ചെന്നൈ: കാവേരി നദീ ജലം തമിഴ്നാടിന് വിട്ടുകൊടുക്കുന്നതിനെതിരെ ബെംഗളൂരുവില്‍ ബന്ദ് പുരോഗമിക്കുന്നതിനിടെ തമിഴ്നാട്ടിലെ വിവിധയിടങ്ങളിലും കര്‍ഷകരുടെ പ്രതിഷേധം ശക്തമാകുന്നു. വെള്ളം വിട്ടുകൊടുക്കുന്നതിനെതിരെ കര്‍ണാടകയില്‍ നടക്കുന്ന സമരങ്ങള്‍ക്കെതിരായിട്ടാണ് കാവേരി നദീ ജലം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട്ടിലെ കര്‍ഷകര്‍ വ്യാപക പ്രതിഷേധവുമായി രംഗത്തെത്തിയത്. തഞ്ചാവൂരിലെ കര്‍ഷകര്‍ തഞ്ചാവൂര്‍ ജില്ല കലക്ടറുടെ ഓഫീസിന് മുന്നില്‍ ബലിതര്‍പ്പണം നടത്തിയാണ് പ്രതിഷേധിച്ചത്.
കൃഷിയിറക്കുന്നതിനായി കാവേരി വെള്ളം ലഭ്യമാക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു. തമിഴ്നാട്ടിലെ തിരുച്ചറപ്പള്ളിയില്‍ ചത്ത എലിയെ കടിച്ചുപിടിച്ചുകൊണ്ടാണ് ഒരുകൂട്ടം കര്‍ഷകര്‍ പ്രതിഷേധ സമരം നടത്തിയത്. ബന്ദിനെതിരെ നടപടിയെടുക്കാതെ മൗനം പാലിക്കുന്ന കര്‍ണാടക സര്‍ക്കാര്‍ നിലപാടിനെതിരെയും കര്‍ണാടകയില്‍നിന്ന് തമിഴ്നാട്ടിലേക്ക് കാവേരി നദീ ജലം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് കര്‍ഷകര്‍ എലിയെ കടിച്ചുപിടിച്ചുകൊണ്ട് അസാധാരണമായ രീതിയില്‍ പ്രതിഷേധിച്ചത്. തമിഴ്നാട്ടിലെ മറ്റുപലഭാഗങ്ങളിലും പ്രതിഷേധം നടന്നു.
ഇതിനിടെ കര്‍ണാടകയിലെ രാമനഗര ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലും കന്നട അനുകൂല സംഘടനകളും പ്രതിഷേധം തുടരുകയാണ്. രാമനഗരയില്‍ കര്‍ണാടക രക്ഷണ വേദികെയുടെ നേതൃത്വത്തില്‍ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍റെ ചിത്രവുമായി പ്രതീകാത്മക സംസ്കാര ചടങ്ങൊരുക്കിയാണ് പ്രതിഷേധിച്ചത്. ബെംഗളൂരുവിലെ ബന്ദിനിടെയും വിവിധ പ്രതിഷേധ പരിപാടി നടന്നു.നേരത്തെ തമിഴ്നാടിന് കാവേരി ജലം വിട്ടുനല്‍കുന്നതിനെതിരെ ബെംഗളൂരുവില്‍ നടത്തുന്ന ബന്ദ് നിര്‍ത്തിവെക്കണമെന്ന് തമിഴ്നാട് കാവേരി കര്‍ഷക അസോസിയേഷന്‍ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യമുന്നയിച്ച് ചെന്നൈയിലെ മറീന ബീച്ചില്‍ തമിഴ്നാട് കാവേരി കര്‍ഷക അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി പി.ആര്‍ പാണ്ഡിയന്‍റെ നേതൃത്വത്തില്‍ കര്‍ഷകര്‍ പ്രതിഷേധ പരിപാടിയും നടത്തിയിരുന്നു.
കര്‍ണാടകയില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ സുപ്രീം കോടതി ഉത്തരവിന്‍റെ ലംഘനമാണെന്നും വരള്‍ച്ചയെതുടര്‍ന്ന് 15 ഏക്കറിലധികം വരുന്ന കൃഷിസ്ഥലത്ത് നെല്‍കൃഷി നടത്താന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്നും പി.ആര്‍ പാണ്ഡിയന്‍ പറഞ്ഞു.
ചൊവ്വാഴ്ചത്തെ ബന്ദിനോട് മൗനം പാലിക്കുന്ന കര്‍ണാടക സര്‍ക്കാര്‍ നടപടി തെറ്റാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ കേന്ദ്രത്തെ അറിയിക്കണമെന്നും പി.ആര്‍ പാണ്ഡിയന്‍ ആവശ്യപ്പെട്ടു. പ്രതിഷേധിച്ച കര്‍ഷകരെ അറസ്റ്റ് ചെയ്താണ് പോലീസ് നീക്കിയത്. സെപ്റ്റംബർ 13 മുതൽ 27വരെ 15 ദിവസത്തിൽ കർണാടക തമിഴ്നാടിന് 5000 ഘന അടി കാവേരി വെള്ളം നൽകണമെന്നാണ് സി.ഡബ്ല്യൂ.എം.എ ഉത്തരവ്. സംസ്ഥാനം വൻ വരൾച്ച നേരിടുകയാണെന്നും ഇത്തവണ തമിഴ്നാടിന് കനത്ത മഴ ലഭിച്ചപ്പോൾ കർണാടകക്ക് മതിയായ മഴ ലഭിച്ചിട്ടില്ലെന്നും ഇതിനാൽ വെള്ളം നൽകാൻ കഴിയാത്ത സാഹചര്യമാണെന്നുമാണ് കർണാടകയുടെ നിലപാട്. വിഷയത്തിൽ ഇടപെടാനാകില്ലെന്ന് കർണാടകയുടെ ഹരജി പരിഗണിച്ച് സുപ്രീംകോടതി പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് കര്‍ണാടകയില്‍ സമരം ശക്തമായത്. കാവേരി വെള്ളം തമിഴ്നാടിന് വിട്ടുകൊടുക്കുന്നതിനെതിരെ കര്‍ണാടകയില്‍ സമരം ശക്തമായതോടെ ഇതിനെതിരെയായി തമിഴ്നാട്ടിലും കര്‍ഷകരുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസങ്ങളിലായി പലയിടത്തായി പ്രതിഷേധ പരിപാടികള്‍ നടന്നു.