ബെംഗളൂരു: ബെംഗളൂരു -മൈസൂരു അതിവേഗപ്പാതയിൽ ടോൾ നിരക്കിൽ 22 ശതമാനം വർധന നിലവിൽവന്നു. രണ്ടു മാസം മുമ്പ് നിരക്ക് ഉയർത്തി ദേശീയ പാതാ അതോറിറ്റി ഓഫ് ഇന്ത്യ (എൻ.എച്ച്.എ.ഐ.) ഉത്തരവിറക്കിയെങ്കിലും പ്രതിഷേധത്തെത്തുടർന്ന് നടപ്പാക്കിയിരുന്നില്ല. മാർച്ച് 12-ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അതിവേഗപ്പാത ഉദ്ഘാടനം ചെയ്തത്. ഉയർന്ന ടോൾ നിരക്കിനെതിരേ യാത്രക്കാർ പ്രതിഷേധിച്ചു.
പുതുക്കിയ നിരക്ക്
കാർ, ജീപ്പ്, വാൻ: ഒരു വശത്തേക്ക് 135 രൂപയായിരുന്നത് 165 രൂപയായി. തിരിച്ചുള്ള യാത്രക്ക് 205 രൂപയായിരുന്നത് 250 രൂപയായി.
ചെറിയ വാണിജ്യ-ചരക്ക് വാഹനങ്ങൾ: ഒരു വശത്തേക്ക് 220 രൂപയായിരുന്നത് 270 രൂപയായി. തിരിച്ചുള്ള യാത്രയ്ക്ക് 330 രൂപയായിരുന്നത് 405 രൂപയായി
ബസ്, ട്രക്ക് (രണ്ട് ആക്സിൽ): ഒരുവശത്തേക്ക് 460 രൂപയായിരുന്നത് 565 രൂപയും തിരിച്ചുള്ള യാത്രക്ക് 690 രൂപയായിരുന്നത് 850 രൂപയുമായി.
വാണിജ്യ വാഹനങ്ങൾ (മൂന്ന് ആക്‌സിൽ): ഒരുവശത്തേക്ക് 500 രൂപയായിരുന്നത് 615 രൂപയും തിരിച്ചുള്ള യാത്രക്ക് 750 രൂപയായിരുന്നത് 925 രൂപയുമായി.
നാലു മുതൽ ആറുവരെ ആക്സിലുള്ള വാഹനങ്ങൾ: ഒരു വശത്തേക്ക് 720 രൂപയായിരുന്നത് 885 രൂപയും തിരിച്ചുള്ള യാത്രയ്ക്ക് 1,080 രൂപയായിരുന്നത് 1330 രൂപയുമായി.