ബാംഗ്ലൂർ ഗതാഗത മുന്നറിയിപ്പുകൾ: ബെംഗളൂരു യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ റോഡ്, മെട്രോ പണികൾ പുരോഗമിക്കുന്ന സാഹചര്യത്തിൽ ഗതാഗതം തടസ്സപ്പെടുവാനും കാലതാമസം ഉണ്ടാകുവാനും സാധ്യതയുണ്ട്. മെട്രോ നിർമ്മാണവും റോഡ് വീതി കൂട്ടൽ പദ്ധതികളും നഗരത്തിലെ വിവിധ പ്രദേശങ്ങളെ ബാധിക്കുന്നതിനാൽ ബെംഗളൂരു ട്രാഫിക് പോലീസ് വിവിധയിടങ്ങളിലായി ഗതാഗത മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്
മെട്രോ നിർമ്മാണം നടക്കുന്ന കാരണം സേലം റെയിൽവേ പാലത്തിന് സമീപമുള്ള ഔട്ടർ റിംഗ് റോഡിൽ ഗതാഗതക്കുരുക്ക് പ്രതീക്ഷിക്കുന്നു. കൂടാതെ, മഹാദേവപുരയ്ക്കും മാറത്തഹള്ളിക്കും ഇടയിലുള്ള റൂട്ടിൽ ഗതാഗതത്തെ ബാധിക്കുന്ന വിധത്തിൽ തടസ്സങ്ങളുള്ളതിനാല് യാത്രക്കാർ മുൻകരുതലുകളെടുക്കേണ്ടതാണ്. മഹാദേവപൂരിൽ നിന്ന് മാറത്തഹള്ളിയിലേക്കും മാറത്തഹള്ളിയിൽ നിന്ന് മഹാദേവ്പൂരിലേക്കും ഉള്ള ഗതാഗതം മന്ദഗതിയിലായിരിക്കുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്
ഇത് കൂടാതെ, ബിബിഎംപിയുടെ റോഡ് വീതി കൂട്ടൽ ജോലികൾ പുരോഗമിക്കുന്ന പാണത്തൂർ റെയിൽവേ പാലം എസ് ക്രോസിലും ഗതാഗത തടസ്സങ്ങൾ ഉണ്ടായേക്കാം എന്ന് ബെംഗളൂരു പോലീസ് മറ്റൊരു ഗതാഗത മുന്നറിയിപ്പിൽ വിശദമാക്കിയിട്ടുണ്ട്.കോദണ്ഡരാമ ക്ഷേത്ര റോഡിനടുത്തുള്ള ദൊഡ്ഡനെഗുണ്ടി ഗ്രാമത്തിൽ, സിവിൽ ജോലികൾ നടക്കുന്നതിനാൽ ഇവിടെയും ഗതാഗത തടസ്സം നേരിടുന്നു. ഇതുവഴി യാത്ര ചെയ്യേണ്ടവർ ബദൽ റോഡുകൾ തിരഞ്ഞെടുത്താൽ യാത്ര സുഗമായിരിക്കും. കൂടാതെ,ബെല്ലന്ദൂർ കോടി മുതൽ സക്ര ആശുപത്രി വരെയുള്ള ഭാഗത്തും യാത്രകൾക്ക് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
സിൽക്ക് ബോർഡ്, കെആർ പുരം, വൈറ്റ്ഫീൽഡ്, മാറത്തഹള്ളി തുടങ്ങിയ സ്ഥലങ്ങൾ ബെംഗളൂരുവിൽ എല്ലായ്പ്പോഴും തിരക്കും ഗതാഗതക്കുരുക്കും അനുഭവപ്പെടുന്ന സ്ഥലങ്ങളാണ്. പീക്ക് സമയങ്ങളിലാണെങ്കിൽ ചെറിയ ദൂരം കടന്നുപോകാൻ പോലും പതിവിലും ഒരുപാട് കൂടുതൽ സമയം കാത്തുനിൽക്കേണ്ടിവരും.
വർദ്ധിച്ചുവരുന്ന വാഹനങ്ങളുടെ എണ്ണം, കുറഞ്ഞ റോഡുകൾ, ഇടുങ്ങിയ റോഡുകൾ, നിലവിലുള്ള അടിസ്ഥാന സൗകര്യ പദ്ധതികൾ തുടങ്ങിയാണ് നഗരത്തിലെ ഗതാഗതക്കുരുക്കിനുള്ള പ്രധാന കാരണങ്ങൾ. ചെറിയൊരു മഴ പെയ്താൽ പോലും താറുമാറാകുന്നതാണം ബെംഗളൂരുവിലെ ഗതാഗകം എന്നത് ഒരു രഹസ്യമല്ല. നഗരത്തിലെ കുപ്രസിദ്ധമായ ട്രാഫിക് ബ്ലോക്ക് ഒഴിവാക്കുവാനും യാത്രകൾ സുഗമമാക്കുവാനുമായി മെട്രോ വികസന പദ്ധതി, പുതിയ ഫ്ലൈഓവർ നിർമ്മാണങ്ങൾ, അതിവേഗ പാത, റോഡുകൾ, ബെംഗളൂരു സബർബൻ റെയിൽ പദ്ധതി കണക്റ്റിവിറ്റി എന്നിങ്ങനെ നിരവധി പദ്ധതികളാണ് പുരോഗമിക്കുന്നത്.
ട്രാഫിക് ബ്ലോക്ക് എങ്ങനെ ഒഴിവാക്കാം :യാത്രകൾ ക്രമീകരിക്കുകയോ പീക്ക് സമയത്തിന് മുൻപ് എത്തിച്ചേരുന്ന വിധത്തില് യാത്ര തുടങ്ങുകയോ ചെയ്യുന്നത് ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിനെ മറികടക്കാൻ പറ്റിയ വഴിയാണ്. രാവിലെ എട്ടര- ഒൻപത് മണി മുതൽ പത്തര വരെ മിക്ക റൂട്ടുകളിലും വൻ കുരുക്കാണ് അനുഭവപ്പെടുക. സാധ്യമെങ്കിൽ ഈ സമയത്തിനു മുൻപ് ഇറങ്ങുക.മറ്റൊന്ന് പകരം റൂട്ടുകൾ പരിഗണിക്കുകയാണ്. ഗതാഗത മുന്നറിയിപ്പുകൾ നല്കുന്ന സമയത്ത് നിര്‍ദ്ദേശിച്ചിരിക്കുന്ന ബദൽ റൂട്ടുകൾ യാത്രകള്‍ക്കായി തിരഞ്ഞെടുക്കുക. അല്ലെങ്കിൽ ഗൂഗിൾ മാപ്പ് പോലുള്ള ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് മികച്ച റൂട്ട് കണ്ടെത്തി പോവുകയും ചെയ്യാം