ബെംഗളൂരു : ബെംഗളൂരുവിലെ വോട്ടെണ്ണൽ കേന്ദ്രങ്ങൾക്കു സമീപത്തെ റോഡുകളിൽ ശനിയാഴ്ച ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി വിറ്റൽമല്യ റോഡിലെ സെയ്ന്റ് ജോസഫ്‌സ് ഇന്ത്യൻ ഹൈസ്കൂൾ, വസന്ത്നഗർ മൗണ്ട് കാർമൽ കോളേജ്, ബസവനഗുഡി ബി.എം.എസ്. വനിതാകോളേജ്, തിലക്നഗർ എസ്.എസ്.എം.ആർ.വി. കോളേജ്ദേവനഹള്ളി ആകാശ് ഇന്റർനാഷണൽ സ്കൂൾ എന്നീ വോട്ടെണ്ണൽ കേന്ദ്രങ്ങൾക്ക് സമീപത്താണ് ഗതാഗതനിയന്ത്രണം.
സിദ്ധലിംഗയ്യ സർക്കിളിൽനിന്ന് ആർ.ആർ.എം.ആർ., കസ്തൂർഭറോഡ് വരെയും ക്വീൻ സർക്കിൾമുതൽ സിദ്ധലിംഗയ്യ സർക്കിൾവരെയും ഗതാഗതം അനുവദിക്കില്ല. പകരം ലാവല്ലെ റോഡ്, എം.ജി. റോഡ് ഉപയോഗിക്കാം.
കൽപ്പന ജങ്ഷൻമുതൽ വസന്ത് നഗർ അണ്ടർപാസ് വരെയും വസന്ത്‌നഗർ അണ്ടർപാസ് മുതൽ മൗണ്ട് കാർമൽ കോളേജ് വരെയും ഗതാഗതം അനുവദിക്കില്ല. ചക്രവർത്തി ലേഔട്ടിൽനിന്നുള്ള വാഹനങ്ങൾക്ക് ഉദയ ടി.വി. ജങ്‌ഷൻ ഭാഗത്തേക്കും ഉദയ ടി.വി. ജങ്‌ഷൻ ഭാഗത്ത് നിന്നുള്ള വാഹനങ്ങൾക്ക് വസന്തനഗർ അണ്ടർപാസ് വഴി ബി.ഡി.എ. ഭാഗത്തേക്കും പോകാം. പാലസ് ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം.
ക്രോസ് റോഡ്, 22 മെയിൻ റോഡ്, 26 മെയിൻ റോഡ്, 28 മെയിൻ റോഡ് എന്നിവിടങ്ങളിൽ ഗതാഗതം അനുവദിക്കില്ല. പകരം ഈസ്റ്റ് എൻഡ് മെയിൻ റോഡ്, 32 ഇ ക്രോസ്, 39 ക്രോസ്,18 ജയനഗർ മെയിൻ റോഡ് എന്നിവ ഉപയോഗിക്കാം. വാഹനങ്ങൾ ശാലിനി ഗ്രൗണ്ടിലും ആർ.വി. കോളേജിലും പാർക്ക് ചെയ്യണം.
ഹയവദന ക്രോസ് മുതൽ കാമത്ത് ഹോട്ടൽ ജങ്ഷൻവരെയും ബുൾ ടെമ്പിൾ റോഡിലും ഗതാഗതം അനുവദിക്കില്ല. ബസവനഗുഡി റോഡ്, ബുൾ ടെമ്പിൾ റോഡ്, ഡി.വി.ജി. റോഡ്, ബഗിൾ റോക്ക്. ബഗിൾ റോക്ക് റോഡ്, രാമകൃഷ്ണ ആശ്രമ ജങ്ഷൻ എന്നിവിടങ്ങളിൽ പാർക്കിങ് പാടില്ല. ബസവനഗുഡി നാഷണൽ കോളേജ്, ഉദയബാനു മൈതാനം, കൊഹിനൂർ മൈതാനം എന്നിവിടങ്ങളിൽ പാർക്ക്, ദേവനഹള്ളി ബൈപ്പാസ്മുതൽ ദേവനഹള്ളി പുതിയ ബസ് സ്റ്റാൻഡ് വരെ, പുതിയ ബസ് സ്റ്റാൻഡ് മുതൽ ദേവനഹള്ളി ബൈപ്പാസ് വരെ, ഗിരിയമ്മ സർക്കിൾമുതൽ ബൈചാപുരവരെ ഗതാഗതം അനുവദിക്കില്ല. സൂളിപെലെഭാഗത്തുനിന്ന് ചിക്കബെല്ലാപുര ഭാഗത്തേക്കുള്ള വാഹനങ്ങൾക്ക് ദേശീയപാത 648 ഉപയോഗിക്കാം..
കർണാടക മഴക്കെടുതി; നാലുമരണം
മൈസൂരു: മാണ്ഡ്യ ജില്ലയിൽ മഴക്കെടുതിയെത്തുടർന്ന് നാലുപേർ മരിച്ചു. രണ്ടുപേർ മിന്നലേറ്റും മറ്റുള്ളവർ മരം കടപുഴകി വീണുമാണ് മരിച്ചത്.
മദ്ദൂർ താലൂക്കിലെ വൈദ്യനാഥപുരനിവാസി മധു (34), ശിവപുരനിവാസി ഗൗരമ്മ (60) എന്നിവരാണ് മിന്നലേറ്റ് മരിച്ചത്. വ്യാഴാഴ്ച അർധരാത്രി കനത്ത മഴ പെയ്യുന്നതിനിടെ മരത്തിനു കീഴിൽനിന്ന് മൊബൈൽ ഫോണിൽ സംസാരിക്കവേയാണ് മധുവിന് മിന്നലേറ്റത്.
ഭാര്യയെ അവരുടെ വീട്ടിൽ കൊണ്ടുവിട്ടശേഷം തിരികെ വരികയായിരുന്നു വൈദ്യനാഥപുര പാൽ ഉത്പാദക സഹകരണ സൊസൈറ്റി സെക്രട്ടറിയായ മധു. രണ്ടുവർഷം മുമ്പ് വിവാഹിതനായ മധുവിന് ഒമ്പതുമാസം പ്രായമുള്ള കുട്ടിയുണ്ട്. വീടിനുസമീപം നിൽക്കവേയാണ് ഗൗരമ്മയ്ക്ക് മിന്നലേറ്റത്. കുഴഞ്ഞുവീണ ഇവരെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
,കുരാലുനിവാസി പുഷ്പ (45), കലട്ടുരുനിവാസി കൃഷ്ണ (48) എന്നിവരാണ് മരം കടപുഴകി വീണതിനെത്തുടർന്ന് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയിലേക്കാണ് മരം വീണത്. ഓട്ടോ ഡ്രൈവർ ഷെരീഫ് പരിക്കേൽക്കാതെ രക്ഷപ്പെട്ടു. മരത്തിനടിയിൽപ്പെട്ട ഓട്ടോ പൂർണമായി തകർന്നു.
മഴയെത്തുടർന്ന് മദ്ദൂർ താലൂക്കിലെ വിവിധയിടങ്ങളിൽ വൈദ്യുതത്തൂണുകൾ തകർന്നുവീണു. ഇതേത്തുടർന്ന് വൈദ്യുതിവിതരണം തടസപ്പെട്ടു. മദ്ദൂർ ടൗണിലെ അംബേദ്കർ ഭവനുസമീപം മരം കടപുഴകി വീണതിനെത്തുടർന്ന് ബെംഗളൂരു-മൈസൂരു അതിവേഗപാതയുടെ സർവീസ് റോഡിൽ ഗതാഗതം തടസപ്പെട്ടു.
കൂടാതെ മഴയെത്തുടർന്ന് സർവീസ് റോഡിൽ വെള്ളക്കെട്ട് രൂപപ്പെടുകയും ചെയ്തു. അതിവേഗപാതയിൽ ചന്നപട്ടണ, രാമനഗര എന്നിവിടങ്ങളിൽ വെള്ളക്കെട്ട് ഉണ്ടായി.