Home തിരഞ്ഞെടുത്ത വാർത്തകൾ ബെംഗളൂരു ഔട്ടര്‍ റിംഗ് റോഡിലെ ഗതാഗത കുരുക്ക് ഉടൻ ഇല്ലാതാവും; കിലോമീറ്ററിന് 26.47 കോടി ചിലവില്‍ നവീകരിക്കും

ബെംഗളൂരു ഔട്ടര്‍ റിംഗ് റോഡിലെ ഗതാഗത കുരുക്ക് ഉടൻ ഇല്ലാതാവും; കിലോമീറ്ററിന് 26.47 കോടി ചിലവില്‍ നവീകരിക്കും

by admin

ബെംഗളൂരു: നഗരനിവാസികള്‍ക്ക് ആശ്വാസമാവുന്ന സുപ്രധാന വാർത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. സില്‍ക്ക് ബോർഡ് ജംഗ്ഷൻ മുതല്‍ കെആർ പുരം വരെയുള്ള ഔട്ടർ റിങ് റോഡ് 450 കോടി രൂപ ചെലവില്‍ നവീകരിക്കാൻ അനുമതി നല്‍കിയിരിക്കുകയാണ് ജിബിഎയുടെ സാങ്കേതിക സമിതി.പ്രധാന പാതയും സർവീസ് റോഡുകളും ഉള്‍പ്പെടുന്ന ഈ പദ്ധതിക്ക് ഒരു കിലോമീറ്ററിന് 26.47 കോടി രൂപ ചിലവ് വരുമെന്നാണ് കണക്കാക്കുന്നത്.ബെംഗളൂരു നഗരത്തില്‍ ഇതുവരെ നടപ്പാക്കിയ റോഡ് പുനർവികസന പദ്ധതികളില്‍ ഏറ്റവും ചെലവേറിയ ഒന്നായാണ് ഇത് കണക്കാക്കുന്നത്. 17.01 കിലോമീറ്റർ ദൈർഘ്യമുള്ള ഈ പാതയെ രണ്ട് ഭാഗങ്ങളായാണ് തിരിച്ചിരിക്കുന്നത്. സില്‍ക്ക് ബോർഡ് മുതല്‍ ഇബ്ലൂർ ജംഗ്ഷൻ വരെയുള്ള 5.44 കിലോമീറ്റർ ദൂരമാണ് ആദ്യത്തേത്, ഇതിന് മാത്രം 143 കോടി രൂപ ചിലവ് വന്നേക്കും.

ഇബ്ലൂർ ജംഗ്ഷൻ മുതല്‍ കെആർ പുരം വരെയുള്ള 11.57 കിലോമീറ്റർ വരുന്ന രണ്ടാം പാക്കേജിന് 307 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ഏറ്റവും ശ്രദ്ധേയമായ കാര്യം എന്തെന്നാല്‍ എച്ച്‌എസ്‌ആർ ലേഔട്ട്, അഗാര, ഇബ്ലൂർ, മാരത്തഹള്ളി ഉള്‍പ്പെടെ ആറ് പ്രധാന ജംഗ്ഷനുകളിലൂടെ കടന്നുപോകുന്ന ഈ റോഡ്, ബെംഗളൂരുവിലെ സാങ്കേതിക ഇടനാഴിയുടെ നെടുംതൂണാണ്.ഈ മേഖലയില്‍ ഏകദേശം 6.42 ലക്ഷം പേർ ജോലി ചെയ്യുന്നു എന്നാണ് കണക്കാക്കുന്നത്. ഇവരില്‍ പകുതിയോളം പേർ, അഥവാ 3.38 ലക്ഷം പേർ സ്വകാര്യ വാഹനങ്ങളിലാണ് യാത്ര ചെയ്യുന്നത്. ഇത് മേഖലയില്‍ ഉണ്ടാക്കുന്ന ഗതാഗത കുരുക്ക് വളരെ വലുതാണ്. അതിനെ ലഘൂകരിക്കാൻ വരാനിരിക്കുന്ന പദ്ധതിക്ക് സാധിക്കുമെന്നാണ് വിലയിരുത്തല്‍.ലഭ്യമായ ഡിപിആർ പ്രകാരം, പ്രധാന പാതയുടെ 35 ശതമാനവും സർവീസ് റോഡുകളുടെ 20 ശതമാവും നിലവില്‍ മോശം അവസ്ഥയില്‍ ആണുള്ളത്. ഇത് കൂടുതല്‍ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാര്യമാണ്. ബെംഗളൂരു നഗരത്തെ സംബന്ധിച്ചിടത്തോളം എന്നും അപവാദമായി നില്‍ക്കുന്നത് റോഡുകളുടെ മോശം അവസ്ഥയും മറ്റുമാണ്.അതിനിടെ നഗരത്തിലെ റോഡുകള്‍ക്ക് ആവർത്തിച്ചുണ്ടാകുന്ന കേടുപാടുകള്‍ പരിഹരിക്കാൻ, സാധാരണ ടാറിംഗിന് പകരം ഫുള്‍ ഡെപ്ത്ത് റീക്ലമേഷൻ (എഫ്‌ഡിആർ) സാങ്കേതികവിദ്യ ഉപയോഗിക്കാൻ സാങ്കേതിക സമിതി ശുപാർശ ചെയ്‌തിട്ടുണ്ട്‌. നിലവിലുള്ള റോഡ് പാളികള്‍ പൊടിച്ച്‌ ബൈൻഡറുകള്‍ ചേർത്ത് ഉറപ്പിച്ച്‌ പുതിയ അടിത്തറ രൂപപ്പെടുത്തുന്നതാണ് ഈ സംവിധാനം. ബെംഗളൂരുവില്‍ ഇത്രയും വലിയ തോതില്‍ ഈ രീതി പരീക്ഷിക്കുന്നത് അപൂർവമാണ്.റോഡിന്റെ ശേഷി വർധിപ്പിക്കാൻ, ഒരു അധിക ഗതാഗത പാതയ്ക്കായി നിലവിലുള്ള ബസ് സ്‌റ്റോപ്പുകളും നീക്കം ചെയ്യും. റോഡിന്റെ പകുതിയിലെ ബസ് സ്‌റ്റോപ്പുകള്‍ കാല്‍നടപ്പാതയുടെ വശത്തേക്ക് മാറ്റും. ഭൂമി ഏറ്റെടുക്കലിലെയും അതിരുകളിലെയും പ്രശ്‌നങ്ങളുണ്ടെങ്കിലും, ഏകീകൃതവും വീതിയേറിയതുമായ കാല്‍നടപ്പാതകളും തുടർച്ചയായ സൈക്കിള്‍ ട്രാക്കുകളും ഉള്‍പ്പെടുത്താന്നും സമിതി നിർദ്ദേശിച്ചിട്ടുണ്ട്.അതേസമയം, ഒആർആറിലെ ഗതാഗതക്കുരുക്കും റോഡിന്റെ ഗുണനിലവാരവും മോശമാണെന്ന് ഐടി കമ്പനികള്‍ ആവർത്തിച്ച്‌ പരാതി നല്‍കിയതിനെത്തുടർന്ന്, മുൻഗണനാക്രമത്തില്‍ ഇടപെടല്‍ എന്ന നിലയില്‍ റോഡ് നവീകരണ പദ്ധതി ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ നിർദ്ദേശിച്ചിരുന്നു. അതിന്റെ ഭാഗമായാണ് നടപടിക്രമങ്ങള്‍ വേഗത്തിലാവുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group