മൈസൂരു: നഗരത്തിലെ പൊതു സൈക്കിൾ ഷെയറിങ് പദ്ധതിയായ ട്രിൻ ട്രിൻ പുതിയ സംവിധാനങ്ങളോടെ വൈകാതെ വീണ്ടും പ്രവർത്തനസജ്ജമാകും. പദ്ധതി നടത്തിപ്പിന്റെ കരാർ ലഭിച്ച ഗുജറാത്ത് ആസ്ഥാനമായ സ്വകാര്യ കമ്പനി ഡോക്കിങ് സ്റ്റേഷനുകളിൽ പുതിയ സൈക്കിളുകൾ സജ്ജമാക്കിവരുകയാണ്.
ആറുവർഷം പൂർത്തിയായ ട്രിൻ ട്രിൻ പദ്ധതി ഈവർഷം മാർച്ച് 31-ന് താത്കാലികമായി നിർത്തിവെച്ചിരുന്നു. പുതിയ സൈക്കിളുകൾ സജ്ജമാക്കാനും ഡോക്കിങ് സ്റ്റേഷനുകൾ നവീകരിക്കാനും വേണ്ടിയായിരുന്നു നിർത്തിവെച്ചത്. നഗരത്തിലൊട്ടാകെയുള്ള 52 ഡോക്കിങ് സ്റ്റേഷനുകളിലായി നവീന സാങ്കേതികവിദ്യയിലുള്ള പുതിയ 1000 സൈക്കിളുകളാണ് ഏർപ്പെടുത്തുന്നത്.
നിലവിലെ ഡോക്കിങ് സ്റ്റേഷനുകൾക്ക് പുറമേ പുതിയ 48 ഡോക്കിങ് സ്റ്റേഷനുകൾകൂടി സ്ഥാപിക്കാനുള്ള നീക്കത്തിലാണ് അധികൃതർ. ഇതിനായി സ്ഥലം കണ്ടെത്തുന്ന നടപടി പുരോഗമിക്കുകയാണ്. നിലവിൽ, 30 ഗിയർ സൈക്കിളുകളുൾപ്പെടെ 450 സൈക്കിളുകളാണുള്ളത്. 2017 ജൂണിലാണ് ഗതാഗതവകുപ്പിന്റെ നഗരറോഡ് ഗതാഗത ഡിവിഷനുമായി ചേർന്ന് മൈസൂരു കോർപ്പറേഷൻ ട്രിൻ ട്രിൻ പദ്ധതി ആരംഭിച്ചത്. പദ്ധതിയുടെ നടത്തിപ്പുചുമതല ടെൻഡർ മുഖേനെ മൈസൂരുവിൽനിന്നുള്ള സ്വകാര്യ കമ്പനിക്ക് നൽകി.
കമ്പനിയുടെ കാലാവധി അവസാനിച്ചതോടെ പുതിയ ടെൻഡർ വിളിച്ച് ഗുജറാത്തിലെ കമ്പനിക്ക് അഞ്ചുവർഷത്തേക്ക് കരാർ നൽകുകയായിരുന്നു. നാലുകോടി രൂപയ്ക്കാണ് കരാർ നൽകിയത്.
അതേസമയം, ട്രിൻ ട്രിൻ ഉപയോക്താക്കൾക്കും മറ്റു സൈക്കിൾ യാത്രക്കാർക്കും സഞ്ചരിക്കാൻ പ്രത്യേക സിന്തറ്റിക് ട്രാക്ക് നിർമിക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്. ഇതിന്റെ ടെൻഡർ നടപടികൾ പൂർത്തിയായി. ആദ്യഘട്ടത്തിൽ നഗരത്തിലെ വിവിധ റോഡുകളിലായി 8.5 കിലോമീറ്റർ ദൈർഘ്യത്തിലാണ് സിന്തറ്റിക് ട്രാക്ക് നിർമിക്കുക.
ബെംഗളൂരു: ബെംഗളൂരുവിന്റെ വികസനത്തിൽ പൊതുജനത്തിനും പങ്കാളികളാകാൻ അവസരമൊരുക്കി സർക്കാർ. പുതിയതായി ആരംഭിക്കുന്ന വെബ്‌സൈറ്റിലൂടെയാണ് നഗരവികസനവുമായി ബന്ധപ്പെട്ട അഭിപ്രായങ്ങളും നിർദേശങ്ങളും പൊതുജനങ്ങൾക്ക് അറിയിക്കാവുന്നത്.
നഗരത്തിലെ ഗതാഗതപ്രശ്നം, മാലിന്യപ്രശ്നം, വെള്ളക്കെട്ട് മൂലമുണ്ടാകുന്ന ദുരിതങ്ങൾ തുടങ്ങിയവയെല്ലാം വെബ്‌സൈറ്റിലൂടെ അറിയിക്കാനാകും.
നഗര വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരുമായും വ്യവസായ മേഖലയിലെ പ്രമുഖരുമായും ചേർന്ന യോഗത്തിലാണ് ഈ തീരുമാനങ്ങൾ സ്വീകരിച്ചത്.
ചൊവ്വാഴ്ച ചേരുന്ന യോഗത്തിനു ശേഷമാകും വെബ്‌സൈറ്റ് ആരംഭിക്കുക.
നഗരവികസനവുമായി ബന്ധപ്പെട്ട് സർക്കാരിന് ഉപദേശങ്ങൾ നൽകാൻ പ്രത്യേകസമിതി രൂപവത്കരിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥരും വ്യവസായ രംഗത്തെ പ്രതിനിധികളും ഉൾപ്പെടുന്നതാകും പുതിയതായി രൂപവത്കരിക്കാൻ പോകുന്നസമിതി.
പുതിയ സർക്കാർ അധികാരത്തിലേറ്റതോടെ ബെംഗളൂരുവിന്റെ പഴയ പ്രതിച്ഛായ തിരികെ കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങളാണ് നടത്തിവരുന്നത്.
ബെംഗളൂരു നഗര വികസനത്തിൽ പങ്കാളികളാവാൻ അവസമൊരുക്കി കർണാടക സർക്കാർ
ബെംഗളൂരു നഗരവികസന മന്ത്രി കൂടിയായ ഡി.കെ. ശിവകുമാർ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നഗരത്തിലെ പ്രധാന പ്രശ്‌നങ്ങൾ വിലയിരുത്തിവരുകയാണ്. കനാൽ- അഴുക്കുചാൽ സംവിധാനങ്ങൾ കാര്യക്ഷമമാക്കിയാൽ നഗരത്തിൽ മഴക്കാലത്തുണ്ടാകുന്ന വെള്ളപ്പൊക്കം ഒരു പരിധി വരെ പരിഹരിക്കാൻ സാധിക്കുമെന്ന് നഗരവാസികൾ പറയുന്നു.
ഒരുകാലത്ത് തടാകങ്ങളാൽ സമൃദ്ധമായിരുന്ന ബെംഗളൂരുവിൽ ഇപ്പോൾ കുറച്ചു തടാകങ്ങൾ മാത്രമേ ഉള്ളൂ. നിലവിലുള്ള തടാകങ്ങളാകട്ടെ മാലിന്യ ഭീഷണിയിലുമാണ്. തടാകക്കരകളിൽ ആളുകൾക്ക് ഒഴിവു സമയം ചെലവഴിക്കാൻ സാധിക്കുന്ന സൗകര്യമൊരുക്കണമെന്ന് ആവശ്യമുയരുന്നുണ്ട്.
തടാകങ്ങളിൽ ബോട്ടിങ് ആരംഭിക്കണമെന്നും പാർക്കുകൾ നവീകരിച്ച് കൂടുതൽ സൗകര്യങ്ങൾ ഒരുക്കണമെന്നും നഗരവാസികൾ ആവശ്യപ്പെടുന്നു. സർക്കാർ ഉടൻ വെബ്‌സൈറ്റ് ആരംഭിക്കുമ്പോൾ ഈ കാര്യങ്ങളെല്ലാം ജനത്തിന് അറിയിക്കാനാകും.
ഗതാഗതക്കുരുക്കും മാലിന്യ പ്രശ്നവുമാണ് നഗരവാസികൾ നേരിടുന്ന പ്രധാന ദുരിതങ്ങൾ. ജനങ്ങളിൽ നിന്ന് അഭിപ്രായങ്ങൾ അറിഞ്ഞ ശേഷം നഗരത്തിന്റെ വികസനത്തിനു വേണ്ടി അടുത്ത ആറു മാസത്തിനകം മാസ്റ്റർ പ്ലാൻ തയ്യാറാക്കും. ഇതിന് ശേഷമാകും നവീകരണ പ്രവർത്തനങ്ങൾ ആരംഭിക്കുക.