ബെംഗളൂരു: ഇത് എഐയുടെ കാലമാണെന്ന് പറയുന്നതിൽ ഒരു തെറ്റുമില്ല. അത്രയധികം മാറ്റങ്ങളാണ് പല രംഗത്തും എഐ കൊണ്ട് വരുന്നത്. എഐ ജോലികളിൽ വിപ്ലവം സൃഷ്‌ടിക്കുന്നതിനൊപ്പം, ജീവനക്കാരെ വീട്ടിലേക്ക് അയക്കുന്നതിലും മുന്നിലാണ്. ഇപ്പോൾ എഐയുമായി പൊരുത്തപ്പെടുന്ന വമ്പൻ കമ്പനികൾ ക്രമേണ തങ്ങളുടെ ജീവനക്കാരുടെ എണ്ണം കുറയ്ക്കുകയാണ്. ബെംഗളൂരുവിലെ ഐടി കമ്പനികളിലെ ജീവനക്കാർക്കും എഐയുടെ ചൂട് അറിഞ്ഞവരാണ്.
നേരത്തെ “ഓഫീസിലേക്ക് വരുന്നില്ല, വീട്ടിൽ നിന്ന് ജോലി ചെയ്യാം” എന്ന് പറഞ്ഞിരുന്നവർ, ഇപ്പോൾ എഐ കാരണം ജോലി നഷ്‌ടപ്പെടുമോ എന്ന ഭയവും കാരണം നിശബ്‌ദമായി ഓഫീസുകളിലേക്ക് വരുന്നതായി ഒരു റിപ്പോർട്ട് പറയുന്നു. എഐ വന്നതോടെ ജീവനക്കാരെ കൂടുതലായി ജോലിയിൽ നിന്ന് പിരിച്ചുവിടുന്നുണ്ട്. ജോലി അരക്ഷിതാവസ്ഥയുടെ ഭയം കാരണം ബെംഗളൂരുവിലെ ടെക് ജീവനക്കാർ കൂടുതലായി ഓഫീസുകളിൽ എത്തുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
പ്രത്യേകിച്ച് ബുധനാഴ്‌ച ദിവസങ്ങളിൽ ഭൂരിഭാഗം ജീവനക്കാരും ഓഫീസുകളിൽ പ്രത്യക്ഷപ്പെടുന്നു. ഇതുമൂലം ഓഫീസുകളിലെ ജീവനക്കാരുടെ ഹാജർനില വർധിക്കുന്നത് ഗതാഗതക്കുരുക്കിനും കാരണമായിട്ടുണ്ട്. പ്രത്യേകിച്ച്, ബെംഗളൂരുവിലെ പ്രധാന ടെക് കോറിഡോറായ ഔട്ടർ റിംഗ് റോഡിലെ 26 പ്രധാന ടെക് പാർക്കുകളിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ ജൂൺ മാസത്തിൽ വാഹനങ്ങളുടെ പ്രവേശനം 45 ശതമാനം വർധിച്ചിട്ടുണ്ട്.
അതിൽ ബുധനാഴ്‌ചകളിൽ വാഹനങ്ങളുടെ എണ്ണം ഏറ്റവും കൂടുതൽ വർധനവ് കണ്ടിട്ടുണ്ട്. കഴിഞ്ഞ ജൂണിൽ ഏകദേശം 82,000 വാഹനങ്ങളുടെ എൻട്രി രേഖപ്പെടുത്തിയിരുന്നെങ്കിൽ, ഈ വർഷം 1,20,000-ലധികം വാഹനങ്ങളുടെ വരവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതേ കാരണത്താൽ, ബെംഗളൂരു ട്രാഫിക് പോലീസ് അടുത്തിടെ ബുധനാഴ്‌ച ദിവസങ്ങളിൽ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം അനുവദിക്കണമെന്ന് അഭ്യർത്ഥിച്ചിരുന്നു.
കോവിഡ് വ്യാപനത്തിന് ശേഷം എല്ലാ കമ്പനികളും ജീവനക്കാർ വീട്ടിൽ നിന്ന് ജോലി ചെയ്യുന്ന (വർക്ക് ഫ്രം ഹോം) രീതി അവതരിപ്പിച്ചു. ഇതുമൂലം ജീവനക്കാർ വർഷങ്ങളോളം ഓഫീസുകളിലേക്ക് പോവാതെ വീട്ടിൽ നിന്ന് ജോലി ചെയ്യുന്നതിനോട് പൊരുത്തപ്പെട്ടു. ഇപ്പോഴും പല കമ്പനികൾ വീട്ടിൽ നിന്ന് ജോലി ചെയ്യാനുള്ള അവസരം നൽകിയിട്ടുണ്ടെങ്കിലും, ഓഫീസുകൾ ശൂന്യമായി കാണപ്പെടുന്നത് ഒഴിവാക്കാൻ ഹൈബ്രിഡ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.
ആഴ്‌ചയിൽ ചില ദിവസങ്ങൾ വീട്ടിൽ നിന്നും ബാക്കി ദിവസങ്ങൾ ഓഫീസിൽ നിന്നും ജോലി ചെയ്യിക്കുന്നു. എന്നാൽ, ഇപ്പോൾ എഐ കൂടുതലായി ഉപയോഗിക്കപ്പെടുന്നതിനാൽ, ജീവനക്കാരെ ജോലിയിൽ നിന്ന് പിരിച്ചുവിടുന്ന പ്രവണത വർധിച്ചിട്ടുണ്ട്. ഇതിനെ ഭയന്ന് ജീവനക്കാർ ഓഫീസിൽ വന്ന് ജോലി ചെയ്യുന്നു എന്നാണ് വിവിധ പഠനങ്ങൾ വെളിപ്പെടുത്തുന്നത്.മാത്രമല്ല വലിയ കമ്പനികൾ പോലും ആഴ്‌ചയിൽ കുറഞ്ഞത് നാല് ദിവസമെങ്കിലും ഓഫീസിൽ ഹാജർനില വർധിപ്പിച്ചിട്ടുണ്ട്. ഈ പ്രവണത ഔട്ടർ റിംഗ് റോഡ്, സർജാപൂർ റോഡ്, ഇലക്ട്രോണിക്‌സ് സിറ്റിയിലേക്കുള്ള റോഡുകൾ എന്നിവിടങ്ങളിൽ ഗതാഗതക്കുരുക്കിന് കാരണമായിട്ടുണ്ട്. അതാണ് എഐ പരോക്ഷമായി ബെംഗളൂരുവിലെ ട്രാഫിക് ജാമിന് കാരണമാവുന്നു എന്ന് പറയുന്നത്
തുടർന്ന് ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട ബെംഗളൂരു ട്രാഫിക് പോലീസും അധികാരികളും ഗതാഗതം സുഗമമാക്കാൻ ആഴ്‌ചയുടെ മധ്യത്തിൽ വീട്ടിൽ നിന്ന് ജോലി ചെയ്യുന്ന നയങ്ങൾ അല്ലെങ്കിൽ ഓഫീസ് സമയം മാറ്റാൻ നിർദ്ദേശിച്ചിട്ടുണ്ട്. ചില ടെക് കമ്പനികൾ ഹൈബ്രിഡ് നയങ്ങൾ സ്വീകരിച്ചിട്ടുണ്ട്. എന്നാൽ, നിലവിൽ ജീവനക്കാരുടെ മൊത്തത്തിലുള്ള മുൻഗണന അവരുടെ ജോലി നിലനിർത്തലിൽ ആയതിനാൽ ട്രാഫിക് ജാമിന്റെ പരിഹാരം കണ്ടറിയേണ്ടി വരും.