ആര്‍ടിഒ ചെക്ക്പോസ്റ്റില്‍ പരിശോധനയ്ക്കെത്തിയ വിജലന്‍സ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചത് കൈക്കൂലിക്കൊപ്പം മുന്തിരിയും മാങ്ങയും പപ്പായയും. ഇരിട്ടി കൂട്ടുപുഴ ചെക്ക്പോസ്റ്റിലെ പരിശോധനയ്ക്കെത്തിയ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരായി ഇരുന്ന സമയത്താണ് പതിവ് രീതിയാണെന്ന് വിശദമാകുന്ന രീതിയില്‍ കൈക്കൂലിയായി പണം നല്‍കുന്നത് കണ്ടെത്തിയത്. ഓപ്പറേഷന്‍ ഭ്രഷ്ട് നിര്‍മൂലന്‍ അനുസരിച്ചായിരുന്നു വിജിലന്‍സ് സംഘത്തിന്റെ പരിശോധന.
രാവിലെ ആറിന് പരിശോധനയ്ക്ക് ചെക്ക് പോസ്റ്റിലെത്തിയപ്പോള്‍ എംവിഡി ഉദ്യോഗസ്ഥരുടെ കയ്യില്‍ അധികം പണമുണ്ടായിരുന്നില്ല. ഇതോടെയാണ് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ എംവിഡി ഉദ്യോഗസ്ഥരായി ചെക്ക് പോസ്റ്റില്‍ ഇരുന്നത്.
വലിയ ലോറിക്ക് 100 രൂപയും ചെറിയ ലോറിക്ക് 50 രൂപയും വീതം താമസിയാതെ തന്നെ വിജിലന്‍സ് സംഘത്തിന്‍ ലഭിക്കാന്‍ തുടങ്ങി. എന്തിനാണ് പണം നല്‍കുന്നതെന്ന ഉദ്യോഗസ്ഥരുടെ ചോദ്യത്തിന് പുതിയ ആള്‍ക്കാരാ അല്ലേയെന്നും ഇവിടുത്തെ പതിവിങ്ങനാണെന്നുമായിരുന്നു ലോറി ജീവനക്കാരുടെ മറുപടി.
ലോറി ഡ്രൈവര്‍മാര്‍ നല്‍കിയതായി കരുതുന്ന 2 കെട്ട് മുന്തിരി, 2 പപ്പായ, മാങ്ങകള്‍ എന്നിവയും ചെക്ക് പോസ്റ്റില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. രാവിലെ ആറുമണി മുതല്‍ നാലുമണിക്കൂര്‍ നീണ്ട പരിശോധനയില്‍ 1600 രൂപയാണ് ഇത്തരത്തില്‍ കൈക്കൂലിയായി ലഭിച്ചത്. ഈ സമയത്ത് രേഖകളുമായി ചെക്ക് പോസ്റ്റിലെത്തിയത് രണ്ട് പേര്‍ മാത്രമാണെന്നും വിജിലന്‍സ് വിശദമാക്കുന്നു.