രാജ്യത്തെ തന്നെ ഞെട്ടിച്ച കോഴിക്കോട് എലത്തൂർ ട്രെയിൻ ആക്രമണവുമായി ബന്ധപ്പെട്ടുള്ള കൂടുതൽ വിവരങ്ങളും പ്രതിയെ സംബന്ധിച്ച നിർണായക സൂചനകളും ലഭിച്ചതാണ് ഇന്നത്തെ പ്രധാന വാർത്ത. നോയിഡ സ്വദേശിയായ ഷെഹറുഖ് സെയ്ഫഫിയാണ് കോഴിക്കോട് ട്രെയിൻ ആക്രമണ കേസിലെ പ്രതിയെന്ന സൂചനയാണ് പൊലീസിന് ലഭിച്ചത്. ഇയാൾ നോയിഡ സ്വദേശിയാണെന്ന് പൊലീസിന് വ്യക്തമായിട്ടുണ്ട്. കോഴിക്കോടാണ് താമസിച്ചിരുന്നത്. കെട്ടിട നിർമ്മാണ ജോലിക്കാരനായാണ് ഇവിടെ പണിയെടുത്തിരുന്നത്. പ്രതിയുടെ രേഖാചിത്രം പുറത്തുവിട്ടുള്ള അന്വേഷണത്തിലാണ് പൊലീസിന് പ്രതിയെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിച്ചത്. ഇതിന് പിന്നാലെ ഇയാളെ കണ്ടെത്താനായുള്ള പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. പ്രതിയെ പിടികൂടി ട്രെയിനിൽ ആക്രമണം നടത്തിയതിന്‍റെ കാരണമടക്കം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
എലത്തൂരിലെ ട്രെയിനിൽ തീ വെച്ച സംഭവം 18 അംഗ സംഘം അന്വേഷിക്കും. എഡിജിപി അജിത് കുമാർ അന്വേഷണത്തിന് നേതൃത്വം നൽകും. മലപ്പുറം ക്രൈം ബ്രാഞ്ച് എസ് പി വിക്രമനാണ് അന്വേഷണ ഉദ്യോഗസ്ഥൻ. ഇത് കൂടാതെ ക്രൈം ബ്രാഞ്ച് ലോക്കൽ പൊലീസ്, ആന്റി ടെററിസ്റ്റ് സ്ക്വാഡ് എന്നിവയിൽ നിന്നും അന്വേഷണ മികവുള്ള ഉദ്യോഗസ്ഥരെയാണ് അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഡിവൈഎസ്പി ബൈജു പൗലോസ്, കോഴിക്കോട് ടൗൺ അസിസ്റ്റന്റ് കമ്മീഷണർ ബിജുരാജ്, താനൂർ ഡിവൈഎസ്പി ബെന്നി എന്നിവരാണ് സംഘത്തിലുള്ളത്. ഇത് കൂടാതെ റെയിൽവേ ഇൻസ്പെക്ടർമാർ, ലോക്കൽ സബ് ഇൻസ്പെക്ടർമാർ എന്നിവരെയെല്ലാം ഈ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്
എലത്തൂരിൽ ഓടുന്ന ട്രെയിനിൽ തീ വെച്ച സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പരിശോധിക്കും. എൻഐഎ അന്വേഷണത്തിനും സാധ്യത. ഗൗരവമുള്ള വിഷയമെന്ന് റെയിൽവേ മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുമായി സംസാരിക്കുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. ഇന്നലെയാണ് ആലപ്പുഴ കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനിൽ ആക്രമണം നടന്നത്. സംഭവത്തിലെ പ്രതി നോയിഡ സ്വദേശിയായ ഷഹറുഖ് സെയ്ഫി എന്നയാളാണെന്ന് സൂചന ലഭിച്ചതായി പൊലീസ് വ്യക്തമാക്കി. പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ് പൊലീസ്. പ്രതിയുടെ രേഖാചിത്രം തയ്യാറാക്കി പരസ്യപ്പെടുത്തിയിട്ടുണ്ട്. അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചതായും നിർണായക തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും ഡിജിപി അനിൽകാന്ത് അറിയിച്ചിരുന്നു.
ആലപ്പുഴ- കണ്ണൂർ എക്സിക്ക്യൂട്ടീവ് ട്രെയിനിലുണ്ടായ തീവെപ്പിൽ മരിച്ച നൗഫീഖിന്റെ മൃതദേഹം വയോജന വിശ്രമ കേന്ദ്രത്തിൽ പൊതുദർശനത്തിനെത്തിച്ചു. നിരവധി പേരാണ് നൗഫീഖിനെ അവസാനമായി കാണാൻ വിശ്രമകേന്ദ്രത്തിലെത്തുന്നത്. പൊതുദർശനത്തിന് ശേഷം മൃതദേഹം കോടോളിപ്പുറത്തെ വീട്ടിൽ എത്തിക്കും. ശേഷം ഖബറടക്കം എടയന്നൂർ ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ നടക്കും. ഭാര്യ ബുഷ്റയും മൂന്ന് കുട്ടികളുമാണ് നൗഫീഖിനുള്ളത്. ഇന്നലെ രാവിലെ മലപ്പുറം ആക്കോട്ട് നോമ്പുതുറ പരിപാടിക്ക് പോയതായിരുന്നു നൗഫീഖ്. നോമ്പുതുറന്നതിന് ശേഷം തിരിച്ച് വരികയായിരുന്നു. ഭാര്യാ സഹോദരനോട് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കാത്തിരിക്കാനും ആവശ്യപ്പെട്ടിരുന്നു. വൈകീട്ട് വീട്ടിലേക്ക് തിരിച്ചെത്തുമെന്നാണ് കരുതിയിരുന്നത്. എന്നാൽ രാത്രി വൈകിയും തിരിച്ചെത്താത്തതിനാൽ അന്വേഷിച്ചിരുന്നു. ഇന്ന് പുലർച്ചെയാണ് നൗഫീഖിന്റെ മരണവിവരം ബന്ധുക്കളും നാട്ടുകാരും അറിഞ്ഞത്.