ബംഗളൂരു: അടുത്ത ആറുമാസത്തേക്ക് സംസ്ഥാനത്ത് ട്രാന്‍സ്പോര്‍ട്ട് ജീവനക്കാരുടെ സമരം സര്‍ക്കാര്‍ നിരോധിച്ചു. കര്‍ണാടക അവശ്യ സര്‍വിസ് നിയമപ്രകാരമാണ് 2021 ഡിസംബര്‍ വരെ ആറുമാസത്തേക്ക് സംസ്ഥാനത്ത് ബസ് പണിമുടക്ക് നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് ഗതാഗത വകുപ്പ് പുറത്തിറക്കിയത്. കര്‍ണാടക ആര്.ടി.സി, ബി.എം.ടി.സി. എന്‍.ഡബ്ല്യു.കെ.ആര്.ടി.സി., എന്‍.ഇ.കെ.ആര്.ടി.സി എന്നീ നാലു ആര്.ടി.സികള്‍ക്കും ഉത്തരവ് ബാധകമായിരിക്കും.
ഒരോ ആറുമാസം കൂടുമ്ബോഴും അവശ്യ സര്‍വിസ് നിയമത്തില്‍ മാറ്റം വരുത്തുമെന്നും ഈ നിയമത്തില്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ബസ് സമരത്തിന് 2021 ജനുവരി മുതല്‍ ജൂണ്‍ വരെ നിരോധിച്ചതാണ്. ഇതാണിപ്പോള്‍ വീണ്ടും ആറുമാസത്തേക്ക് കൂടി നീട്ടിയതെന്ന് അധികൃതര്‍ അറിയിച്ചു. സമരവും പണിമുടക്കും നിേരാധിച്ചുകൊണ്ട് ഉത്തരവുണ്ടായിട്ടും ഇത് ലംഘിച്ചുകൊണ്ടാണ് കഴിഞ്ഞ ഏപ്രിലില്‍ 15 ദിവസം നീണ്ട ബസ് പണിമുടക്ക് സമരം നടന്നത്.
ഇതില്‍ ട്രാന്‍സ്പോര്‍ട്ട് കോര്പറേഷന് കനത്ത നഷ്ടമുണ്ടായിരുന്നു. പണിമുടക്കില്‍ ഒരു വിഭാഗം ജീവനക്കാരെ പുറത്താക്കുകയും സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പുറമെ അവശ്യ സര്‍വിസ് നിയമപ്രകാരം ഡ്യൂട്ടിക്ക് ഹാജരാകാത്ത ജീവനക്കാര്‍ക്കെതിരെ കേസും എടുത്തിരുന്നു.