ബെംഗളൂരു ∙ നഗരത്തിലെ പ്രധാന വ്യാപാര ഇടങ്ങൾ സ്ഥിതിചെയ്യുന്ന സെൻട്രൽ ബിസിനസ് ഡിസ്ട്രിക്ടിലെ തിരക്ക് നിയന്ത്രിക്കാൻ അവധിദിവസങ്ങളിൽ കബ്ബൺ പാർക്കിലൂടെ വാഹനഗതാഗതം അനുവദിച്ച് ട്രാഫിക് പൊലീസ് പരീക്ഷണം നടത്തും. രണ്ടും നാലും ശനിയാഴ്ചകളിലും പൊതുഅവധി ദിവസങ്ങളിലും രാത്രി 7 മുതൽ 10 വരെ നടത്തുന്ന പരീക്ഷണം 3 മാസം നീണ്ടുനിൽക്കും. ചീഫ് സെക്രട്ടറി ശാലിനി രജനീഷിന്റെ അധ്യക്ഷതയിൽ ഹോർട്ടികൾചർ, ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥർ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.
ശനിയാഴ്ച രാത്രികളിലെ നിയന്ത്രണാതീതമായ ഗതാഗതക്കുരുക്ക് പരിഹരിക്കുകയാണ് ലക്ഷ്യം. എംജി റോഡ്, അംബേദ്കർ റോഡ് എന്നിവിടങ്ങളിലെല്ലാം പ്രശ്നം രൂക്ഷമാണ്. എന്നാൽ, ഈ സമയത്ത് കബൺ പാർക്കിൽ അധികം സന്ദർശകരുണ്ടാകാറില്ല. അതു കണക്കിലെടുത്താണ് നടപടി. പരീക്ഷണകാലത്തെ വാഹനഗതാഗതം ഉദ്യോഗസ്ഥർ നിരീക്ഷിക്കും. അതിന്റെ അടിസ്ഥാനത്തിലാകും അന്തിമ തീരുമാനമെടുക്കുക.
പ്രതിഷേധവും ഉയരുന്നു
നടപടിക്കെതിരെ പ്രതിഷേധവുമായി പാർക്കിലെ വോക്കേഴ്സ് അസോസിയേഷനും പരിസ്ഥിതി സംഘടനകളും രംഗത്തെത്തി. വാഹനങ്ങൾ പാർക്കിലേക്കു കടക്കുന്നത് വായു മലിനീകരണത്തിനു കാരണമാകുമെന്ന് അവർ ചൂണ്ടിക്കാട്ടി. പാർക്കിലെ സമാധാനപരമായ അന്തരീക്ഷം തകരുമെന്നും അതു പക്ഷിമൃഗാദികളുടെ സ്വൈരവിഹാരത്തെ തടയുമെന്നും അവർ അറിയിച്ചു. നടപടിയിൽ നിന്നു പിന്മാറിയില്ലെങ്കിൽ ഓൺലൈൻ പ്രചാരണം ഉൾപ്പെടെ ആരംഭിക്കുമെന്നും സംഘടനകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
എഐ ക്യാമറകളുമായി ഗതാഗത വകുപ്പും
ട്രാഫിക് പൊലീസിനു പിന്നാലെ നഗരത്തിലെ ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താൻ നിർമിത ബുദ്ധി ക്യാമറകൾ ഉപയോഗിക്കാൻ തയാറെടുക്കുകയാണ് ഗതാഗത വകുപ്പും. ആദ്യഘട്ടത്തിൽ, ദേശീയപാതയിൽ അപകടങ്ങൾ പതിവായ മേഖലകളിലാകും അവ സ്ഥാപിക്കുക. അതിനുള്ള കരാർ ക്ഷണിച്ചിട്ടുണ്ട്. അനുവദനീയമായ വേഗപരിധി ലംഘിക്കുക, ഹെൽമറ്റ് ധരിക്കാതിരിക്കുക, കാറുകളിൽ സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കുക, സിഗ്‌നലുകൾ ലംഘിക്കുക എന്നിവയെല്ലാം ക്യാമറ കണ്ടെത്തും. വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ തിരിച്ചറിയാനുള്ള സംവിധാനം ഉൾപ്പെടെ അതിന്റെ ഭാഗമായുണ്ടെന്ന് അധികൃതർ അറിയിച്ചു.