ഹൈദരാബാദ്: തിരുമല തിരുപ്പതി ബാലാജി ക്ഷേത്രത്തിലേക്ക് ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ക്ക് ക്ഷേത്രം അധികൃതര്‍ പുതിയ നിര്‍ദേശം നല്‍കി. ക്ഷേത്രത്തിലേക്ക് പോകുന്നതിനിടെ വന്യമൃഗങ്ങളുടെ ആക്രമണമുണ്ടായാല്‍ സ്വയം പ്രതിരോധിക്കാന്‍ ഓരോ ഭക്തരും ഒരു വടി കരുതാനാണ് നിര്‍ദേശം.
കഴിഞ്ഞയാഴ്ച ക്ഷേത്രത്തിലേക്കുള്ള വഴിയില്‍ 6 വയസ്സുകാരി പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതോടെയാണ് അധികൃതരുടെ നിര്‍ദേശം. ക്ഷേത്രം അധികൃതര്‍ തന്നെ വടി നല്‍കും.എല്ലാവര്‍ക്കും വീതം ഓരോ വടി നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) ചെയര്‍പേഴ്സണ്‍ ബി കരുണാകര്‍ റെഡ്ഡി പറഞ്ഞു.
കാല്‍നട പാതയിലൂടെ ക്ഷേത്രത്തിലേക്ക് പോകുന്ന തീര്‍ഥാടകര്‍ ഇനി മുതല്‍ 100 പേര്‍ ഉള്‍പ്പെടുന്ന ബാച്ചുകളായി ഒരു സുരക്ഷാ ജീവനക്കാരന്റെ അകമ്ബടിയോടെ പോകണമെന്നും അദ്ദേഹം പറഞ്ഞു. വന്യമൃഗങ്ങളെ ആകര്‍ഷിക്കാതിരിക്കാന്‍ ഭക്തജനങ്ങളും റൂട്ടിലെ ഭക്ഷണശാലകളും മാലിന്യം തള്ളരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കുരങ്ങുകള്‍ക്ക് ഭക്ഷണം നല്‍കുന്നത് കര്‍ശനമായി വിലക്കിയിട്ടുണ്ടെന്നും ടിടിഡി ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ക്ഷേത്രം സംരക്ഷിത വനമേഖലയിലായതുകൊണ്ട് കാല്‍നടയാത്രക്കാരുടെ സംരക്ഷണത്തിനായി വേലി കെട്ടാനുള്ള അനുമതിക്കായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് അപേക്ഷ നല്‍കിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതേസമയം, അധികൃതരുടെ പുതിയ നിര്‍ദേശങ്ങള്‍ ഭക്തരെ ബുദ്ധിമുട്ടിക്കുന്നതാണെന്നും ക്ഷേത്ര ദര്‍ശനത്തിനായി മണിക്കൂറുകള്‍ കാത്തിരിക്കേണ്ടി വരുന്നുണെന്നും ഭക്തര്‍ പറയുന്നു.
തീര്‍ഥാടകരെ നിയന്ത്രിക്കുന്നതിന് പകരം അവര്‍ കൂടുതല്‍ സുരക്ഷയൊരുക്കകുകയോ പാതയില്‍ വേലി കെട്ടുകയോ ചെയ്യണമെന്നും ഭക്തര്‍ അഭിപ്രായപ്പെട്ടു. കാല്‍നടയാത്രക്കാരുടെ പാതയ്ക്ക് ചുറ്റും 30 മീറ്ററോളം ദൃശ്യപരതയുള്ള തരത്തില്‍ ഫോക്കസ് ലൈറ്റുകള്‍ സ്ഥാപിക്കുന്നുണ്ട്. ഏഴാം മൈല്‍, ഗാലിഗോപുരം, അലിപ്പിരി, മറ്റ് പ്രധാന പോയിന്റുകള്‍ എന്നിവിടങ്ങളില്‍ വന്യമൃഗങ്ങളുടെ ആക്രമണ മുന്നറിയിപ്പ് ബോര്‍ഡുകളും സ്ഥാപിക്കും.