ബെംഗളൂരു: ബെംഗളൂരു മൈസൂരു റൂട്ടിൽ ബുധനാഴ്ച രാവിലെ തീവണ്ടി സർവീസുകൾ നാലു മണിക്കൂറോളം തടസ്സപ്പെട്ടത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കി. കെങ്കേരിക്കും ഹെജ്ജാലയ്ക്കും ഇടയിൽ റെയിൽവേ അടിപ്പാതയുമായി ബന്ധപ്പെട്ട നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാകാത്തതിനെത്തുടർന്നാണ് തീവണ്ടി സർവീസുകൾ തടസ്സപ്പെട്ടത്. മൈസൂരുവിലേക്കുള്ള മൂന്നു തീവണ്ടികളെയും ബെംഗളൂരുവിലേക്കുള്ള നാലു തീവണ്ടികളെയുമാണ് ബാധിച്ചത്. മെമു എക്സ്‌പ്രസ്, മൈസൂരു ചെന്നൈ എക്സ്പ്രസ്, വിശ്വമാനവ എക്സ്പ്രസ് തുടങ്ങിയ തീവണ്ടികളെയാണ് ബാധിച്ചത്.
ബെംഗളൂരുവിലേക്ക് വരുകയായിരുന്ന ഒട്ടേറെ യാത്രക്കാർ ബിഡദി, രാമനഗര, കെങ്കേരി സ്റ്റേഷനുകളിലിറങ്ങി ബസിൽ കയറിവന്നു. ബിഡദിയിൽ വണ്ടി രണ്ടു മണിക്കൂറിലേറെ പിടിച്ചിട്ടതായി യാത്രക്കാർ പറഞ്ഞു. തീവണ്ടികൾ വൈകി ബെംഗളൂരുവിൽ എത്തിയതിനാൽ ഒട്ടേറെ ആളുകൾ ജോലി അവധിയാകു കയും ചെയ്തു. മംഗളൂരുവിൽനിന്ന് പുറപ്പെട്ട വണ്ടി പുലർച്ചെ മൂന്നിന് മൈസൂരുവിലെത്തിയെന്നും ഇവിടെനിന്ന് നാലിന് പുറപ്പെട്ട വണ്ടി രാവിലെ 11-നാണ് ബെംഗളൂരുവിലെത്തിയതെന്നും ഒരു യാത്രക്കാരി പറഞ്ഞു.
റെയിൽവേ അടിപ്പാതയുമായി ബന്ധപ്പെട്ട നിർമാണ പ്രവർത്തനങ്ങൾ ബുധനാഴ്ച രാവിലെ ആറിന് മുൻപ് പൂർത്തിയാക്കാ നായിരുന്നു ഉദ്ദേശിച്ചിരുന്നതെന്നും എന്നാൽ വൈകിയതിനാ ലാണ് വണ്ടികൾ പിടിച്ചിടേണ്ടി വന്നതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.