിന്ന് വിദേശ കറന്‍സിയുടെ മൂല്യത്തിന് സമാനമായ തുക കിഴിക്കും. യുഎഇ, സിംഗപ്പൂര്‍, മൗറീഷ്യസ്, നേപ്പാള്‍, ഭൂട്ടാന് എന്നിവിടങ്ങളില്‍ ലോക്കല്‍ ക്യൂആര്‍ കോഡ് ഉപയോഗിച്ച് ഷോപ്പിങ് ചെയ്യാന്‍ സാധിക്കുമെന്ന് ഫോണ്‍ പേ അറിയിച്ചു. കൂടുതല്‍ രാജ്യങ്ങളിലേക്ക് സേവനം വിപുലീകരിക്കുമെന്നും ഫോണ്‍ പേ വ്യക്തമാക്കി.
ആപ്പില്‍ യുപിഐ ഇന്റര്‍നാഷണലിനായി ബാങ്ക് അക്കൗണ്ട് ആക്ടിവേറ്റ് ചെയ്യാന്‍ കഴിയുന്നവിധമാണ് സംവിധാനം. ട്രിപ്പിന് മുന്‍പായോ, പേയ്മെന്റ് നടത്താന്‍ ഉദ്ദേശിക്കുന്ന സ്ഥലത്ത് വച്ചോ ഇത് ചെയ്യാന്‍ സാധിക്കുന്ന വിധമാണ് പരിഷ്കാരം. ഇന്ത്യയ്ക്ക് പുറത്ത് ക്രെഡിറ്റ് കാര്‍ഡോ ഫോറിന് എക്സ്ചേഞ്ച് കാര്‍ഡോ ഉപയോഗിക്കാതെ തന്നെ ഇടപാട് നടത്താന്‍ കഴിയുംവിധമാണ് ക്രമീകരണം ഒരുക്കിയിരിക്കുന്നത് എന്നതുകൊണ്ട് തന്നെ വിദേശ യാത്ര നടത്തുന്നവര്‍ക്ക് ഇത് ഏറെ പ്രയോജനം ചെയ്യുമെന്നും ഫോണ്‍ പേ അറിയിച്ചു.