ബെംഗളൂരു: ബെംഗളൂരുവിലെ ബന്നാർഘട്ട ദേശീയോദ്യാനത്തിൽ ആദിവാസിസ്ത്രീയെ കാട്ടാന ചവിട്ടിക്കൊന്നു. പ്രദേശത്തെ ഹക്കി പിക്കി ആദിവാസി വിഭാഗത്തിന്റെ കോളനിയിൽ താമസിക്കുന്ന നാഗമ്മ (45) ആണ് മരിച്ചത്. ശനിയാഴ്ച വൈകീട്ടാണ് സംഭവം. ബന്നാർഘട്ട ജൈവോദ്യാനത്തിന്റെ ഭാഗമായ വനത്തിലാണ് നാഗമ്മയെ കാട്ടാന ആക്രമിച്ചത്. ഹക്കി പിക്കി വിഭാഗക്കാരെ വനംവകുപ്പ് ഉദ്യാനത്തിൽ ജോലിക്ക് നിയോഗിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി നാഗമ്മയുടെ മകൻ കുമാര ഇവിടെ വാച്ചറായി ജോലി ചെയ്യുകയാണ്. രാത്രിയിൽ കാട്ടാനകളെ നിരീക്ഷിക്കുകയാണ് ജോലി. മകന് ഭക്ഷണവുമായി വരുന്ന വഴിക്കാണ് നാഗമ്മ ആനയുടെ മുമ്പിൽപ്പെട്ടതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. നാഗമ്മയോടൊപ്പം നാലുപേരുണ്ടായിരുന്നു. അവർ ഓടി രക്ഷപ്പെട്ടു. നാഗമ്മയുടെ കുടുംബത്തിന് നഷ്ടപരിഹാരം ലഭ്യമാക്കുമെന്നും അറിയിച്ചു.