കയ്റോ: ഈജിപ്തിലെ വിദ്യാർത്ഥിനിയുടെ വയറ്റില്‍ കുടുങ്ങിയ ടൂത്ത് ബ്രഷ് മൂന്നു മാസത്തിനു ശേഷം പുറത്തെടുത്തു. അത്താഴം കഴിക്കുന്നതിനിടയില്‍ തൊണ്ടയില്‍ ഒരു കഷ്ണം കുടുങ്ങിയതിനെ തുടർന്ന്, 18 സെന്‍റീമീറ്റർ നീളമുള്ള ടൂത്ത് ബ്രഷ് ഉപയോഗിച്ച് അത് തള്ളിവിടാൻ ശ്രമിച്ചതാണ് വിദ്യാർത്ഥിനിക്ക് വിനയായത്.
ബ്രഷ് അബദ്ധത്തില്‍ ആമാശയത്തിലേക്ക് എത്തിച്ചേർന്നു. ഇത് ശ്വാസനാളവും അന്നനാളവും നേര്‍ദിശയിലാകാനും ബ്രഷ് ആമാശയത്തിലേക്ക് വഴുതിനീങ്ങാനും കാരണമായി.
മൂന്ന് മാസത്തോളം ബ്രഷ് ആമാശയത്തില്‍ തങ്ങിനിന്നു. ഇതോടെ വിദ്യാർത്ഥിനിക്ക് കടുത്ത വയറുവേദന അനുഭവപ്പെട്ടു. ദൈനംദിന ജീവിതത്തെ ബാധിച്ച ഈ അസ്വസ്ഥതകള്‍ കാരണം വിദ്യാർത്ഥിനി ഡോക്ടറെ സമീപിച്ചു. വിശദമായ പരിശോധനയില്‍ ബ്രഷ് ആമാശയത്തില്‍ കുടുങ്ങിയിരിക്കുന്നതായി ഡോക്ടർമാർ കണ്ടെത്തി. തുടർന്ന് നടത്തിയ സങ്കീർണമായ ശസ്ത്രക്രിയയിലൂടെ ഡോക്ടർമാർക്ക് ബ്രഷ് വിജയകരമായി പുറത്തെടുക്കുകയായിരുന്നു.